മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഒരേപോലെ ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം ചില അഭിനേതാക്കളില്‍ ഒരാള്‍. വരനെ ആവശ്യമുണ്ട്, പുത്തൻപുതു കാലൈ, സൂരറൈ പോട്ര്, മൂക്കുത്തി അമ്മൻ എന്നീ സിനിമകളിലെ അതിഗംഭീര പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഉർവശി എന്ന നടി വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ലേഡി മോഹൻലാൽ എന്നാണ് പലരും ഉർവശിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ വിശേഷണം ഉർവശിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read More: മായമില്ല, മന്ത്രമില്ല… അഭിനയവഴികള്‍ പറഞ്ഞ് ഉര്‍വശി

“ഉർവശിയെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവർക്ക് അവരുടേതായ ശൈലിയുണ്ട്. മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ. ഉർവശിക്ക് ഉർവശിയുടേതായ വ്യക്തിത്വവും മോഹൻലാലിന് മോഹൻലാലിന്റേതായ വ്യക്തിത്വവുമുണ്ട്. മോഹൻലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉർവശി. ഇരുവരും ഒരേ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. ലേഡി മോഹൻലാൽ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണ്,” സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.

ഉർവശിയ്ക്ക് സിനിമയോടുള്ള അർപ്പണ ബോധം കണ്ടു പഠിക്കേണ്ടതാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഉർവശിയുടെ തിരിച്ചുവരവിന് കാരണമായ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിന്റെ കഥയുമായി ഉർവശിയെ സമീപിച്ച അനുഭവവും അദ്ദേഹം പങ്കുവച്ചു.

Read More: ഓടിച്ചിട്ട്‌ എടുത്ത ഓണപ്പടം; ‘തലയണമന്ത്രം’ ഓർമകളിൽ സത്യൻ അന്തിക്കാട്

“ഉർവശി സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ച് എട്ടു വർഷത്തിന് ശേഷമാണ് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമ ഉണ്ടാകുന്നത്. ആ സിനിമ തീരുമാനിച്ചപ്പോൾ എന്റെ മനസിൽ തോന്നിയ രണ്ട് കാസ്റ്റിങ് അമ്മയായി ഉർവശിയും മകളായി മീരാ ജാസ്മിനുമാണ്. അതിനും ഒരു വർഷം മുൻപ് മറ്റൊരു സിനിമയ്ക്കായി ഉർവശിയെ വിളിച്ചപ്പോൾ, കുഞ്ഞിനെ നോക്കാനുണ്ട് എന്നൊക്കെ പറഞ്ഞ് ഉർവശി സിനിമയോട് നോ പറഞ്ഞു. ‘അച്ചുവിന്റെ അമ്മ’യെ കുറിച്ച് ഫോണിലൂടെയല്ല, ചെന്നൈയിൽ നേരിട്ട് പോയാണ് സംസാരിച്ചത്. നോ എന്നാണ് പറയുന്നതെങ്കിലും നേരിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞോട്ടെ. അവിടെ എത്തി ഉർവശിയെ കണ്ടു. മകൾ കുറച്ച് വലുതായി വേണമെങ്കിൽ സിനിമയിലേക്ക് തിരിച്ചുവരാവുന്ന സമയമാണ്. കഥ പറയുന്നതിനും മുൻപ് ഉർവശിയോട് ഞാൻ പറഞ്ഞു, സിനിമയിൽ മീരാ ജാസ്മിന്റെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടത് എന്ന്. എട്ട് കൊല്ലം മുൻപ് വരെ നായികയായി അഭിനയിച്ച ആളാണ്. അന്ന് ഉർവശി എന്നോട് പറഞ്ഞ മറുപടി ഇങ്ങനെയാണ് ‘സത്യേട്ടന്റെ സിനിമയിൽ സുകുമാരിചേച്ചിയുടെ അമ്മയായി അഭിനയിക്കാനും ഞാൻ തയ്യാറാണ്. കാരണം ആ അമ്മയ്ക്ക് സിനിമയിൽ പ്രാധാന്യം ഉണ്ടാകും എന്നെനിക്കറിയാം. അതു കൊണ്ടല്ലേ സത്യേട്ടൻ എന്നെ കാണാൻ ഇത്രയും ദൂരം വന്നത്,’ എന്ന്. ഒരു അഭിനേതാവിന് സംവിധായകനിലുള്ള വിശ്വാസമാണത്.”

ഇമേജിനെ ഭയക്കുന്ന ഒരു നടിയല്ല ഉർവശി. എന്തു വേഷവും ചെയ്യാൻ അവർ തയ്യാറാണ്. ഒരു നല്ല കഥയുടെ ഭാഗമാവാനാണ് അവർ ശ്രമിക്കുന്നത്. ‘തലയണമന്ത്ര’ത്തിന്റെ ഓരോ സീൻ എടുക്കുമ്പോഴും പുറകിൽ നിന്ന് ജയറാം പറയും ഇത്തവണത്തെ സ്റ്റേറ്റ് അവാർഡ് അടിച്ചെടുക്കുന്ന ആളാണ് എന്ന്. ഉർവശി ഇല്ലായിരുന്നെങ്കിൽ ‘തലയണമന്ത്രം’ എന്ന സിനിമ ഞാൻ എടുക്കില്ലായിരുന്നു. ഉർവശി ഇല്ലായിരുന്നെങ്കിൽ, ഉർവശി ഉണ്ടാകുന്ന കാലം വരെ ഞാനത് മാറ്റിവച്ചേനെ.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook