scorecardresearch

തിയേറ്ററുകളിലേക്ക് പ്രേക്ഷക പ്രളയം; പ്രതിസന്ധികളിൽ കൈത്താങ്ങായി 2018

പ്രളയകാലത്ത് ഊർജം നഷ്ടപ്പെട്ട കേരളത്തിലെ തിയേറ്ററുകൾ ഇപ്പോൾ ഉയർത്തെഴുന്നേപ്പിന്റെ പാതയിലാണ്. അതും അതേ പ്രളയത്തിന്റെ കഥ പറഞ്ഞ '2018' എന്ന ചിത്രത്തിലൂടെ തന്നെ

പ്രളയകാലത്ത് ഊർജം നഷ്ടപ്പെട്ട കേരളത്തിലെ തിയേറ്ററുകൾ ഇപ്പോൾ ഉയർത്തെഴുന്നേപ്പിന്റെ പാതയിലാണ്. അതും അതേ പ്രളയത്തിന്റെ കഥ പറഞ്ഞ '2018' എന്ന ചിത്രത്തിലൂടെ തന്നെ

author-image
Nandana Satheesh
New Update
2018 release, Theatre Release, 2018 Malayalam movie

2018 Movie

അവധി ദിവസങ്ങളിലും ആഘോഷനാളുകളിലും കുടുംബത്തോടൊപ്പം തിയേറ്ററിലെത്തി ഒരു സിനിമ കാണുകയെന്നത് മലയാളികളുടെ ജീവിതരീതിയുടെ ഭാഗമായിരുന്നു. സിനിമ തിയേറ്ററുകളിൽ തന്നെ ആസ്വദിക്കണമെന്ന ചിന്തയെ പൊളിച്ചെഴുതുന്നതായിരുന്നു ഒടിടിയുടെ വരവ്. മലയാള സിനിമയെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഒടിടി പ്ലാറ്റ്‌ഫോമുകൾ സഹായിച്ചത് തിയേറ്റർ വ്യവസായത്തിനു തിരിച്ചടിയായോ എന്ന ചോദ്യത്തിനു പലരും വളരെ ഡിപ്ലോമാറ്റിക്കായി ഇല്ല എന്നു ഉത്തരം തരും. എന്നാൽ സത്യമതല്ലെന്ന കാര്യം കഴിഞ്ഞ നാലു വർഷമായി കേരളത്തിലെ തിയേറ്ററുകൾ അനുഭവിക്കുന്ന പ്രതിസന്ധികൾ പരിശോധിച്ചാൽ മനസ്സിലാകും.

Advertisment

ഒരു ചിത്രം തിയേറ്ററിലെത്തിയാൽ അത് എത്ര ഗംഭീര സിനിമയാണെങ്കിലും തിയേറ്ററിൽ പോയി കാണാൻ മടിക്കുന്ന വിഭാഗം ഇന്ന് സിനിമാ ആസ്വാദകർക്കിടയിലുണ്ട്. മുപ്പതു ദിവസങ്ങൾക്കു ശേഷം ഒടിടിയിലെത്തുന്ന ചിത്രം തന്റെ സൗകര്യത്തിനനുസരിച്ച് കാണാമെന്ന സ്ഥിതിയുള്ളപ്പോൾ എന്തിന് തിയേറ്ററിൽ പോകണമെന്ന ചോദ്യമായിരിക്കാം അവരുടെ മനസ്സിലുണ്ടാകുന്നത്. ഈ പ്രതിസന്ധി പലയാവർത്തി തിയേറ്ററർ ഉടമകൾ അധികാരികൾക്കു മുൻപിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ഇതു സംബന്ധിച്ചുള്ള തീരുമാനങ്ങളൊന്നും ഇതുവരെയായിട്ടില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം. ഇപ്പോഴും തിയേറ്ററിലെത്തി മുപ്പതു ദിവസങ്ങളാകുമ്പോൾ തന്നെ പുതിയ ചിത്രങ്ങൾ പലതും ഒടിടിയിലെത്തുകയാണ്.

2018 ൽ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തോടെയാണ് കേരളത്തിലെ തിയേറ്ററുകളുടെ ഈ പ്രതിസന്ധി ആരംഭിച്ചത്. വെള്ളം പൊങ്ങി തങ്ങളുടെ വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു നിന്ന മലയാളികളുടെ ജീവിതശൈലിയെല്ലാം താളം തെറ്റിയ ദിനങ്ങളായിരുന്നത്. ആഘോഷങ്ങളിൽ നിന്നെല്ലാം വിട്ടു നിന്ന മലയാളികളുടെ മുൻപിൽ തിയേറ്ററർ എന്ന ആഘോഷവും അടക്കപ്പെട്ടു. തുടർന്നുണ്ടായ രണ്ടാം പ്രളയവും കോവിഡുമെല്ലാം ഈ പ്രതിസന്ധി വലിച്ചുനീട്ടി. ഇടയ്ക്ക് തുറന്നും ഇടയ്ക്ക് അടച്ചും തിയേറ്ററുകൾ തങ്ങളുടെ ശ്വാസം നിലനിർത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

2021 ൽ പുറത്തിറങ്ങിയ 'മിന്നൽ മുരളി' പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരു പക്ഷെ ആ സമയത്ത് തിയേറ്റർ റിലീസായിരുന്നുവെങ്കിൽ ഒരുപരിധി വരെ അവർക്ക് പിടിച്ചു കയറാൻ സാധിച്ചേനെ എന്നും തോന്നി പോകുന്നു. അങ്ങനെയൊരു പ്രളയകാലത്ത് ഊർജം നഷ്ടപ്പെട്ട കേരളത്തിലെ തിയേറ്ററുകൾ ഇപ്പോൾ ഉയർത്തെഴുന്നേപ്പിന്റെ പാതയിലാണ്. അതും അതേ പ്രളയത്തിന്റെ കഥ പറഞ്ഞ '2018' എന്ന ചിത്രത്തിലൂടെ എന്നത് കാലം കരുതി വച്ച മറ്റൊരു അത്ഭുതം.

Advertisment

ജൂഡ് ആന്തണിയുടെ സംവിധാനം ചെയ്ത ചിത്രമാണ് '2018.' പ്രളയം പ്രമേയമാക്കി ഒരുക്കിയ ചിത്രം മെയ് 5 നാണ് തിയേറ്ററുകളിലെത്തിയത്. പത്തു ദിവസങ്ങൾക്കിപ്പുറം ചിത്രം ആഗോള തലത്തിൽ 100 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിലുള്ള 100 കോടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രം പുറത്തിറങ്ങി ദിവസങ്ങൾ കഴിയുമ്പോഴും തിയേറ്ററുകളിൽ ആളുകൾ നിറയുകയാണ്. അതിരാവിലെയുള്ള ഷോകൾ പോലും ഹൗസ്ഫുള്ളാണെന്നാണ് ലുലു പിവിആർ പ്രതിനിധി ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞത്.

2018 ന്റെ വിജയം തിയേറ്ററർ വ്യവസായത്തെ എത്ര കണ്ട് സഹായിച്ചു എന്നു പരിശോധിക്കാം. "ഈ വർഷം ഹിറ്റുകളൊന്നുമില്ലായിരുന്നു. ഏപ്രിൽ മാസം വളരെ മോശമായിരുന്നെന്ന് പറയാം. പകലുള്ള ഷോസിൽ 2-3 ടിക്കറ്റുകളിൽ മാത്രമെ ആളുകളില്ലാത്തതായുള്ളൂ. വൈകുന്നേരങ്ങളിലെ ഷോയെല്ലാം ഹൗസ്ഫുള്ളാണ്. കോവിഡ് കഴിഞ്ഞിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റാണ് 2018. എന്തെങ്കിലും Extra ordinary ഘടകമുള്ള സിനിമകൾ മാത്രമാണ് ഇപ്പോൾ ഹിറ്റാവുന്നതെന്ന കാര്യം കൂടിയുണ്ട്," ഇടപ്പള്ളി വനിത വിനീത തിയേറ്റർ ടെ‌ക്നിക്കൽ മാനേജർ ഷൈൻ പറയുന്നു.

സിനിമ കാണാൻ ഇപ്പോഴും ആളുകൾ കൂട്ടത്തോടെ എത്തുന്നുണ്ടെന്നും ഇതിനു മുൻപ് മാളികപ്പുറവും രോമാഞ്ചവുമാണ് ഇത്തരത്തിൽ ആളുകളെ എത്തിച്ച ചിത്രങ്ങളെന്നും കൊല്ലം മിനർവ തിയേറ്ററിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

"2018 വളരെ ഗംഭീരമായിട്ടാണ് പോകുന്നത്. ചിത്രത്തിന്റെ ഓപ്പണിങ്ങ് ഷോയിൽ ആളുകൾ കുറവായിരുന്നു. പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ ആളുകളെത്തി ഈവനിങ്ങ് ഷോയോടെ തന്നെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ഷോസിന്റെ എണ്ണം കൂട്ടുകയായിരുന്നു. മലയാളത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു വിജയമാണിത്. 2018 ഒരു ട്രെൻഡ് സെറ്ററായി മാറി കഴിഞ്ഞു. 6-7 വർഷങ്ങളായി ഇങ്ങനെ തിയേറ്ററിലേക്ക് ആളുകൾ കൂട്ടമായി എത്തിയിട്ടെന്നും പറയാം. മലയാളിയുടെ വൈകാരികമായ സമീപനവും ചിത്രത്തിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. മെയ് അവസാനം വരെ ചിത്രം തിയേറ്ററിലുണ്ടാകുമെന്നതിൽ യാതൊരു സംശയവുമില്ല. കേരളത്തിലെ തിയേറ്ററുകൾക്ക് വലിയ ഒരു ആശ്വാസം തന്നെയാണ് 2018 എന്ന ചിത്രവും അതിന്റെ വിജയവും," തിരുവനന്തപുരം ശ്രീ പത്മ തിയേറ്ററർ ഉടമ ഗിരീഷ് തന്റെ സന്തോഷം വ്യക്തമാക്കി.

കേരളത്തിലെ തിയേറ്ററുകളിൽ അങ്ങനെ വർഷങ്ങൾക്കു ശേഷം ആസ്വാദകരുടെ വലിയ നിര എത്തി തുടങ്ങിയിരിക്കുകയാണ്. പ്രളയം കൊണ്ടു പോയ ഹിറ്റുകൾ പ്രളയം തന്നെ തിരിച്ചു കൊണ്ടു വരുകയാണോ എന്ന് തോന്നും പോലെ…

Theatre Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: