ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി കാന്‍ ചലച്ചിത്രമേളയിലേക്ക്. ഓസ്‌കാര്‍ ജേതാവായ ആസിഫ് കപാഡിയയാണ് അര്‍ജന്റീനന്‍ ഇതിഹാസത്തിന്റെ ജീവിതം ഡോക്യുമെന്ററിയാക്കിയത്. ‘ഡീഗോ മറഡോണ’ എന്നു തന്നെയാണ് ഡോക്യുമെന്ററിയുടെ പേരും.
ആമി വൈന്‍ഹൗസിന്റെ ജീവിതം അവതരിപ്പിച്ച ഡോക്യുമെന്ററിയ്ക്കാണ് 2016 ല്‍ ആസിഫിന് ഓസ്‌കാര്‍ ലഭിച്ചത്. 2011 ല്‍ ബ്രസീലിയന്‍ മോട്ടോര്‍ റെയ്‌സിങ് ചാമ്പ്യന്‍ ആര്‍ട്ടണ്‍ സെന്നയുടെ ജീവിതതും ആസിഫ് തിരശ്ശീലയിലെത്തിയിരുന്നു. ഡീഗോ മറഡോണയുടെ നാപ്പോളി നഗരവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. 1984 മുതല്‍ 1991 വരെ നാപ്പോളിയുടെ താരമായിരുന്നു മറഡോണ.
മറഡോണയുടെ ഫുട്‌ബോളിന് പുറത്തെ അവിശ്വസനീയവും കുപ്രസിദ്ധവുമായ ജീവിതമാണ് ആസിഫിനെ താരത്തിലേക്ക് ആകൃഷ്ടനാക്കിയത്. നാപ്പോളിയുടെ താരമായിരിക്കെ അധോലോക നായകന്മാരുമായി മറഡോണയ്ക്കുണ്ടായിരുന്ന ബന്ധവും മറ്റും അറിഞ്ഞതോടെയാണ് സംവിധായകന്‍ ഡോക്യുമെന്ററി ചെയ്യാന്‍ ഒരുങ്ങിയത്.
സെന്നയ്ക്ക് ശേഷം ഇനിയൊരു സ്‌പോര്‍ട്‌സ് താരത്തെ കുറിച്ച് ഫിലിമെടുക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു ആസിഫ്. എന്നാല്‍ ഇതിനിടെ നാപ്പോളിയില്‍ കളിക്കുന്ന കാലത്തെ മറഡോണയുടെ ചില വീഡിയോകള്‍ കാണാന്‍ ഇടയായി. കുപ്രസിദ്ധമായ വീഡിയോയിരുന്നു അതെന്ന് കോപ്പണ്‍ ഹേഗനില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ട അഭിമുഖമാണ് ചിത്രത്തിനായി മറഡോണ നല്‍കിയത്.

ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന വ്യക്തിയാണ് ഡീഗോ മറഡോണ. കളിക്കളത്തിലെ പ്രകടനത്തോളം തന്നെ നാടകീയവും സംഭവ ബഹുലവുമാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും. വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല.
അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബൊക്ക ജൂനിയേഴ്‌സ് എന്നീ ക്ലബ്ബുകളിലൂടെ തുടങ്ങിയ താരം പിന്നീട് ബാഴ്‌സലോണയിലും അവിടുന്ന നാപ്പോളിയിലുമെത്തുകയായിരുന്നു. മറഡോണയുടെ ക്ലബ്ബ് ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടങ്ങളായിരുന്നു അത്. നാല് ലോകകപ്പ് കളിച്ചിട്ടുള്ള മറഡോണയുടെ നേതൃത്വത്തിലാണ് 1986 ല്‍ അര്‍ജന്റീന ലോകകപ്പുയര്‍ത്തുന്നത്. അര്‍ജന്റീനയുടെ പരിശീലകനുമായിരുന്നു മറഡോണ.
Read More: കാനിലെ മലയാളി തിളക്കത്തിന് 25 വര്‍ഷം