ശ്രീദേവിയുടെ അപ്രതീക്ഷിത മരണം കപൂര്‍ കുടുംബത്തിനും ഇന്ത്യന്‍ സിനിമാ ലോകത്തിനുമേറ്റ വലിയൊരു ആഘാതമായിരുന്നു. താരത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ബോണി കപൂറിനേയും പെണ്‍മക്കളേയും ആശ്വസിപ്പിക്കാനും സിനിമയ്ക്കകത്തു നിന്നും പുറത്തുനിന്നും നിവധി പേരെത്തി. എന്നാലും ബോണി കപൂറിന്റെ ആദ്യ ഭാര്യ മോനയിലുണ്ടായ മക്കള്‍ അര്‍ജുന്‍ കപൂറും സഹോദരി അന്‍ഷുല കപൂറും ചടങ്ങുകളില്‍ പങ്കെടുത്തത് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ശ്രീദേവിയുടെ വിയോഗത്തില്‍ തങ്ങള്‍ക്ക് താങ്ങായി നിന്ന അര്‍ജുനേയും അന്‍ഷുലയേയും കുറിച്ച് പിന്നീട് ബോണി കപൂറും പറഞ്ഞിരുന്നു. അന്‍ഷുല കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

‘ഏത് പ്രതിസന്ധിയിലും ഒന്നുമില്ലായ്മയുടെ നടുവിലും കാട്ടുപൂക്കള്‍ പുഷ്പിക്കുക തന്നെ ചെയ്യും. എപ്പോഴെല്ലാം കാറ്റ് വീശുന്നുവോ, അപ്പോഴെല്ലാം അവ സൗന്ദര്യം പരത്തും,’ ഇതായിരുന്നു അന്‍ഷുലയുടെ പോസ്റ്റ്.

എന്നാല്‍ ഇതിനു താഴെ അര്‍ജുന്‍ കപൂറിന്റെ ആരാധകരെന്നു പറഞ്ഞുകൊണ്ട് ചിലര്‍ ജാന്‍വിയേയും ഖുഷിയേയും കുറിച്ച് അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ അന്‍ഷുല പ്രതികരിച്ചു. ഒപ്പം തന്നെ എല്ലാ അശ്ലീല കമന്റുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു.

anshula

‘എന്റെ അനിയത്തിമാര്‍ക്ക് നേരെയുള്ള അശ്ലീല പദപ്രയോഗങ്ങള്‍ ദയവായി അവസാനിപ്പിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. അതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല, അതുകൊണ്ടുതന്നെ നിങ്ങളുടെ കമന്റുകള്‍ ഞാന്‍ കളയുകയാണ്. എനിക്കും എന്റെ സഹോദരനും നല്‍കിയ സ്നേഹത്തിന് നന്ദി. ഒരു തിരുത്ത് കൂടി. ഞാന്‍ ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്തിട്ടില്ല. നല്ല കാര്യങ്ങളും സന്തോഷവും മാത്രം പ്രചരിപ്പിക്കൂ. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി, ‘ അന്‍ഷുല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ