ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ വലിയൊരു ആരാധികയാണ് സൂര്യ-ജ്യോതിക ദമ്പതികളുടെ മകൾ ദിയ. ജെഎഫ്ഡബ്ല്യു അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മിതാലി പോലും ഇക്കാര്യം അറിയുന്നത്. ലോകകപ്പ് ഫൈനൽ മൽസരത്തിൽ മിതാലിയുടെ പ്രകടനം കണ്ടതോടെയാണ് ദിയ കടുത്ത ആരാധികയായി മാറിയത്.

സ്റ്റേജിലെത്തിയ മിതാലിയോട് അവതാരക ഒരു ബാറ്റിൽ ഓട്ടോഗ്രാഫ് എഴുതാൻ ആവശ്യപ്പെട്ടു. അതിനുശേഷമായിരുന്നു മിതാലിയുടെ വലിയ ആരാധികയായ ദിയയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. മിതാലിയെപ്പോലെ ക്രിക്കറ്റ് താരമാകാൻ ആഗ്രഹമുണ്ടോയെന്ന് ദിയയോട് അവതാരക ചോദിച്ചപ്പോൾ ക്രിക്കറ്റ് എനിക്ക് ഇഷ്ടമാണ്, പക്ഷേ ബാഡ്മിന്റൺ കളിക്കാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു ദിയയുടെ മറുപടി. ഇതുകേട്ട മിതാലി മകൾക്ക് ഏതെങ്കിലും സ്പോർട്സിൽ പരിശീലനം നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ജ്യോതികയോട് പറഞ്ഞു. മിതാലിയുടെ വാക്കുകൾ കേട്ട ജ്യോതിക സദസ്സിലിരുന്ന് നന്ദി പറഞ്ഞു.

തുടർന്ന് പുരസ്കാരം സ്വീകരിക്കാനായി വേദിയിലെത്തിയ ജ്യോതികയുടെ പ്രസംഗവും സദസ്സിലിരിക്കുന്നവരുടെ കൈയ്യടി വാങ്ങി. തന്റെ ജീവിതത്തിലെ സ്ത്രീകളെ കുറിച്ചാണ് സംസാരിച്ചത്. ‘ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ യാത്ര ആരംഭിച്ചത് പതിനേഴാമത്തെ വയസ്സിലാണ്. എന്റെ വിജയത്തിന് പുറകില്‍ ഒരുപാട് സ്ത്രീകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ സ്ത്രീ എന്റെ അമ്മ തന്നെയാണ്. വളരെ കാര്‍ക്കശ്യക്കാരിയായ ഒരാളായിരുന്നു അമ്മ. ഒരിക്കല്‍ അമ്മ പറഞ്ഞു, ‘നീ സ്വന്തം കാലില്‍ നില്‍ക്കണം. ലോകത്തെ ഒറ്റയ്ക്ക് അഭിമുഖീകരിക്കണം. നിന്റെ ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം. ജീവിതത്തില്‍ അനുയോജ്യനായ ഒരാളെ ഭര്‍ത്താവായി ലഭിച്ചില്ലെങ്കില്‍ ആ ബന്ധത്തില്‍ നിന്ന് തല ഉയര്‍ത്തി ഇറങ്ങിപ്പോരാനുള്ള പ്രാപ്തി നീ നേടണം.’ പതിനേഴാമത്തെ വയസ്സില്‍ അമ്മ നല്‍കിയ ആ ഉപദേശത്തിന്, സ്വാഭിമാനം എന്താണെന്ന് പഠിപ്പിച്ച് എന്നെ വളര്‍ത്തിയതിന് നന്ദി. 27-ാമത്തെ വയസിലാണ് ഞാന്‍ വിവാഹിതയാകുന്നത്. ജീവിതത്തിലേക്ക് വന്ന അടുത്ത സ്ത്രീ എന്റെ ഭര്‍ത്താവിന്റെ അമ്മയാണ്. പാരമ്പര്യത്തെക്കുറിച്ചും, മറ്റ് മൂല്യങ്ങളെക്കുറിച്ചും എന്നെ പഠിപ്പിച്ചു തന്നത് അവരാണ്. അവരെ ഞാന്‍ രാജ്ഞി എന്നാണ് വിളിക്കുക. കാരണം ഒരു രാജ്ഞിക്ക് മാത്രമേ ഒരു രാജകുമാരനെ വളര്‍ത്തി വലുതാക്കാന്‍ കഴിയൂ. നല്ലൊരു പുരുഷനായി, മനുഷ്യനായി എന്റെ ഭര്‍ത്താവിനെ വളര്‍ത്തിക്കൊണ്ടുവന്നത് അമ്മയാണ്. അമ്മയ്ക്ക് ഞാന്‍ നന്ദി പറയുന്നു.’

സൂര്യയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഞാന്‍ വീണ്ടും അഭിനയിക്കുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളും എന്നോടൊപ്പമുണ്ട്- ജ്യോതിക പറഞ്ഞു. പിന്നീട് തന്റെ സുഹൃത്തുക്കള്‍ക്കും, മകള്‍ക്കും സ്ത്രീ ആരാധകര്‍ക്കും ജ്യോതിക നന്ദി പറഞ്ഞു.

തന്റെ മകളെക്കുറിച്ച് ജ്യോതിക പറഞ്ഞവാക്കുകളും വളരെ ഹൃദയ സ്പർശിയായിരുന്നു. “ഓരോ ദിവസവും രാവിലെ അവളുടെ ചിരികാണുന്നതാണ് എന്റെ ഏറ്റവും വലിയ ഊർജ്ജം. ഞാൻ അവളെക്കുറിച്ച് അഭിമാനിക്കുന്നു. 10-15 വർഷത്തിനു ശേഷം അവളീ വേദിയിൽ നിന്ന് ഈ പുരസ്കാരം ഏറ്റുവാങ്ങുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു. നീ മിടുക്കിയാണ്, അല്ലേ ദിയാ?” ജ്യോതിക മകളോട് ചോദിക്കുന്നു.

പതിനേഴാമത്തെ വയസ്സിൽ തന്റെ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന നാണംകുണുങ്ങിയായ പെണ്‍കുട്ടി ഇത്രയേറെ മുതിര്‍ന്നതും, ഇത്ര പക്വതയോടെ സംസാരിക്കുന്നതും കാണുമ്പോള്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

2006 സെപ്റ്റംബർ11 നായിരുന്നു സൂര്യ-ജ്യോതിക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ദിയ, ദേവ് എന്നീ രണ്ടു മക്കളാണ് ഇവർക്കുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ