പഴയകാല ഓർമ്മകൾ സോഷ്യൽ മീഡിയയിൽ ദിവ്യ ഉണ്ണി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. തന്റെ സ്കൂൾകാലത്തുനിന്നുള്ള ചിത്രമാണ് ദിവ്യ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ‘ഞാനും എന്റെ ബജാജ് സണ്ണിയും’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.
സ്കൂൾ യൂണിഫോം ധരിച്ച് ടൂവീലർ ഓടിക്കുന്ന ദിവ്യയെയാണ് ഫൊട്ടോയിൽ കാണാനാവുക. സ്കൂട്ടിയിലാണോ സ്കൂളിൽ പോയിരുന്നതെന്ന് ഒരാൾ കമന്റ് ബോക്സിൽ ചോദിച്ചപ്പോൾ എന്റെ സ്കൂൾ സമയത്താണ് തനിക്കിത് കിട്ടിയതെന്നായിരുന്നു ദിവ്യ ഉണ്ണി മറുപടി കൊടുത്തത്.
അടുത്തിടെ ദിലീപിനൊപ്പമുള്ള ഒരു പഴയകാല ഫൊട്ടോ നടി ഷെയർ ചെയ്തിരുന്നു. കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ പഠിക്കവേ, കോളേജിലെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിനു ദിലീപ് വന്നപ്പോൾ പകർത്തിയ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അന്ന് സ്വാഗത പ്രസംഗം നടത്തിയത് താനാണെന്നും ദിവ്യ പറഞ്ഞിരുന്നു.
വിവാഹശേഷം യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.