മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യാ ഉണ്ണി. ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി പിന്നീട് വിവാഹിതയായി താരം അമേരിക്കയിലേക്കു പോയി. അടുത്തിടെയാണ് ദിവ്യാ ഉണ്ണി വിവാഹ മോചിതയായതും, പുനര്‍വിവാഹം ചെയ്തതുമെല്ലാം മാധ്യമങ്ങളില്‍ നമ്മള്‍ വായിച്ചത്. പുതു ജീവിതത്തിന് അനുഗ്രഹം തേടി ദിവ്യ എത്തിയിരിക്കുകയാണ് കേരളത്തില്‍, നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം.

തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രവും വിവരങ്ങളും ദിവ്യ തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്മനാഭന്റെ സന്നിധിയില്‍ എത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നുവെന്ന് ദിവ്യ പറയുന്നു.

Divya Unni

ക്ഷേത്രത്തിനകത്തു പ്രവേശിച്ചപ്പോള്‍ ആദ്യം കേട്ടത് ‘ക്ഷീരസാഗര ശയനാ…’ എന്ന കീര്‍ത്തനമായിരുന്നെന്നും, ക്ഷേത്രം പൂജയ്ക്കായി അടച്ചിട്ടതിനാല്‍ പത്മനാഭന്റെ നാമം ഉരുവിട്ട് താന്‍ പുറത്തു കാത്തുന്നിന്നുവെന്നും ദിവ്യ കുറിച്ചു.

‘പിന്നീട് വാതിലുകള്‍ തുറന്നു, ഞാന്‍ പ്രധാന നടയിലേക്ക് പ്രവേശിച്ചു. ആ മുഖം ശാന്തമായിരുന്നെങ്കിലും, ദൃഢമായിരുന്നു. കൈകള്‍ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി. രണ്ടാമത്തെയും മുന്നാമത്തെയും വാതിലുകള്‍ തുറന്നു, പുഷ്പങ്ങളാല്‍ ആ പാദങ്ങള്‍ മൂടിയിരിക്കുന്നത് ഞാന്‍ കണ്ടു. ആ കാലടികളില്‍ എന്നെത്തന്നെ സമര്‍പ്പിച്ച് ഞാന്‍ കുറച്ചുനേരം കൂടി നിന്നു. ഓം നമോ നാരായണ,’ ദിവ്യ കുറിച്ചു.

യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി. ഫെബ്രുവരി നാലിന് ഹൂസ്റ്റണില്‍ വച്ചായിരുന്നു ദിവ്യയുടെ വിവാഹം. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായിരിക്കുന്നത്. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ