മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. വർഷങ്ങളായി അമേരിക്കയിലാണ് ദിവ്യ. ഇപ്പോൾ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ഓണമാഘോഷിച്ച വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

“ചിലപ്പോൾ തിയ്യതികളല്ല, നിമിഷങ്ങളാണ് ഓർത്തുവയ്ക്കുക എന്നത് സത്യമാണ്. 17 വർഷത്തിനുശേഷം എന്റെ മാതാപിതാക്കൾക്കൊപ്പം ചെലവഴിച്ച ഈ ഓണം എപ്പോഴും വിലപ്പെട്ടതായിരിക്കും. എന്റെ കുഞ്ഞുമകൾ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് മറ്റെല്ലാത്തിലും ആനന്ദമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും സ്നേഹം,” ദിവ്യ ഉണ്ണി കുറിച്ചു.

Read More: മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവം പങ്കുവച്ച് ദിവ്യ ഉണ്ണി

ഇക്കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവവും ദിവ്യ പങ്കുവച്ചിരുന്നു.

“പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.”

“തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ…. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നു.” ദിവ്യ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook