ഏതാനും ദിവസങ്ങൾക്കുമുൻപാണ് താരസംഘടനയായ അമ്മയുടെ യോഗം കൊച്ചിയിൽ നടന്നത്. ഒട്ടുമിക്ക താരങ്ങളും യോഗത്തിൽ പങ്കെടുക്കാനെത്തി. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുന്ന ദിവ്യ ഉണ്ണിയും യോഗത്തിനെത്തിയിരുന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് നടി.
മമ്മൂട്ടി, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ദിവ്യ ഉണ്ണി ഷെയർ ചെയ്തിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിൽ പുറകിലായി ചിരിച്ച് നില്‍ക്കുന്ന മനോജ് കെ.ജയനേയും കാണാം. ടൊവിനോ, രമേഷ് പിഷാരടി, ലക്ഷ്മി ഗോപാലസ്വാമി, അനൂപ് മേനോൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും ദിവ്യ ഉണ്ണി ഷെയർ ചെയ്തിട്ടുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം അമ്മയിൽ തിരഞ്ഞെടുപ്പ് കൂടി നടന്ന യോഗമായിരുന്നു അടുത്തിടെ നടന്നത്. നേരത്തെ പ്രസിഡന്റായി മോഹന്‍ലാലിനേയും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനേയും എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് സിദ്ധിഖിനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യക്കും എതിരെ ആരും നോമിനേഷൻ നൽകാതിരുന്നതിനാൽ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ള രാജുവും തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിൽ നിന്നും മത്സരിച്ച ആശാ ശരത്ത് പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിവിൻ പോളി, ഹണി റോസ് എന്നിവരും പരാജയപ്പെട്ടു.
Read More: അമ്മ വാർഷിക പൊതുയോഗത്തിൽ കിടിലൻ ലുക്കിൽ താരങ്ങൾ; വീഡിയോ