മലയാള സിനിമയിൽ തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. അക്കാലത്ത് സ്റ്റേജ് ഷോകളിലെ താരം കൂടിയായിരുന്നു ദിവ്യ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. പണ്ടത്തെ ഒരു സ്റ്റേജ് ഷോയിൽ ഇന്ദ്രൻസിനൊപ്പമുള്ള ചിത്രമാണ് ദിവ്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പം അമേരിക്കയിൽ ജീവിക്കുന്ന ദിവ്യ ഉണ്ണിയോട്, എന്നാണ് ഇനി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്ന് ചോദിച്ചാൽ, അതിന് താൻ എങ്ങും പോയിട്ടില്ല എന്നായിരിക്കും മറുപടി.

“സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ല. അമേരിക്കയിലാണ്. സമയത്തിന്റെ പ്രശ്നവും തിരക്കുമുണ്ട്. എല്ലാം ഒത്തു വന്നാൽ തീർച്ചയായും അഭിനയിക്കും. കലയുടെ തന്നെ രണ്ടു വ്യത്യസ്ത രൂപങ്ങളാണല്ലോ സിനിമയും നൃത്തവും. നൃത്തം തുടക്കം മുതലേ ജീവിതത്തിലുണ്ട്. അത് ഇപ്പോഴും തുടരുന്നു. സിനിമയിൽ നിന്ന് അവസരം വരുമ്പോൾ ഡാൻസിന്റെ തിരക്കിലാകും. അങ്ങനെയുള്ള കമ്മിന്റ്മെന്റ്സ് കാരണം നടക്കാതെ പോകുന്നു എന്നേ ഉള്ളൂ,” അടുത്തിടെ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ദിവ്യ ഉണ്ണി പറഞ്ഞു.

Read More: മഞ്ജു ചേച്ചിക്കൊപ്പം നാടു ചുറ്റിയ ദിവസങ്ങൾ; ദിവ്യ ഉണ്ണി അഭിമുഖം

ദിവ്യ ഉണ്ണി അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്. ആകാശഗംഗയിലെ കഥാപാത്രം, പ്രണയവർണങ്ങളിലെ മായ, വർണപ്പകിട്ട്, ചുരം തുടങ്ങി എത്രയോ ചിത്രങ്ങൾ. എന്നാൽ തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രം കാരുണ്യത്തിലെ ഇന്ദുവാണെന്നും അഭിമുഖത്തിൽ ദിവ്യ പറഞ്ഞിരുന്നു.

“എല്ലാ സിനിമൾക്കും കഥാപാത്രങ്ങൾക്കും നല്ല കുറേ ഓർമകൾ ഉണ്ട്. പക്ഷേ ഏറെ അടുപ്പമുള്ള കഥാപാത്രം ‘കാരുണ്യ’ത്തിലെ ഇന്ദുവാണ്. അതിന്റെ ലൊക്കേഷനും ഷൂട്ടും മുരളിയങ്കിളും ലോഹിയങ്കിളുമൊക്കെ… ലോഹിയങ്കിളിന്റെ ലക്കിടിയിലെ വീട്ടിലായിരുന്നു ‘കാരുണ്യം’ ചിത്രീകരിച്ചത്. വളരെ നിസ്സഹായയായ ഒരു കഥാപാത്രമാണ് ഇന്ദു. ഭർത്താവിനൊപ്പം നിൽക്കണോ അദ്ദേഹത്തിന്റെ അച്ഛനൊപ്പം നിൽക്കണോ എന്നറിയാത്ത നിസ്സഹായ. വല്ലാത്ത പാവം തോന്നാറുണ്ട് ഇന്ദുവിനോട്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook