തൊണ്ണൂറുകളിൽ ജനിച്ചു വളർന്ന തലമുറയുടെ മനസിൽ ‘ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ…’ നൽകിയാണ് മായയും ആരതിയും ആ കൈനറ്റിക് ഹോണ്ടയിൽ നാടുചുറ്റുന്നത്. 1998ൽ പുറത്തിറങ്ങിയ സിബിമലയിലിന്റെ ‘പ്രണയവർണങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത് അന്നത്തെ താരത്തിളക്കങ്ങളായിരുന്ന ദിവ്യ ഉണ്ണിയും മഞ്ജു വാര്യരുമായിരുന്നു. മഞ്ജുവിന്റെ ആരതി എന്ന പഞ്ചപാവത്തെ പോലെ ദിവ്യ ഉണ്ണിയുടെ മായ എന്ന മിടുക്കിയേയും മലയാള സിനിമ പ്രേമികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇന്നും ദിവ്യ ഉണ്ണി എന്ന് കേൾക്കുമ്പോൾ മായയെ ഓർക്കാത്തവരില്ല.
Read More: കുഞ്ചാക്കോ ബോബന്റെ കരാട്ടെക്കാരൻ മകൻ; ഇസുവിന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ
കുടുംബത്തോടൊപ്പം അമേരിക്കയിൽ ജീവിക്കുന്ന ദിവ്യ ഉണ്ണിയോട്, എന്നാണ് ഇനി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്ന് ചോദിച്ചാൽ, അതിന് താൻ എങ്ങും പോയിട്ടില്ല എന്നായിരിക്കും മറുപടി.
“സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ല. അമേരിക്കയിലാണ്. സമയത്തിന്റെ പ്രശ്നവും തിരക്കുമുണ്ട്. എല്ലാം ഒത്തു വന്നാൽ തീർച്ചയായും അഭിനയിക്കും. കലയുടെ തന്നെ രണ്ടു വ്യത്യസ്ത രൂപങ്ങളാണല്ലോ സിനിമയും നൃത്തവും. നൃത്തം തുടക്കം മുതലേ ജീവിതത്തിലുണ്ട്. അത് ഇപ്പോഴും തുടരുന്നു. സിനിമയിൽ നിന്ന് അവസരം വരുമ്പോൾ ഡാൻസിന്റെ തിരക്കിലാകും. അങ്ങനെയുള്ള കമ്മിന്റ്മെന്റ്സ് കാരണം നടക്കാതെ പോകുന്നു എന്നേ ഉള്ളൂ.”
? മലയാള സിനിമയ്ക്ക് വന്ന മാറ്റങ്ങളെ നിരീക്ഷിക്കാറുണ്ടോ, മാറിയ സിനിമയിൽ ദിവ്യ ഉണ്ണി എന്ന നടിയ്ക്ക് ഒരു സ്പേസ് ഉണ്ടെന്ന് കരുതുന്നുണ്ടോ?
മലയാള സിനിമ ഒരുപാട് മാറിയിട്ടുണ്ട്. സിനിമയ്ക്ക് എന്നതു പോലെ എനിക്കും പരിണാമങ്ങൾ ഉണ്ടായിട്ടുണ്ട്. നാമെല്ലാം മാറിയിട്ടുണ്ട്. സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കി നിരവധി സിനിമകൾ വരുന്നുണ്ട്. അതെല്ലാം വളരെ സ്വാധീനിക്കാറുണ്ട്. സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ഓരോ സിനിമ കാണുമ്പോഴും, അതിലെ കഥാപാത്രങ്ങളുടെ മനസും, അവരുടെ സംഭാഷണങ്ങളുമെല്ലാം എന്നെ സ്വാധീനിക്കാറുണ്ട്. എല്ലാം ഒരൽപ്പം വിസ്മയത്തോടെ കാണുന്ന ആളാണ് ഞാൻ. ചെറുപ്പം മുതലേ അങ്ങനെയാണ്.
എനിക്കൊരു സ്പേസ് എന്ന് ചിന്തിച്ചിട്ടില്ല. ഒരു ആർട്ടിസ്റ്റ് ഒരിക്കലും അങ്ങനെ ചിന്തിക്കരുത് എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ കളരി എന്നത് എല്ലാം ചേർന്നതാണ്. സിനിമയും നൃത്തവും നാടകവും എല്ലാം ഉണ്ട്. പണ്ടൊക്കെ കുറച്ച് മോഡലിങ്ങും ഉണ്ടായിരുന്നു. അതിനാൽ ഇന്നയിടത്തേ ഞാൻ ഫിറ്റാകൂ എന്നൊന്നും കരുതുന്നില്ല.
‘സീ യു സൂൺ’ ആണ് ഞാൻ അവസാനം കണ്ട മലയാളം സിനിമ. നേരത്തെ പറഞ്ഞതു പോലെ മലയാള സിനിമ ഏറെ മാറിയിട്ടുണ്ട്. ആ മാറ്റം സംഭവിച്ചു തുടങ്ങിയപ്പോൾ എല്ലാ പ്രേക്ഷകരെയും പോലെ എനിക്കും വലിയ അത്ഭുതം തോന്നിയിട്ടുണ്ട്. പോകെപ്പോകെ നമ്മുടെ പ്രതീക്ഷകൾ കൂടുതൽ ഉയരത്തിലായി തുടങ്ങി. എനിക്ക് വലിയ ആകാംക്ഷയായിരുന്നു ആ മാറ്റം നോക്കി കാണുമ്പോൾ. മലയാള സിനിമ ഇന്ത്യൻ സിനിമയെ തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. അതൊക്കെ കാണുമ്പോൾ വലിയ അഭിമാനമാണ്.
? സിനിമ മാറുന്നത് ശ്രദ്ധിക്കാറുണ്ടെന്ന് പറഞ്ഞു. മലയാള സിനിമ മേഖലയിൽ ഡബ്ല്യൂസിസി, മീടു ഉൾപ്പെടെ മറ്റ് ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ശ്രദ്ധിക്കാറുണ്ടോ?
അതേക്കുറിച്ച് ഒന്നും അറിയില്ല എന്ന് ഞാൻ പറയില്ല. പക്ഷേ അതിലേക്ക് സമയവും ഊർജവും നൽകി കൂടുതൽ അറിയാൻ ശ്രമിക്കാറില്ല.
? മലയാളത്തിലെ പുതിയ കാല സിനിമയിലെ ഏതെങ്കിലും കഥാപാത്രത്തെ കണ്ട്, അത് എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ
ഒരു നർത്തകി എന്ന നിലയിൽ വലിയൊരു അനുഗ്രഹമാണിത് എന്നെനിക്കു തോന്നുന്നു. ഏത് കഥാപാത്രത്തെ കണ്ടാലും അവർക്കൊപ്പം യാത്ര ചെയ്യാനും അവരായി സങ്കൽപ്പിക്കാനും കഴിയാറുണ്ട്. പുരുഷ കഥാപാത്രമോ സ്ത്രീ കഥാപാത്രമോ ആകട്ടെ, അവരെ കാണുമ്പോൾ ഞാനെന്നെ സങ്കൽപ്പിക്കാറുണ്ട്. അത് സിനിമയിലെ മുഖ്യ കഥാപാത്രമാകണമെന്നില്ല. ഏത് കഥാപാത്രവുമാകാം. അവരുടെ ചിന്തിക്കുന്ന രീതിയെ കുറിച്ചും അവരുടെ സംഭാഷണങ്ങളെ കുറിച്ചുമൊക്കെ ഞാൻ ആലോചിക്കാറുണ്ട്.
? കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തും നായിക കഥാപാത്രങ്ങളേ ചെയ്യൂ എന്ന് നിർബന്ധം പിടിച്ചിട്ടുള്ള ആളല്ല ദിവ്യ ഉണ്ണി
അതൊരു ഡിസിപ്ലിന്റെ ഭാഗമാണ്. സിനിമയിൽ സംവിധായകനാണ് ക്യാപ്റ്റൻ. അഭിനേതാക്കൾ അദ്ദേഹത്തിന്റെ ഉപകരണങ്ങളാണ്. ക്യാപ്റ്റന് വേണ്ട രീതിയിൽ അവ ഉപയോഗിക്കുന്നു. ലീഡ് റോൾ മാത്രമേ ചെയ്യൂ എന്ന വാശി എനിക്ക് ഉണ്ടായിരുന്നില്ല.
? ബാലതാരമായി സിനിമയിൽ എത്തി, ആദ്യ ചിത്രം പതിനാലാം വയസിൽ ‘കല്യാണ സൗഗന്ധികം.’ പക്ഷേ അതിനു മുൻപ്, ‘ഏപ്രിൽ പതിനെട്ട്’ എന്ന ചിത്രത്തിന്റെ പരസ്യത്തിൽ അഭിനയിച്ച ഓർമ
അക്കാലത്ത് എറണാകുളം ജില്ലയിലെ എല്ലാ ചിരി മത്സരങ്ങളിലും പങ്കെടുത്തിട്ടുള്ള ഒരു കുട്ടിയാകും ഞാൻ. അതിന്റെ പ്രായപരിധി കഴിയുമ്പോൾ അടുത്തതാകും. കഥാപ്രസംഗം, പ്രച്ഛന്നവേഷം തുടങ്ങി അങ്ങനെ പലതും. അങ്ങനെ പേപ്പറിൽ പടം വരുമ്പോൾ ആളുകൾ പരസ്യത്തിനായി വിളിക്കും അങ്ങനെ ചെയ്തതാണ് ‘ഏപ്രിൽ പതിനെട്ടിന്റെ’ പരസ്യം.
? അമേരിക്കയിൽ ശ്രീപാദം എന്ന നൃത്തവിദ്യാലയവുമായി തിരക്കിലാണ്. ഇന്ത്യൻ വംശജരാണെങ്കിലും അവിടെ ജനിച്ചു വളർന്ന കുട്ടികൾക്ക് നൃത്തം പഠിപ്പിക്കുമ്പോളുള്ള വെല്ലുവിളികൾ
പതിനേഴു വർഷമായി ശ്രീപാദം തുടങ്ങിയിട്ട്. തുടക്കത്തിലൊക്കെ ബുദ്ധിമുട്ടായിരുന്നു അവരെ പഠിപ്പിക്കുക എന്നത്. നൃത്തത്തിന് കഥകളുമായി വളരെ ബന്ധമുണ്ട്. അതൊരു സംസ്കാരം കൂടിയാണ്. ഒരുപാട് പുരാണങ്ങളുണ്ട്. പണ്ടെല്ലാം ഇവിടുത്തെ കുട്ടികൾക്ക് അതൊന്നും അറിയില്ലായിരുന്നു. അപ്പോൾ നൃത്താധ്യാപിക മാത്രമല്ല. സ്റ്റോറി ടെല്ലറും കൂടിയാണ്. നമ്മളെയൊക്കെ പണ്ട് അധ്യാപർ അടിച്ചൊക്കെയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇവിടെ അതൊന്നും നടക്കില്ല. ഇപ്പോൾ കുറേ മാറ്റമുണ്ട്. മലയാളി അസോസിയേഷനുകളൊക്കെ ധാരാളമുള്ളതു കൊണ്ട് കുട്ടികൾ കഥകളും പുരാണങ്ങളുമൊക്കെ അറിഞ്ഞ് വളർന്നു തുടങ്ങി.
പിന്നെ, നാട്ടിലെ പോലെയല്ല. ഇവിടെ നമുക്ക് ഒരു മണിക്കൂറാണ് കുട്ടികളെ കിട്ടുന്നത്. ആ സമയം നോക്കി വേണം പഠിപ്പിക്കാൻ.
? ഒരു സെലിബ്രിറ്റിയാണ് തങ്ങളെ നൃത്തം പഠിപ്പിക്കുന്നത് എന്ന് വിദ്യാർഥികൾക്ക് അറിയാമോ
പലരുടേയും മാതാപിതാക്കൾ പറഞ്ഞു കൊടുക്കാറുണ്ട്. മറ്റു ചിലർ ഒരു ആറ് മാസമൊക്കെ കഴിയുമ്പോൾ പെട്ടെന്നാണ് തിരിച്ചറിയുക. പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നും കൈ പൊക്കി ‘മിസ് ദിവ്യ മിസ് ദിവ്യ’ എന്ന് വിളിക്കും. എന്തെങ്കിലും സംശയം ചോദിക്കാനാണെന്ന് കരുതി ഞാൻ അടുത്തു ചെല്ലുമ്പോൾ അവർ പറയും ‘ഞാൻ ഇന്നലെ നിങ്ങളെ ടി വിയിൽ കണ്ടു. നിങ്ങൾ സെലിബ്രിറ്റിയാണോ,’ എന്നൊക്കെ ചോദിക്കും. ഞാനാകെ ചൂളിപ്പോകും. പെട്ടന്നല്ലേ ചോദ്യം. നമ്മൾ കുട്ടികളോട് ചുരിദാർ മാത്രമേ ധരിക്കാവൂ, മുടിയൊക്കെ പൊക്കിക്കെട്ടണം, അങ്ങോട്ട് നോക്കരുത് ഇങ്ങോട്ട് നോക്കരുത് ചിരിക്കരുത് ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞല്ലേ ഇരിക്കുന്നത്. അപ്പോളാണ് ജീൻസും ടോപ്പുമൊക്കെയിട്ട് ഞാൻ തുള്ളിക്കളിക്കുന്നത് അവർ കാണുന്നത്.

? സെന്റ് തെരേസാസിലാണല്ലോ പഠിച്ചത്. ഇടക്കാലത്ത് തിരിച്ചു പോയി ഡാൻസിൽ പി ജി ചെയ്യാനായി അവിടെ പോയിരുന്നു. ആ അനുഭവം?
കോളേജിനോട് എനിക്ക് എന്നും ഇഷ്ടമായിരുന്നു. സിനിമ ചെയ്യുന്ന കാലത്തും കോളേജിൽ പോകുന്നത് ഞാൻ മുടക്കിയിരുന്നില്ല. പഠനം പാതിവഴിയിൽ നിർത്തി ഇനി പ്രൈവറ്റായി പഠിക്കാമെന്ന് ചിന്തിച്ചിട്ട് പോലും ഇല്ല. വർഷങ്ങൾക്ക് ശേഷം അവിടെയെത്തുമ്പോൾ വീട്ടിലേക്ക് തിരിച്ചു പോകുന്നതു പോലെയായിരുന്നു. അഭിനയിക്കുന്ന കാലത്ത് ഒരു സിനിമ കഴിഞ്ഞാൽ ഉറപ്പായും ഞാൻ ബ്രേക്ക് എടുത്ത് കോളേജിൽ പോകുകയും വിട്ടു പോയ പാഠഭാഗങ്ങൾ പഠിക്കുകയും അറ്റൻഡൻസ് ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോൾ അതല്ല അവസ്ഥ. ജീവിതത്തിൽ കൂടുതൽ റോൾസ് ഉണ്ട്. അതിനൊപ്പമുള്ള പഠനം പ്രയാസമായിരുന്നെങ്കിലും അതെന്റെ പാഷനാണല്ലോ.
? പഠനവും ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും എങ്ങനെയാണ് ബാലൻസ് ചെയ്തത്
ബാലൻസ്ഡ് ആണോ എന്ന് നമുക്കറിയില്ലല്ലോ, ആണെന്ന് വിചാരിച്ച് പോകുന്നതല്ലേ. അത്രയധികം ബാലൻസ് ചെയ്യാനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പഠിക്കുന്ന സമയത്ത് ഓരോ ക്ലാസുകൾ കഴിയുന്തോറും നമ്മുടെ ഉത്തരവാദിത്തങ്ങൾ കൂടുന്നില്ലേ അതുപോലെയേ ഇതും കണ്ടിട്ടുള്ളൂ.
കളിപ്പാട്ടങ്ങൾ വച്ച് കളിച്ച് നടന്ന ഒരു ബാല്യമായിരുന്നില്ല എനിക്ക്. ഡാൻസ് ക്ലാസ്, സ്കൂൾ അങ്ങനെയുള്ള തിരക്കുകളായിരുന്നു. പക്ഷേ അതിലെനിക്ക് വലിയ ബുദ്ധിമുട്ടോ പരാതിയോ ഒന്നും ഇല്ലായിരുന്നു. അങ്ങനെ പരാതിപ്പെട്ട ഒരു ഓർമ്മ പോലും ഇല്ല. ഇപ്പോഴും ‘വീണപൂവും’ ‘സഫലമീ യാത്ര’യുമൊക്കെ വായിക്കുമ്പോൾ നല്ല ഓർമകളാണ് എനിക്കുള്ളത്. കഷ്ടപ്പെട്ടാണ് പഠിച്ചത് എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. ഇവിടെ വന്നപ്പോഴും നമ്മുടെ സംസ്കാരത്തിനോട് ഞാൻ അടുത്തിട്ടേയുള്ളൂ. എന്റെ ചെറുപ്പത്തിൽ എനിക്ക് കിട്ടിയതെല്ലാം ഞാൻ കൂടെ കൂട്ടിയിട്ടേയുള്ളൂ.
പണ്ട് പരീക്ഷയുടെ തലേ ദിവസം ഒക്കെയായിരുന്നു ഡാൻസ് മാഷ് വന്ന് പഠിപ്പിക്കുന്നത്. അതൊക്കെ ബാലൻസ് ചെയ്തതു പോലെ തന്നെ.
മക്കളെയാണെങ്കിലും രണ്ടര വയസു മുതൽ ഞാൻ ഡാൻസ് ക്ലാസിൽ കൊണ്ടു പോകുന്നുണ്ട്. ഇളയ ആൾ, ഐശ്വര്യ, വല്ലാതെ വാശി പിടിക്കുമ്പോൾ ഞാൻ ചെന്നെടുക്കും. നൃത്തം ചെയ്യാൻ അറിയുന്നത് മാത്രമല്ല, ആസ്വദിക്കാൻ കഴിയുന്നതും ഒരു കലയാണ്. അതെങ്കിലും എന്റെ മക്കൾക്ക് ഉണ്ടാകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ എന്ത് പരിപാടിക്ക് പോകുമ്പോഴും അവരെന്റെ കൂടെയുണ്ടാകും.
? ദിവ്യ ഉണ്ണി എന്ന് ഗൂഗിൾ ചെയ്യുമ്പോൾ, അഭിനേത്രി എന്നല്ല, ഇന്ത്യൻ ക്ലാസിക്കൽ നർത്തകി എന്നാണ് വിക്കിപീഡിയ പറയുന്നത്. ശ്രദ്ധിച്ചിട്ടുണ്ടോ?
ശ്രദ്ധിച്ചിട്ടുണ്ട്. സന്തോഷം തോന്നിയിട്ടുണ്ട്. നൃത്തത്തെ നമ്മളല്ല, നൃത്തം നമ്മളെയാണ് തിരഞ്ഞെടുക്കുന്നത്. അതിന് ഒരു നിയോഗം വേണം. ഓരോ തവണ നൃത്തം ചെയ്യുമ്പോഴും പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും, നമ്മൾ ഈ ഭൂമിയിലെ എത്ര ചെറിയൊരു ജീവജാലമാണെന്ന് അതെന്നെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. അതുകൊണ്ട് ഇങ്ങനെയൊരു വിശേഷണം സന്തോഷിപ്പിക്കാറുണ്ട്. അതേ സമയം പേടിയുമുണ്ട്. കാരണം അതൊരു വലിയ ഉത്തരവാദിത്തമാണ്. അടുത്ത തലമുറ നമ്മളെ കണ്ട് പഠിക്കാൻ പുറകെ വരുന്നുണ്ട്.
? സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. സെലിബ്രിറ്റീസ് ഉൾപ്പെടെയുള്ളവർ ഒരുപാട് ട്രോൾ ചെയ്യപ്പെടുകയും, സൈബറിടങ്ങളിൽ ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മലയാളിയുടെ സോഷ്യൽ മീഡിയ ബിഹേവിയറിനെ എങ്ങനെയാണ് നീരീക്ഷിക്കുന്നത്.
ഞാനതിനെ കുറിച്ച് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. അതിന് സമയവുമില്ല. നാലോ അഞ്ചോ വർഷമായിട്ടേയുള്ളൂ ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയിട്ട്. ഇതൊന്നും ഇല്ലെങ്കിലും നമ്മൾ നമ്മുടെ കാര്യങ്ങൾ ചെയ്ത് ജീവിച്ചിരുന്നല്ലോ. നാട്ടിൽ വന്ന് നൃത്തപരിപാടി അവതരിപ്പിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അങ്ങനെ വന്ന് തിരിച്ചു പോരുമ്പോൾ പലരും പറയാറുണ്ട് അടുത്ത തവണ വരുമ്പോൾ അറിയിക്കണം എന്ന്. അങ്ങനെ കാത്തിരിക്കുന്നവരോട്, ഞാൻ നിങ്ങളുടെ വീടിനടുത്തേക്ക് വരുന്നുണ്ട് എന്നറിയിക്കാൻ വേണ്ടി മാത്രമാണ് സോഷ്യൽ മീഡിയ ഉപയോഗിച്ചു തുടങ്ങിയത്. എനിക്ക് പറയാനുള്ളത് പറഞ്ഞ് ഞാൻ പോകും. മറ്റൊന്നും ശ്രദ്ധിക്കാറില്ല. എല്ലാ ആർട്ടിസ്റ്റുകളും അങ്ങനൊരു മനോഭാവം ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്ന് തോന്നുന്നു. അത് ഉണ്ടായേ പറ്റൂ.
ഇനി ക്രിയാത്മകമായ വിമർശനങ്ങളാണ് വരുന്നതെങ്കിൽ അത് സ്വീകരിക്കുകയും വിമർശനമുന്നയിക്കുന്നവരോട് സംസാരിക്കുകയും ചെയ്യാം എന്നതിനപ്പുറം മറ്റൊന്നും ശ്രദ്ധിക്കാറേയില്ല.
സന്തോഷത്തോടെ നമ്മൾ പങ്കുവയ്ക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. അമ്മയുടെയും അച്ഛന്റേയുമൊക്കെ സുഹൃത്തുക്കളും സഹപ്രവർത്തകരും എന്റെ മക്കളുടെ ചിത്രങ്ങളൊക്കെ കണ്ട് മെസ്സേജ് അയയ്ക്കാറുണ്ട്. ഗർഭിണിയായിരിക്കുമ്പോൾ ഒരിക്കൽ നാട്ടിൽ വന്നിരുന്നു. അന്ന് അവിടെ കണ്ട ഡോക്ടറും നഴ്സ്മാരുമൊക്കെ കുഞ്ഞിന്റെ ചിത്രം കണ്ട് മെസ്സേജ് അയയ്ക്കാറുണ്ട്. അതും സന്തോഷമുള്ള കാര്യമാണ്.
? ‘പ്രണയവർണങ്ങ’ളിലെ മായ, മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ദിവ്യ ഉണ്ണി കഥാപാത്രമായിരിക്കും. ആരതിയായി മഞ്ജു വാര്യരും. ഒരേ സമയം തിളങ്ങി നിൽക്കുന്ന രണ്ട് താരങ്ങൾ. മഞ്ജു വാര്യരുടെ കൂടെയുള്ള അനുഭവം
ആ സിനിമയ്ക്കും എത്രയോ മുൻപ് തൊട്ടേ അമ്മ സ്ഥിരം കാണിക്കുന്ന ഒരു മുഖമായിരുന്നു മഞ്ജു ചേച്ചിയുടേത്. ഈ കുട്ടിയുടെ ചിരി കണ്ടോ, കണ്ണു കണ്ടോ, ആ കുട്ടി എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്നുണ്ട്, കണ്ടില്ലേ എന്നൊക്കെ പറയും. മാക്ടയുടേയോ മറ്റോ ഒരു പരിപാടിയിൽ ആണെന്ന് തോന്നുന്നു മഞ്ജു ചേച്ചിയെ ആദ്യമായി നേരിൽ കാണുന്നത്.
പിന്നീട് ഞങ്ങൾ ഒരു ഗൾഫ് ഷോ ചെയ്തിരുന്നു. ആ സമയത്ത് ഞാൻ ‘കല്യാണ സൗഗന്ധികവും’ ‘വർണപ്പകിട്ടും’ ചെയ്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. രണ്ട് മാസത്തോളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ഇപ്പോഴത്തെ പോലെ പെട്ടെന്നുള്ള പരിപാടികളല്ല അന്ന്. ഒന്നരയാഴ്ചയോളം റിഹേഴ്സൽ ക്യാംപ്. അതു കഴിഞ്ഞ് ഒന്നര മാസം വിവിധ ഗൾഫ് രാജ്യങ്ങളിൽ പരിപാടികൾ. ആ സമയത്ത് ഞങ്ങൾ ഒന്നിച്ചായിരുന്നു. ഒന്നിച്ച് മെയ്ക്കപ്പിടുകയും പരിപാടി കഴിഞ്ഞ് വൈകുന്നേരം നാട് കാണാൻ പോകുകയും ചെയ്യും. പിസയൊക്ക കഴിച്ച് അതേക്കുറിച്ച് ചർച്ച ചെയ്യും. അങ്ങനെ കുട്ടിക്കുട്ടി ഓർമകൾ കുറേയുണ്ട്.
അതു കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷമാണ് ‘പ്രണയവർണങ്ങൾ.’ ഒരുപാട് സീനുകളും ഒരുപാട് രംഗങ്ങളും ഒന്നിച്ചായിരുന്നു. കൂടുതൽ സമയവും ഒരു ഹോസ്റ്റൽ മുറിയിലും പിന്നെ ഒരു കൈനറ്റിക്കിലുമായിരുന്നു സീൻസ്. ഷൂട്ടൊക്കെ കഴിഞ്ഞ് ആ സ്കൂട്ടറിൽ ഞങ്ങൾ കറങ്ങാൻ പോകും. കറങ്ങാൻ പോകാം എന്ന് ഞാൻ പറയും. ചേച്ചി കൂടെ നിന്ന് തരും. അപ്പോഴും യൂണിറ്റിന്റെ വീക്ഷണത്തിലായിരുന്നു. തിരിച്ചു വരാൻ അവർ പറയുമ്പോൾ, രണ്ട് റൌണ്ട് കൂടി എന്നൊക്കെ പറഞ്ഞ് ഞങ്ങൾ പോകും.
ആ ചിത്രത്തിൽ ഞങ്ങൾ വഴക്കിടുന്ന ഒരു സീനുണ്ട്. ഹോസ്റ്റൽ മുറിയിൽ വച്ച്. സെറ്റിൽ എല്ലാവരും ഭയങ്കര ഗൌരവത്തിൽ ആയിരുന്നു. പക്ഷേ ഞങ്ങൾ കൂളായിരുന്നു. സംവിധായകൻ പറയുന്നു, അത് ചെയ്യുന്നു. അത്രയും നല്ല സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതും വലിയ ഭാഗ്യമാണ്.
ഇപ്പോഴും ചേച്ചിയുമായുള്ള സൗഹൃദം ഞാൻ തുടരുന്നുണ്ട്. നാട്ടിൽ വരുമ്പോഴൊക്കെ കാണാറുണ്ട്. ഇപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ എല്ലാവരുമായൊന്നും അത് നടക്കാറില്ല. ഇവിടെ ആരെങ്കിലും വന്നാൽ ഞാൻ കാണാതെയിരിക്കാറില്ല. പണ്ടും അതിനുള്ള സാധ്യതകൾ കുറവായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ബന്ധങ്ങൾ നിലനിർത്താൻ സോഷ്യൽ മീഡിയ പോലെ കൂടുതൽ മാർഗങ്ങൾ ഉണ്ട്.
? മക്കൾ അമ്മയുടെ സിനിമകളൊക്കെ കാണാറുണ്ടോ
മീനാക്ഷിക്ക് പാട്ടുകളൊക്കെ കാണാൻ ഇഷ്ടമാണ്. ഇരുന്ന് കാണാറുണ്ട്. എന്റെ അമ്മയോട് ചോദിക്കും, ഞാൻ എത്ര മണിക്ക് എഴുന്നേൽക്കാറുണ്ടായിരുന്നു, പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നോ ഒരുപാട്, കാലുവേദന എന്ന് പരാതിപ്പെടാറുണ്ടോ എന്നൊക്കെ ചോദിക്കും. നല്ല പട്ടുപാവാടയൊക്കെ തയ്പ്പിച്ച് കൊടുക്കുമ്പോൾ ചൊറിയുന്നു, കുത്തുന്നു എന്നൊക്കെ പറഞ്ഞ് ഇടാൻ മടി കാണിക്കും. എന്റെ സിനിമകളിലും പാട്ടുകളിലുമൊക്കെ ഞാൻ അത്തരം വസ്ത്രങ്ങളിട്ടു കാണുമ്പോൾ പോസ് ചെയ്ത്, ഇതൊക്കെ എങ്ങനെയാ അമ്മയിട്ടത്, ചൊറിയില്ലേ മുത്തല്ലേ എന്നൊക്കെ ചോദിക്കും. ഡാൻസ് ഒക്കെ കാണുമ്പോൾ ഇതെങ്ങനെയാ ചെയ്തേന്ന് ചോദിക്കും. ഞാൻ പറയും ‘എടീ ഒരു പത്ത് തവണ ചെയ്തിട്ടാ ആ സ്റ്റെപ്പ് ശരിയായത്’ എന്ന്. ഇപ്പോൾ ഇത്തരം ചോദ്യങ്ങളൊക്കെ കൂടിയിട്ടുണ്ട്. അത് മുതലെടുത്ത് ഞാൻ അവളെ പ്രാക്ടീസ് ചെയ്യാൻ പ്രേരിപ്പിക്കും.
ഇവരല്ല, പഠിക്കാൻ വരുന്ന കുട്ടികളാണ് ചോദ്യം കൂടുതൽ ചോദിക്കുക. സൂമിലൊക്കെ പഠിപ്പിക്കുമ്പോൾ പെട്ടെന്നായിരിക്കും ‘മിസ് ദിവ്യ, ആർ യൂ ഫേമസ്’ എന്ന ചോദ്യം വരുമ്പോൾ. ഇവരുടെയൊക്കെ അച്ഛനമ്മമാരും ഇത് കേൾക്കുന്നുണ്ടാകില്ല. ‘മേബി, ഐ ഡോണ്ട് നോ,’ എന്നൊക്കെ പറഞ്ഞ് ഞാൻ പയ്യെ തടിതപ്പും. ഫേമസ് ആയിട്ടുള്ളവരെല്ലേ ടി വിയിൽ വരുക, നിങ്ങളെ ടി വിയിൽ കണ്ടല്ലോ എന്നൊക്കെ അവര് തന്നെയിരുന്ന് പറയും.

? കുറേ സിനിമകൾ, കുറേ കഥാപാത്രങ്ങൾ. ഇപ്പോഴും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം ഏതാണ്
എല്ലാ സിനിമൾക്കും കഥാപാത്രങ്ങൾക്കും നല്ല കുറേ ഓർമകൾ ഉണ്ട്. പക്ഷേ ഏറെ അടുപ്പമുള്ള കഥാപാത്രം ‘കാരുണ്യ’ത്തിലെ ഇന്ദുവാണ്. അതിന്റെ ലൊക്കേഷനും ഷൂട്ടും മുരളിയങ്കിളും ലോഹിയങ്കിളുമൊക്കെ… ലോഹിയങ്കിളിന്റെ ലക്കിടിയിലെ വീട്ടിലായിരുന്നു ‘കാരുണ്യം’ ചിത്രീകരിച്ചത്. വളരെ നിസ്സഹായയായ ഒരു കഥാപാത്രമാണ് ഇന്ദു. ഭർത്താവിനൊപ്പം നിൽക്കണോ അദ്ദേഹത്തിന്റെ അച്ഛനൊപ്പം നിൽക്കണോ എന്നറിയാത്ത നിസ്സഹായ. വല്ലാത്ത പാവം തോന്നാറുണ്ട് ഇന്ദുവിനോട്.
അമേരിക്കയിൽ വന്ന സമയത്ത് അഭിനയിച്ച സിനിമകളൊക്കെ കാണാറുണ്ടായിരുന്നു. ഡോക്യുമെന്റ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. ശ്രമിച്ചതേയുള്ളൂ നടന്നില്ല. ഇപ്പോൾ ഓരോ സീനിനെ കുറിച്ച് ആരെങ്കിലും പറയുമ്പോൾ അതെങ്ങനെയായിരുന്നു എന്ന് നോക്കാൻ ഒരിക്കൽ കൂടി പോയി കാണും. അത്രയേ ഉള്ളൂ.