വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. ആദ്യ മകൾ മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ദിവ്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. “എന്റെ രാജകുമാരിക്ക് പന്ത്രണ്ടു വയസ്സ്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും മീനാക്ഷിയ്ക്കു വേണം” ദിവ്യ കുറിച്ചു.
കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷമാക്കുന്ന കൊച്ചു മീനാക്ഷിയെ വീഡിയോയിൽ കാണാം. ദിവ്യയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് മീനാക്ഷി. അർജുൻ എന്ന പേരുള്ള ഒരു മകനും ആദ്യ വിവാഹത്തിലുണ്ട്.
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. ഭർത്താവ് അരുണിനും ദിവ്യയ്ക്കും 2020ലാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. മകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.