നടന് അലന്‍സിയറില്‍ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യ ഗോപിനാഥ് രംഗത്ത്. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്സൈറ്റിൽ അലൻസിയറിനെതിരെ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്താതെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനം താനാണ് എഴുതിയതെന്ന് ഫെയ്സ്ബുക്ക് പേജില്‍ ലൈവായി ദിവ്യ അറിയിച്ചു.
ഒരു പെണ്‍കുട്ടി തന്റെ അനുഭവം എഴുതി ലോകത്തോട് അറിയിക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരത്തിലൊരു പിന്തുണ ലഭിക്കുമെന്ന വിശ്വാസമില്ലാത്തതുകൊണ്ടാണ് താന്‍ പേര് വെളിപ്പെടുത്താതെ ലേഖനം എഴുതിയതെന്ന് ദിവ്യ പറയുന്നു. താന്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത മേഖലയാണ് സിനിമ, അതുകൊണ്ടാണ് ഈ ഫീല്‍ഡില്‍ നില്‍ക്കുന്നതെന്നും ദിവ്യ വ്യക്തമാക്കി.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ധൈര്യത്തോടെയാണ് ഇത് പറയുന്നതെന്നും താന്‍ ‘ആഭാസം’ എന്ന സിനിമയിലെ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തി എന്ന് അലന്‍സിയര്‍ പറയുന്നതുകേട്ട ഒരാള്‍ ഈ ചിത്രത്തിന്റെ സംവിധായകനോട് ഇക്കാര്യം പറയുകയും തുടര്‍ന്ന് അദ്ദേഹം അത് തന്നോട് പങ്കുവയ്ക്കുകയും, ഇതേക്കുറിച്ച് താന്‍ അലന്‍സിയറോട് ചോദിക്കുകയുമുണ്ടായി എന്ന് ദിവ്യ പറയുന്നു. അന്ന് താന്‍ അങ്ങനെയല്ല പറഞ്ഞതെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ക്ഷമിക്കണമെന്നും പറഞ്ഞ് അലന്‍സിയര്‍ പൊട്ടിക്കരഞ്ഞു. തെറ്റുപറ്റിയതാകുമെന്നു കരുതി താന്‍ വീണ്ടും അലന്‍സിയറോട് ക്ഷമിച്ചുവെന്ന് ദിവ്യ പറയുന്നു.
എന്നാല്‍ മറ്റു പല സെറ്റുകളിലും അലന്‍സിയര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നുണ്ട് എന്നു പറഞ്ഞുകേട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇതു തുറന്നു പറയാന്‍ തീരുമാനിച്ചതെന്ന് ദിവ്യ വ്യക്തമാക്കുന്നു. താന്‍ താരസംഘടനയുടെ ഭാഗമല്ല, ആ സംഘടനയില്‍ നിന്നും തനിക്ക് നീതികിട്ടുമെന്നും പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴത്തെ സംഭവങ്ങളില്‍ നിന്നും മനസിലാകുന്നത് അതാണെന്ന് ദിവ്യ പറയുന്നു.
ഇതിന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പഴി ചാരരുതെന്നും ഇത് തന്റെ സ്വന്തം ഇഷ്ടത്തോടെ വെളിപ്പെടുത്തുന്നതാണെന്നും ദിവ്യ വ്യക്തമാക്കി. അലന്‍സിയറോട് വ്യക്തി വൈരാഗ്യമില്ല, അദ്ദേഹത്തിന്റെ സിനിമകള്‍ ഇല്ലാതാക്കണമെന്നും ഇല്ല. കഴിഞ്ഞ ദിവസം അമ്മയുടെ സെക്രട്ടറിയും ലളിതാമ്മയും പറഞ്ഞു ഇവിടെ സ്ത്രീകള്‍ ഒരു പ്രശ്നങ്ങളും അനുഭവിക്കുന്നില്ല, ഉണ്ടെങ്കില്‍ എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്ന്. അത് ഇത്തരം പ്രവര്‍ത്തികള്‍ക്കുളള ന്യായീകരണമല്ലെന്നും ദിവ്യ പറയുന്നു.
തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി പ്രവര്‍ത്തിക്കേണ്ടി വന്നതെന്നും ഇതിന്റെ സെറ്റില്‍ വച്ചായിരുന്നു ലൈംഗികാതിക്രമണം നേരിട്ടതെന്നും നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രലോഭനശ്രമങ്ങളുമായാണ് തുടക്കംമുതല്‍ അലന്‍സിയര്‍ തന്നെ സമീപിച്ചത്. അലന്‍സിയര്‍ തന്റെ മുറിയിലേക്ക് വന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ദിവ്യ പറഞ്ഞു.
താന്‍ ആര്‍ത്തവസമയത്ത് ക്ഷീണം കാരണം സംവിധായകനോട് അനുവാദം ചോദിച്ച് മുറിയിലേക്ക് വിശ്രമിക്കാന്‍ വന്നപ്പോഴായിരുന്നു ഇത്. മുറിക്കകത്ത് താന്‍ കടന്നതിനു പിന്നാലെ വാതിലില്‍ മുട്ട് കേട്ടു. വാതില്‍പ്പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ നില്‍ക്കുന്നത് കണ്ടു. തുടര്‍ച്ചയായി മുട്ടിക്കൊണ്ടിരുന്നപ്പോള്‍ സംവിധായകനെ വിളിച്ച് വിവരം പറഞ്ഞു. ഒരാളെ വിടാമെന്ന് സംവിധായകന് പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ ഓടാമെന്നു കരുതി വാതില്‍ തുറന്നപ്പോള്‍ അലന്‍സിയര്‍ ബലമായി അകത്തു കയറി കുറ്റിയിട്ടു. തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ കോളിങ് ബെല്ലടിച്ചു. വാതില്‍ ചാടിത്തുറന്നപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറാണ്. അലന്‍സിയറിന്റെ ഷോട്ടാണ് അടുത്തതെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചു കൊണ്ടുപോയി, ദിവ്യ എഴുതുന്നു.