പാ രഞ്ജിത്തും രജനീകാന്തും കബാലിയ്ക്ക് ശേഷം ഒരുമിക്കുന്ന കാല ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യുട്യൂബില്‍ ട്രെൻഡായി മാറിയ ടീസര്‍ ഇതിനോടകം അഞ്ച് മില്യണ്‍ വ്യൂസ് കടന്നിരിക്കുകയാണ്.

പാ രഞ്ജിത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ടീസര്‍. പഠിക്കുക, പോരാടുക, സംഘടിക്കുക എന്ന അംബേദ്കറുടെ വാക്കുകള്‍ ടീസറിന്റെ പശ്ചാത്തല സംഗീതമാകുമ്പോള്‍ അത് രഞ്ജിത്തിന്റെ ദലിത് രാഷ്ട്രീയം വിളിച്ചോതുന്നു. എന്നാല്‍ രഞ്ജിത്തിന്റെ രാഷ്ട്രീയത്തേയും ജാതിയേയും എതിര്‍ക്കുന്നവര്‍ ചിത്രത്തിനെതിരെ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ്.

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ചിത്രത്തിന് ലഭിച്ചത് പതിനായിരക്കണക്കിന് ഡിസ്‌ലൈക്കുകളാണ്. ‘ആധുനിക ഇന്ത്യയില്‍ ജാതിദ്വേഷം ഇല്ലെന്ന് കരുതുന്നുവെങ്കില്‍ കാലയുടെ ടീസറിന് ലഭിച്ച ഡിസ്‌ലൈക്കുകള്‍ നോക്കുക. അംബേദ്കറുടെ ആശയങ്ങളെ പിന്തുടരുന്ന താഴ്ന്ന ജാതിക്കാരനായ പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്.’ ചിത്രത്തിന് ലഭിച്ച ഡിസ്‌ലൈക്കുകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ട്രെവോര്‍ ജയരാജ് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ടീസറിലുടനീളം ദലിത് രാഷ്ട്രീയം പാ രഞ്ജിത്ത് വ്യക്തമാക്കുന്നുണ്ട്. പോരാടും, പോരാടും എന്ന മുദ്രാവാക്യത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നതു തന്നെ. നേരത്തെ ഇരുവരും ഒരുമിച്ച കബാലിയിലും രഞ്ജിത്ത് തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നും ഒരുപടി മുന്നോട്ട് പോയി തന്റെ രാഷ്ട്രീയത്തെ ചിത്രത്തിന്റെ പ്രധാനമാക്കി കാലയില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്നുണ്ട്.

‘കാല എന്നാല്‍ കറുപ്പ്, കരി കാലന്‍, യുദ്ധം ചെയ്ത് സംരക്ഷിക്കുന്നവന്‍’ എന്ന കറുത്ത രജനിയുടെ ഡയലോഗും വെളുത്ത വസ്ത്രമണിഞ്ഞ നാനാ പഠേക്കറുടെ ‘ഈ നാടിനെ എനിക്ക് ശുദ്ധമാക്കണം’ എന്ന ഡയലോഗും ദലിത്-സവര്‍ണ്ണ സംഘര്‍ഷത്തെ വിളിച്ചോതുന്നതാണ്.

ടീസറിന്റെ മുഖ്യാകര്‍ഷണം പശ്ചാത്തല സംഗീതമാണ്. അംബേദ്കര്‍ വാക്കുകള്‍ കൊണ്ട് തയ്യാറാക്കിയ ഗാനം ചിത്രത്തിന്റെ രാഷ്ട്രീയം വിളിച്ചോതുന്നതാണ്. ടീസറിലെ ഈ ദലിത് രാഷ്ട്രീയത്തോടുള്ള അമര്‍ഷമാണ് ഡിസ്‌ലൈക്കുകളായി മാറുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ടീസറില്‍ 32000 ല്‍ അധികം ഡിസ്‌ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

തമിഴ് നടന്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ഹുമാ ഖുറേഷിയും പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് നാരായണിന്റേതാണ് സംഗീതം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ