മരിക്കുന്നതിനു മുൻപ് ദിഷ സാലിയൻ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു എന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ എം നാരായൺ റാണെയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കുകയാണ് പുറത്തുവരുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീഴ്ചയിൽ സംഭവിച്ച പരുക്കുകൾ മാത്രമാണ് ദിഷയുടെ ശരീരത്തിലുള്ളതെന്നും ലൈംഗികാതിക്രമത്തിന് തെളിവില്ലെന്നുമമാണ് റിപ്പോർട്ടിൽ പറയുന്നത്.

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെയും വരുൺ ശർമ അടക്കമുള്ള ബോളിവുഡ് അഭിനേതാക്കളുടെയും മാനേജറായി പ്രവർത്തിച്ച ദിഷ സാലിയൻ(28) ജൂൺ എട്ടിനാണ് മരിച്ചത്. ആറു ദിവസങ്ങൾക്ക് ശേഷം സുശാന്ത് സിങ് രജ്‌പുത്തും ആത്മഹത്യ ചെയ്തതോടെ ഇരു സംഭവങ്ങളുമായി ബന്ധമുണ്ടെന്നും ഇരുവരും കൊല ചെയ്യപ്പെട്ടതാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങളിൽ സത്യമുണ്ടെന്നും തനിക്ക് തെളിയിക്കാൻ കഴിയുമെന്നും നാരായൺ റാണെ അവകാശപ്പെട്ടിരുന്നു. എന്നാൽ ദിഷ സാലിയന്റെയും സുശാന്തിന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ കൊലപാതക സാധ്യതകൾ തള്ളികളയുകയാണ്.

Read More: ഇന്നെനിക്ക് അറിയാവുന്നതെല്ലാം ഞാൻ സഹോദരിമാരിൽ നിന്നും പഠിച്ചതാണ്; സുശാന്തിന്റെ വീഡിയോ വൈറലാവുന്നു

റാണയുടെ ആരോപണങ്ങൾ ദിഷയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടത്തിന് വിരുദ്ധമാണല്ലോ എന്ന ചോദ്യത്തിന് ” ഞങ്ങൾ കണ്ട റിപ്പോർട്ട് അനുസരിച്ച്, അവൾക്ക് പരിക്കേറ്റ സ്ഥലങ്ങൾ ഒരു കെട്ടിടത്തിൽ നിന്ന് വീണു ഉണ്ടായതല്ല. നിങ്ങൾ ഏത് റിപ്പോർട്ടാണ് കണ്ടതെന്ന് എനിക്കറിയില്ല,” എന്നാണ് റാണ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്.

മകളെ അപകീർത്തിപ്പെടുത്തുന്നവർക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് സാലിയൻ ഓഗസ്റ്റ് അഞ്ചിന് മുംബൈ പോലീസിന് കത്തെഴുതിയിരുന്നു.

ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് 25 ഓളം മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാൽവാനി പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച അപകടമരണത്തെ കുറിച്ചുള്ള കേസിൽ അന്വേഷണം ഉടൻ അവസാനിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ നടന്ന അന്വേഷണത്തിൽ, തനിക്ക് നഷ്ടപ്പെട്ട രണ്ട് ബിസിനസ്സ് ഇടപാടുകളിൽ ദിഷ അസ്വസ്ഥതയായിരുന്നുവെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

Read more: Disha Salian post mortem report rebuts Rane’s claim: no sexual assault

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook