തിരസ്‌കരണത്തിന്റേയും കഷ്ടപ്പാടിന്റേയും നാളുകള്‍ പിന്നിട്ട്, ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടിയ ചിത്രത്തിലെ നായികയില്‍ എത്തി നില്‍ക്കുകയാണ് ദിഷ പഠാനി. ബാഗി രണ്ടാം ഭാഗത്തിലൂടെ മുന്‍നിരയില്‍ സ്ഥാനമറിയിച്ച ദിഷ പക്ഷെ റോളുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വിശ്വസിക്കുന്നയാളാണ്. അതിനവരെ പ്രാപ്തയാക്കിയത് സ്ട്രഗ്ലിങ് സമയത്തെ അനുഭവങ്ങളാണ്.

”ഞാനൊരു സിനിമാ പശ്ചാത്തലത്തില്‍ നിന്നുമല്ല വരുന്നത്. അതുകൊണ്ട് തന്നെ നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് അവസരം തരാന്‍ ആളുകള്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്,” ദിഷ പറയുന്നു. തിരസ്‌കരണങ്ങളില്‍ നിന്നു പോലും പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന നടിയാണ് ദിഷ.” ഒരുപാട് തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരു സിനിമ തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് എന്നെ മാറ്റിയത്. അതെന്റെ ലോഞ്ചിങ് സിനിമയായിരുന്നു. പക്ഷെ തിരസ്‌കരണങ്ങള്‍ എന്നെ കൂടുതല്‍ കരുത്തുള്ളവളാക്കി. എന്തോ കുറവുണ്ടെന്ന് തോന്നുമ്പോള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ തോന്നും,” ദിഷ പറയുന്നു.

”പഠനം ഉപേക്ഷിച്ചാണ് ഞാന്‍ മുംബൈയിലെത്തിയത്. അറിയുന്ന ആരുമില്ലാത്ത ഒരു നഗരത്തിലെത്തുക ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. വീട്ടുകാരോട് പണം ചോദിച്ചിരുന്നില്ല. ഞാന്‍ മുംബൈയിലേക്ക് വന്നത് 500 രൂപയുമായാണ്. കുറച്ച് സമയം കഴിഞ്ഞതോടെ പണം അത്യാവശ്യമായി മാറി. ഓഡീഷനുകളില്‍ പങ്കെടുക്കാനും ടിവി പരസ്യങ്ങളില്‍ അഭിനയിക്കാനും തുടങ്ങി. ഇല്ലെങ്കില്‍ റൂം വാടക കൊടുക്കാന്‍ പോലും പറ്റില്ലെന്ന് തോന്നിയിരുന്നു. പക്ഷെ അഭിനയം ആസ്വദിക്കാന്‍ തുടങ്ങുന്നതുവരെ ഞാന്‍ ഒരു ജോലി ചെയ്യുക മാത്രമായിരുന്നു. പക്ഷെ പിന്നീട് പതിയെ എല്ലാം മാറി,” താരം കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയുടെ ജീവിത കഥ പറഞ്ഞ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെയാണ് ദിഷയുടെ അരങ്ങേറ്റം. പിന്നീട് ഇന്തോ-ചൈനീസ് ചിത്രമായ കുങ് ഫു യോഗയില്‍ ജാക്കി ചാനൊപ്പം അഭിനയിച്ച ദിഷയുടേതായി അവസാനമായി ഇറങ്ങിയ ചിത്രം ബാഗി രണ്ടാം ഭാഗമാണ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ചിത്രം ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. ടൈഗര്‍ ഷറഫാണ് ചിത്രത്തിലെ നായകന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ