സംഘമിത്രയായി ശ്രുതി ഹാസനു പകരം ദിഷ പടാനി. ചിത്രത്തിന്റെ നിർമാതാക്കൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെയാണ് ദിഷ അവതരിപ്പിക. സംഘമിത്രയാകുന്നതിൽ താൻ വളരെ ആവേശത്തിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതുവരെ കാത്തിരിക്കാൻ ക്ഷമയില്ലെന്നും ദിഷ ട്വിറ്ററിൽ കുറിച്ചു.

സൗത്ത് ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് സംഘമിത്ര. 200 കോടി മുതൽ മുടക്കിലാണ് സംഘമിത്ര ഒരുങ്ങുന്നത്. നേരത്തെ ശ്രുതി ഹാസനെയാണ് സംഘമിത്രയായി തിരഞ്ഞെടുത്തത്. മറ്റു പല നടികളെയും പരിഗണിച്ചശേഷമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സംഘമിത്രയായി ശ്രുതി ഹാസനെ തിരഞ്ഞെടുത്തത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി ലണ്ടനിൽ ആയുധ പരിശീലനവും ശ്രുതി നടത്തിയിരുന്നു.

ശ്രുതിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണെന്നാണ് സംഘമിത്രയെക്കുറിച്ചുണ്ടായിരുന്ന റിപ്പോർട്ടുകൾ. കുതിരപ്പുറത്ത് കയ്യിൽ വാളേന്തിയിരിക്കുന്ന ശ്രുതി ഹാസന്റെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ പ്രമോഷനായി സംഘമിത്ര ടീമിനൊപ്പം ശ്രുതി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രുതിയെ ചിത്രത്തിൽനിന്നും നിർമാതാക്കൾ മാറ്റിയത്.

‘സംഘമിത്ര’ ചിത്രത്തിൽ നിന്നും ശ്രുതി ഹാസനെ മാറ്റിയതായി ചിത്രത്തിന്റെ നിർമാതാക്കൾ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചിത്രത്തിൽനിന്നും ശ്രുതിയെ മാറ്റിയതിന്റെ കാരണം നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ചില സാഹചര്യങ്ങളാൽ സംഘമിത്രയിൽ ശ്രുതി ഹാസനുമായി മുന്നോട്ടു പോകാൻ ഞങ്ങൾക്ക് കഴിയില്ല എന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ വ്യക്തമാക്കിയത്. എന്നാൽ തന്നെ മാറ്റിയതല്ല സ്വയം മാറിയതാണെന്ന് പറഞ്ഞ് ശ്രുതി തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു.

എഡി എട്ടാം നൂറ്റാണ്ടിലെ കഥയെ ആസ്പദമാക്കിയുളള ചിത്രമാണ് സംഘമിത്ര. രണ്ട് ഭാഗങ്ങളിലായാണ് സംഘമിത്ര ഒരുങ്ങുന്നത്. സുന്ദർ സിയാണ് സംഘമിത്രയുടെ സംവിധായകൻ. ആര്യ, ജയം രവി എന്നിവരും ചിത്രത്തിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്നാണ് സൂചന. തമിഴ് സിനിമയ്‌ക്ക് എന്നെന്നും ഓർത്തു വെക്കാവുന്ന ഒരു ചിത്രമായിരിക്കും സംഘമിത്രയെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ