കേരളം നേരിട്ട പ്രളയത്തെക്കുറിച്ച് ഡോക്യുമെന്ററി ഒരുക്കി ഡിസ്‌കവറി ചാനല്‍

“കേരളത്തിന്റെ തകര്‍ച്ച എല്ലാവരും കണ്ടുകഴിഞ്ഞു. എന്നാല്‍ അത് എങ്ങനെയാണ് തകര്‍ച്ചയെ അതിജീവിച്ചതെന്നും സ്വയം കെട്ടിപ്പടുത്തതെന്നും കാണാനുള്ള സമയമായിട്ടുണ്ട്. തോറ്റുപോകാത്തെ കേരളത്തിന്റെ കഥയാണ് ഞങ്ങള്‍ പറയുന്നത്”

Kerala Flood
Rescuers evacuate people from a flooded area to a safer place in Aluva in the southern state of Kerala, India, August 18, 2018. REUTERS/Sivaram V

പ്രളയകാലത്ത് പ്രതീക്ഷ നഷ്ടപ്പെട്ട് വീണു പോയ കേരളത്തെയല്ല, മറിച്ച് വാശിയോടെ ഒരുമയോടെ മഹാമാരിയെ നേരിട്ട കേരളത്തെയാണ്, അതിന്റെ ചങ്കുറപ്പിനെയാണ് ‘കേരള ഫ്‌ളഡ്‌സ്-ദി ഹ്യൂമന്‍ സ്റ്റോറി’ എന്ന പ്രത്യേക ഡോക്യുമെന്ററിയിലൂടെ ഡിസ്‌കവറി ചാനല്‍ ലോകത്തിന് കാണിച്ചുകൊടുത്തത്. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഒരുമയുടെ ആഘോഷമാണ് ഈ ഡോക്യുമെന്ററി. ദുരിതത്തില്‍ പെട്ടവരുടെ അതിജീവന കഥകള്‍, രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികള്‍ നീട്ടിയ സഹായ ഹസ്തങ്ങള്‍, സന്നദ്ധ സംഘടനകളിലുള്ളവര്‍ക്കൊപ്പം കൈമെയ് മറന്ന് പണിയെടുത്ത സിനിമാ താരങ്ങള്‍, അങ്ങനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നീട്ടിയ കൈകളെ പിടിച്ചു കയറ്റിയ നിരവധി പേരെ ഈ ഡോക്യമെന്ററിയിലൂടെ ഡിസ്‌കവറി ചാനല്‍ പരിചയപ്പെടുത്തുന്നുണ്ട്. നവംബര്‍ 12ന് രാത്രി ഒമ്പത് മണിക്കായിരിക്കും ഡിസ്‌കവറി ചാനലില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക.

Read More: കേരളത്തിലെ പ്രളയത്തെക്കുറിച്ച് ഡോകുമെന്ററി: അണിയറയില്‍ മധുസൂദനന്‍, രാജീവ്‌ രവി, എം ജെ രാധാകൃഷ്ണന്‍, ഹരികുമാര്‍

ചുറ്റുപാടും വെള്ളം കയറുമ്പോള്‍ തന്റെ ജീവനേയും തനിക്കുള്ളില്‍ വളരുന്ന ജീവനേയും കാക്കാന്‍ എന്തു ചെയ്യുമെന്നറിയാതെ നിന്ന സജിതാ ജബിലിനേയും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍മി സംഘം ഹെലികോപ്റ്ററിലാണ് സജിതയെ രക്ഷിച്ചത്. ആര്‍മിയുടെ രക്ഷാപ്രവര്‍ത്തനങ്ങളിലെ ഏറ്റവും തിളക്കമുള്ള പൊന്‍തൂവല്‍ തന്നെയായിരുന്നു അത്. അന്നേ ദിവസം ഉച്ചയ്ക്കു ശേഷമായിരുന്നു ശുഭന്‍ ഒന്നുമറിയാതെ പ്രളയ ഭൂമിയിലേക്ക് പിറന്ന് വീണത്.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഴയും പ്രളയവുമാണ് ഓഗസ്റ്റ് 15 മുതല്‍ കേരളം സാക്ഷിയായത്. 11 ദിവസത്തിലധികം നീണ്ടു നിന്ന മഴ കേരളത്തെ അടിമുടി മറിച്ചിട്ടാണ് നിന്നത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളേയും പ്രളയം സാരമായി ബാധിച്ചു. 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് സംഭവിച്ചതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍.

ഈ ഡോക്യുമെന്ററിയിലൂടെ തകര്‍ച്ച എന്ന് സ്വയം നിര്‍വചിക്കാന്‍ കൂട്ടാക്കാതെ നിവര്‍ന്ന് നിന്ന് പോരാടിയ കേരളത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡിസ്‌കവറി ചാനലിന്റെ വൈസ് പ്രസിഡന്റ് ആന്‍ഡ് ഹെഡ് സുല്‍ഫിയ വാരിസ് പറഞ്ഞു.

‘സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര വലിയ ദുരന്തമാണ് ഈ വര്‍ഷം കേരളം നേരിട്ടത്. ഏതൊന്നിനേയും പോലെ ഇവിടേയും ഒരുപക്ഷെ പില്‍ക്കാലത്ത് മറവിയിലേക്ക് മാഞ്ഞുപോകുകയും തലക്കെട്ടുകളില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്യുന്ന നന്മകള്‍ ഉണ്ട്. കേരളത്തിന്റെ രക്ഷയ്ക്കും പുനര്‍നിര്‍മാണത്തിനുമായി രാപ്പകല്‍ അക്ഷീണരായി പ്രവര്‍ത്തിച്ച നൂറുകണക്കിന് ആളുകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരിക എന്നതാണ് ‘കേരള ഫ്‌ളഡ്‌സ്-ദി ഹ്യൂമന്‍ സ്റ്റോറി’ എന്ന ഡോക്യുമെന്ററിയിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ തകര്‍ച്ച എല്ലാവരും കണ്ടുകഴിഞ്ഞു. എന്നാല്‍ അത് എങ്ങനെയാണ് തകര്‍ച്ചയെ അതിജീവിച്ചതെന്നും സ്വയം കെട്ടിപ്പടുത്തതെന്നും കാണാനുള്ള സമയമായിട്ടുണ്ട്. തോറ്റുപോകാത്തെ കേരളത്തിന്റെ കഥയാണ് ഞങ്ങള്‍ പറയുന്നത്,’ സുല്‍ഫിയ വ്യക്തമാക്കി.

കേരളം നേരിട്ട പ്രളയമെന്ന മഹാദുരന്തത്തെക്കുറിച്ച് മലയാളത്തിലും ഡോക്യുമെന്ററി ഒരുങ്ങുന്നുണ്ട്. സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ‘ബയോസ്കോപ് ‘ എന്ന സിനിമ സംവിധാനം ചെയ്ത കെ.എം.മധുസൂദനനാണ് പ്രളയത്തെക്കുറിച്ചുള്ള ഡോകുമെന്ററിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നത് രാജീവ്‌ രവി, എം ജെ രാധാകൃഷ്ണന്‍ (ക്യാമറ), ഹരികുമാര്‍ (ശബ്ദലേഖനം) എന്നിവരാണ്.

ഈ ഡോകുമെന്ററിയുടെ പ്രദര്‍ശനങ്ങളില്‍ നിന്ന് ലഭിക്കുന്ന പണം പൂർണമായും കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കു വേണ്ടി മാത്രമായിക്കും ഉപയോഗിക്കുക എന്ന് സംവിധായകന്‍ കെ.എം.മധുസൂദനൻ പറയുന്നു. പ്രളയകാലത്ത് മൊബൈൽ ഫോണിലും മറ്റും ചിത്രീകരിച്ചു സൂക്ഷിച്ചിട്ടുള്ള പ്രാധാന്യമുള്ള ക്ലിപ്പിംഗ്‌സ് ഈ ഡോകുമെന്ററിയ്ക്കായി സമാഹരിക്കാനുള്ള ശ്രമവും നടക്കുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. ക്ലിപ്പിംഗ് ഡോകുമെന്ററിയില്‍ ഉപയോഗിക്കുമ്പോള്‍ പകര്‍ത്തിയയാളുടെ പേരു കൂടി ചേർത്താവും ഉപയോഗിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Discovery to premiere kerala floods the human story a documentary celebrating keralas spirit of survival

Next Story
Oru Kuprasidha Payyan Review: സമൂഹം കോര്‍ണര്‍ ചെയ്യുന്നവരുടെ ഹൃദയസ്പര്‍ശിയായ കഥ
The moderation of comments is automated and not cleared manually by malayalam.indianexpress.com