‘ലക്ക് ബൈ ചാൻസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് സംവിധായികയായി കടന്നു വന്ന സോയ അഖ്‌താർ ‘സിന്ദഗി നാ മിലേഗി ദൊബാര’, ‘ദിൽ ധട്കനേ ദോ’ എന്നീ ചിത്രങ്ങൾ വഴി ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട സംവിധായികയായി മാറി. തന്റെ ഓരോ സിനിമയിലും വ്യത്യസ്തമായ പ്രമേയങ്ങൾ പരീക്ഷിക്കുന്ന സോയയുടെ ചിത്രങ്ങളിലെ സ്ത്രീ-പുരുഷ കഥാപാത്രങ്ങളും വളരെ ശ്രദ്ധേയമാണ്. ബോളിവുഡ് വരച്ചുകാട്ടുന്ന ‘സ്റ്റീരിയോടൈപ്പ്‌’ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, വിവിധതരത്തിലുള്ള കഥാപാത്രങ്ങളുടെ ഒരു മിശ്രിതമാണ് സോയയുടെ ചിത്രങ്ങൾ. ‘ലക്ക് ബൈ ചാൻസി’ലെ സോന, ‘സിന്ദഗി നാ മിലേഗി ദൊബാര’യിലെ ലൈലയും ഇമ്രാനും, ‘ദിൽ ധട്കനേ ദോ’യിലെ ആയിഷ, സണ്ണി എന്നീ കഥാപാത്രങ്ങളുമൊക്കെ അതിനു ഉദാഹരണമാണ്. ‘ദിൽ ദഡക്നേ ദോ’യിലെ സണ്ണി ഗിൽ എന്ന കഥാപാത്രം ഫെമിനിസത്തിനെ കുറിച്ച് പറയുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

സോയയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഗല്ലി ബോയ്’. മുംബൈയിലെ റാപ്പിംഗ് കലാകാരന്മാരുടെ ജീവിതത്തെ അടിസ്ഥപ്പെടുത്തിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മികച്ച പ്രതികരണം ലഭിച്ച് ‘ഗല്ലി ബോയ്’ തിയേറ്ററുകളിൽ സ്വീകരിക്കപ്പെടുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ്സുമായി പങ്കുവയ്ക്കുകയാണ് സോയ അഖ്‌തർ.

പത്തുവർഷങ്ങൾക്കു മുൻപ് ‘ലക്ക് ബൈ ചാൻസ്’ (Luck by Chance) എന്ന ചിത്രത്തിലൂടെ എഴുത്തുകാരിയായും സംവിധായികയായും അരങ്ങേറ്റം കുറിച്ചു. സിനിമയിലെ ഈ യാത്രയെ എങ്ങനെ നോക്കിക്കാണുന്നു?

മനോഹരമായ യാത്രയായിരുന്നു. ഇതിനിടയിൽ നാല് ഫീച്ചർ സിനിമയും രണ്ട് ഷോർട്ട് ഫിലിമുകളും ഒരു വെബ് സീരീസും ചെയ്തു. വെബ് സീരീസ് മാർച്ച് 8-ന് പുറത്തിറങ്ങും. സമയം കടന്നു പോകുംതോറും കാര്യങ്ങൾ എളുപ്പമായി വരികയാണ്. ഞാൻ വ്യത്യസ്തമായ ശൈലികൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കൈയിൽ ആകർഷകമായൊരു കഥയുണ്ടെങ്കിൽ, അതിനെ ഏറ്റവും ഫലപ്രദമായ രീതിയിൽ എങ്ങനെ പറയാമെന്ന് നിങ്ങൾ ചിന്തിക്കും.

‘ഗല്ലി ബോയി’ലെ കഥാപാത്രങ്ങളെ നിർമ്മിച്ചെടുത്തൊരു പ്രക്രിയ എങ്ങനെയായിരുന്നു?

രൺവീർ സിംഗിന് റാപ്പിഗിനോട് ഒരു അഭിരുചിയുണ്ട്. മുംബൈയുടെ ദേശഭാഷയുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. അതിനാൽത്തന്നെ ആ കഥാപാത്രത്തിലേക്ക് എത്താൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു. ഗല്ലി റാപ് എന്ന സംവിധാനത്തിനെക്കുറിച്ചു എനിക്ക് മുൻപേ അദ്ദേഹത്തിന് അറിയാമായിരുന്നു. കുറച്ചു റാപ്പേഴ്സിനെ അദ്ദേഹം തന്നെ നേരത്തെ പരിചയപ്പെട്ടിട്ടുണ്ട്, കൂടുതൽ പേരെ പരിചയപ്പെടാനും താല്പര്യമുണ്ടായിരുന്നു. രൺവീർ തന്റെ സംഭാഷണങ്ങളും ആ ദേശഭാഷയും വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഡിവൈനിനൊപ്പം രൺവീർ സംഗീതവും അഭ്യസിച്ചു. തുടർന്ന് അഭിനയത്തിനായുള്ള തയ്യാറെടുപ്പുകളിലും രൺവീർ എന്നോട് സഹകരിച്ചു. ആലിയയും കഥാപാത്രത്തിനാവശ്യമായ പഠനങ്ങൾ നടത്തി. എന്റെ കഥാപാത്രങ്ങൾക്കു വേണ്ടിയുള്ള ആദ്യ ചോയ്സ് അവർ തന്നെയായിരുന്നു.

നിങ്ങളുടെ അഭിനയിതാക്കളെ തിരഞ്ഞെടുക്കുന്ന രീതി വളരെ ആകർഷകമാണല്ലോ?

നന്ദിനി ശ്രീകേന്ദ് എന്ന വിസ്മയപ്പെടുത്തുന്ന കാസ്റ്റിംഗ് സംവിധായികയ്ക്ക് ഒപ്പമാണ് ഞാൻ ജോലി ചെയ്യുന്നത്. ഇത്തവണ അവർക്കൊപ്പം കരൺ മോളി എന്ന കാസ്റ്റിംഗ് സംവിധായകനും ഉണ്ടായിരുന്നു. എൻ്റെ സിനിമയിലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഞാൻ വളരെ ശ്രദ്ധാലുവാണ്. രണ്ട് വരി പറയുന്നൊരു ഭാഗം മാത്രമേ ഒരു കഥാപാത്രത്തിന് ഉള്ളുവെങ്കിലും അതൊരു അഭിനേതാവ് തന്നെ ചെയ്യണമെന്നു വാശിയുള്ളൊരാളാണ് ഞാൻ. അതാണ് ഒരു സിനിമയെ സിനിമയാക്കുന്നത്. ആരെയെങ്കിലും ഒരു കഥാപാത്രമായി കാണാൻ സാധിക്കില്ല.

താങ്കൾ തന്നെ എഴുതുകയും സംവിധാനം ചെയ്യുകയും ചെയുന്നതുകൊണ്ട്, സെറ്റിൽ താങ്കൾക്ക് എന്താണ് ആവശ്യം എന്നുള്ളതിനെക്കുറിച്ചു കൂടുതൽ വ്യക്തതയുണ്ടോ?

റീമ കാട്ട്ഗിയും ഞാനും ചേർന്നാണ് സിനിമ എഴുതിയത്. ഞാൻ സിനിമയിലെ വളരെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന നല്ല ഒരുപറ്റം മനുഷ്യരുടെ കൂടെയാണ് ജോലി ചെയ്യുന്നത്. ഇതൊരു യോജിച്ചുള്ള പ്രവർത്തനമാണ്. അന്തിമമായി ഒരു സിനിമ എന്നത് ഒരു സംവിധായിക എന്താണ് പറയാൻ ആഗ്രഹിക്കുന്നത്, അവരുടെ കാഴ്ചപ്പാട് എന്താണ് എന്നത് തന്നെയാണ്. പക്ഷേ ആ കാഴ്ചപ്പാടിനോട്‌ ആശയങ്ങൾ ചേർത്ത് അതിനൊരു രൂപം നൽകി അതൊരു സിനിമയാക്കി മാറ്റാൻ സംവിധായികയെ സഹായിക്കുന്നത് ഈ പ്രൊഫഷണൽസ് ആണ്.

ക്യാമറയ്ക്ക് പുറകിൽ നിൽക്കുമ്പോൾ ലിംഗഭേദം എന്നത് പ്രശ്നമായി തോന്നാറുണ്ടോ?

ലിംഗഭേദം എല്ലായിടത്തുമുണ്ട്. എൻ്റെ രാഷ്ട്രീയത്തിൽ, സിനിമയിൽ, മൂല്യ ബോധത്തിൽ എല്ലായിടത്തുമുണ്ട്. അതുകൊണ്ടു തന്നെ വളരെ ശക്തമായൊരു ‘ഫീമെയിൽ ഗെയിസ്’ (female gaze) ഉണ്ട്. ഞാൻ സ്ത്രീ കഥാപത്രങ്ങളെ സൃഷ്ടിക്കുന്നതിൽ മാത്രമല്ല പുരുഷന്മാർ എങ്ങനെ ആയിരിക്കണമെന്നത് കൂടെ അതിൽ ഉൾപ്പെടുന്നു. അങ്ങനെയാണ് ഞാൻ. അങ്ങനെയാണ് ഞാൻ സ്ത്രീ-പുരുഷ കഥാപാത്രങ്ങളെയും കാണുന്നത്.

പരിമിതമായ സ്ഥലമുള്ള മുംബൈയിലെ ഒരു ഫ്ലാറ്റിലാണ് നിങ്ങൾ ‘ലസ്റ്റ് സ്റ്റോറീസ്’ നിർമ്മിച്ചത്. ആ പ്രക്രിയ എങ്ങനെയായിരുന്നു?

രുചിക ഒബ്‌റോയ് ആണ് അതിൻ്റെ സ്ക്രിപ്റ്റ് എഴുതിയത്. അവരുടെ ‘ഐലൻഡ് സിറ്റി’ എന്ന ചിത്രം എനിക്കൊരുപാട് ഇഷ്ടമായിരുന്നു. ‘ഗല്ലി ബോയി’യും ‘മെയിഡ് ഇൻ ഹെവനും’ കാരണം ഞാൻ തിരക്കിലായതിനാൽ എന്നോടൊപ്പം സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുണ്ടോ എന്നന്വേഷിച്ചു അവർക്കൊരു മെയിൽ ഞാൻ അയച്ചിരുന്നു. അവരാണ് ആ സിനിമയുടെ ആദ്യത്തെ ആശയം കൊണ്ടുവന്നതും എഴുതിയതും. ഞാൻ തന്നെ മുഴുവനായും എഴുതാത്തൊരു സ്ക്രിപ്റ്റിൽ ജോലി ചെയുന്നത് എന്റെയും ആദ്യത്തെ അനുഭവമായിരുന്നു. ഞാൻ എഴുതിയ സ്ക്രിപ്റ്റ് അല്ലെങ്കിൽ പിന്നെ, ഒരു സംവിധായിക എന്ന നിലയിൽ ദൃശ്യങ്ങൾ ചേർത്ത് കഥപറയാനാണ് ശ്രമിക്കുന്നത്.

‘ഗല്ലി ബോ’യുടെ ആൽബത്തിൽ പ്രവർത്തിച്ചപ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികൾ എന്തെല്ലാമാണ്?

ഞങ്ങളുടെ കൂടെ 54 ഓളം കലാകാരന്മാർ ഉണ്ടായിരുന്നു. പാട്ടുകാർ, എഴുത്തുകാർ, ബീറ്റ് ബോക്സേഴ്സ് (beat-boxers), നിർമാതാക്കൾ പിന്നെ മറ്റു ചിലരും. അവരെല്ലാരും സ്വതന്ത്രരായ കലാകാരന്മാരാണ്. സംഗീതത്തിന്റെ മേൽനോട്ടം വഹിക്കാൻ അങ്കുർ തിവാരി എന്ന പ്രഗത്ഭനായ സംഗീതജ്ഞനും എനിക്കൊപ്പം ഉണ്ടായിരുന്നു. പതിനാറിനും മുപ്പത്തിനുമിടയിൽ പ്രായമുള്ള ആ ഗ്രൂപ്പിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ആവേശം ജനിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു.

ബോക്സ് ഓഫീസ് കണക്കുകൾക്ക് താങ്കൾ​ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്? നിങ്ങളെ അതെത്രത്തോളം ബാധിക്കുന്നുണ്ട്?

കച്ചവടക്കാർക്കും നിർമാതാക്കൾക്കുമാണ് തുക പ്രധാനമായി വരുന്നത്. മറ്റുള്ളവരെ സംബന്ധിച്ച് അവർക്ക് ഒന്നുകിൽ സിനിമ ഇഷ്ടപെടും, അല്ലെങ്കിൽ ഇഷ്ടപ്പെടില്ല. എനിക്ക് ‘ജാനേ ഭി ദോ യാരോ’ (1983) വളരെ ഇഷ്ടമുള്ള സിനിമയാണ്. അത് എത്ര പണമുണ്ടാക്കി എന്നത് എനിക്ക് പ്രധാനമല്ല.

‘ടൈഗർ ബേബി’ എന്ന നിർമാണ കമ്പനി തുടങ്ങിയതിൽ പിന്നെ ഈ ചിന്താഗതിക്ക് മാറ്റമുണ്ടോ?

എന്റെ ജീവിതം എന്തായാലും മാറിയിട്ടുണ്ട്. റീമയും ഞാനും ചിത്രങ്ങൾ നിർമ്മിക്കാനും ഉപദേഷ്ടാക്കളായി പ്രവർത്തിക്കാനും ആഗ്രഹിക്കുന്നു. ഞങ്ങളുടെ ലക്ഷ്യത്തിന്റെ വ്യാപ്തി വർധിപ്പിക്കാനും വ്യത്യസ്തമായ സിനിമകൾ ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ട്.

വെബ് സീരീസ് ചെയ്ത അനുഭവം എങ്ങനെയുണ്ടായിരുന്നു?

വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു. എട്ട് മണിക്കൂറിനു വേണ്ടിയുള്ള ഉള്ളടക്കം ഞങ്ങൾക്ക് എഴുതേണ്ടി വന്നു. കഥാപാത്രങ്ങളെ സൃഷ്ടിക്കാനും വളർത്താനും അത്രതന്നെ സമയ൦ വേണ്ടിവരും. അലംകൃത ശ്രീവാസ്തവയും ഞങ്ങൾക്കൊപ്പം എഴുത്തിൽ സഹായിച്ചിരുന്നു. വെബ് സീരീസ് എന്ന മേഖല എനിക്കേറെയിഷ്ടമായി, അതുകൊണ്ടു തന്നെ ഇനിയും കൂടുതൽ വെബ് സീരീസ് ചെയ്യാൻ ആഗ്രഹിക്കുന്നു.

Read more: രൺബീർ ഇത്തിരി സ്‌പെഷ്യലാണേയെന്ന് രൺവീർ; നാണത്താൽ ഉത്തരംമുട്ടി ആലിയ; വീഡിയോ

സ്ത്രീ സംബന്ധമായ വിഷയങ്ങളെ കുറിച്ച് ഇൻഡസ്ട്രിയിൽ ഇപ്പോൾ ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ടല്ലോ. താങ്കളെ സംബന്ധിച്ച് അത് എന്ത് മാറ്റങ്ങളാണ് വരുത്തുന്നത്?

എനിക്ക് വരുത്തിയ മാറ്റങ്ങളെക്കാൾ, ഇൻഡസ്ട്രിയിലും ലോകത്തിലും അത് മാറ്റങ്ങൾ സൃഷ്ടിക്കണം. ഞാനൊക്കെ പ്രത്യേക അവകാശങ്ങൾ ലഭിച്ചൊരു ന്യൂനപക്ഷമാണ്. അവകാശങ്ങൾ ലഭിച്ചു എന്ന് പറയാൻ കാരണം എൻ്റെ സഹോദരൻ ഫർഹാൻ അഖ്‌തറിൽ നിന്നും വ്യത്യസ്തയായി എന്നെ കാണാത്തൊരു കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. എന്റെ യഥാർത്ഥ പ്രിവിലേജ് എന്തെന്നാൽ അതെനിക്ക് കിട്ടിയ അവസരങ്ങളും ആത്മവിശ്വാസവും സ്വാതന്ത്ര്യവുമാണ്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് മനസ്സിലാക്കി ആളുകൾ അവരെ അവരുടെ വഴിക്ക് വിടണമെന്നാണ് എൻ്റെ ആഗ്രഹം.

എഴുത്തുകാരുടെ കുടുംബത്തിൽ നിന്നും വരുന്നൊരു വ്യക്തി എന്ന നിലയിൽ എപ്പോഴെങ്കിലും സ്വന്തമായൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

എൻ്റെ കവിതകൾ ഞാൻ എന്നെങ്കിലും പ്രസിദ്ധീകരിക്കുമെന്ന് തോന്നുന്നില്ല. ഡാഡി(ജാവേദ് അഖ്‌തർ)യ്ക്ക് ഒപ്പം ഒരു ഫീച്ചർ സിനിമയ്ക്കു വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. ഒരു വെബ് ഷോയ്ക്ക് വേണ്ടി അമ്മ(ഹണി ഇറാനി)യ്ക്ക് ഒപ്പം പ്രവർത്തിക്കാനും ആലോചിക്കുന്നുണ്ട്.

Read more: ‘ഗല്ലി ബോയ്’ ലുക്കിൽ രൺവീർ; കൂട്ടിന് ആലിയയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook