നടന്‍ ജയസൂര്യ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നത് വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന ചിത്രത്തിലാണ്. കാവ്യ മാധവന്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍, ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ സിനിമയിൽ നായകവേഷം ചെയ്യേണ്ടിയിരുന്നത് ജയസൂര്യ ആയിരുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു.

Read Also: മമ്മൂട്ടി, ദുല്‍ഖര്‍, ദിലീപ്, കാവ്യ… ചാക്കോച്ചന്റെ ഇസഹാക്കിനെ കാണാന്‍ താരങ്ങള്‍ എത്തിയപ്പോള്‍

മറ്റൊരു സൂപ്പര്‍ താരത്തെയാണ് ആദ്യം നായകവേഷത്തില്‍ പരിഗണിച്ചതെന്നും എന്നാല്‍, പിന്നീട് ജയസൂര്യയിലേക്ക് എത്തുകയായിരുന്നെന്നും വിനയന്‍ പറഞ്ഞു. മനോരമ ന്യൂസ് ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്.

ദിലീപിനെ നായകനാക്കി സിനിമ ചെയ്യാമെന്നാണ് ആദ്യം കരുതിയതെന്ന് വിനയന്‍ അഭിമുഖത്തില്‍ പറഞ്ഞു. ദിലീപിനെ നായകനാക്കി എട്ടോളം സിനിമകൾ ചെയ്തു വരുന്ന സമയത്താണ് ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വരുന്നത്. എന്നാൽ, ദിലീപിന്റെ ഡേറ്റുമായി ക്ലാഷ് വന്നു. പിന്നീട് മറ്റൊരു നായകനെ കുറിച്ച് ആലോചിക്കുകയായിരുന്നു. ഒരു പുതുമുഖത്തെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്‌താലോ എന്ന് നിർമാതാവിനോടു ചോദിച്ചു. നായകനെ തീരുമാനിക്കുന്നത് വിനയന്റെ ഇഷ്‌ടമാണെന്ന് നിർമാതാവ് പറഞ്ഞു. അതിനുശേഷമാണ് ജയസൂര്യയിലേക്ക് എത്തിയതെന്നും വിനയൻ പറയുന്നു.

Read Also: മഹാരാജാസിലെ മമ്മൂട്ടി ഇങ്ങനെയായിരുന്നു; മഹാനടന്റെ അത്യപൂർവ ചിത്രം

മകൻ വിഷ്‌ണുവും എന്റെ ഭാര്യയും ചേർന്നാണ് ജയസൂര്യയെക്കുറിച്ച് എന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച് നടക്കുന്ന സമയമാണ്. കുറച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് വലിയ സ്ക്രീനിലെത്തുന്നത്. അതും വലിയ നായകനായി. പോരാത്തതിന് ഡയലോഗും ഇല്ല. സാധാരണ നടന്മാരൊക്കെ ഡയലോഗ് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. എന്നാൽ, ഈ സിനിമയില്‍ ജയസൂര്യയ്ക്ക് ഡയലോഗും ഇല്ല. സിനിമ പിന്നീട് സൂപ്പർ ഹിറ്റായി. തമിഴിലും തെലുങ്കിലുമൊക്കെ ജയസൂര്യ തന്നെയായിരുന്നു നായകൻ. ആറുമാസം കൊണ്ട് ജയസൂര്യ വലിയ നടനായെന്നും വിനയൻ അഭിമുഖത്തിൽ പറഞ്ഞു.

വിനയൻ സംവിധാനം ചെയ്‌ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ 2002 ലാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമ വൻ വിജയമായി. നടൻ ഇന്ദ്രജിത്തിന്റെ കരിയറിലെ ശ്രദ്ധേയമായ വേഷമായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിൽ ലഭിച്ചത്. പി.കെ.ആർ പിള്ളയാണ് സിനിമ നിർമിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook