മലയാളത്തിന്റെ പ്രിയകലാകാരൻ കലാഭവൻ മണി മരിച്ചിട്ട് ഒരു വർഷം തികയുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വേർപാട് ഒരുപാട് വേദനയുണ്ടാക്കിയ ഒന്നാണ്. ഞാനുമായി നല്ല ബന്ധം പുലർത്തിയ വ്യക്തിയാണ് മണി. ഒരുപാട് നല്ല ചിത്രങ്ങൾ ഞങ്ങൾ ഒരുമിച്ച് ചെയ്‌തു. എന്റെ മികച്ച ചിത്രങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്നത് മണി അഭിനയിച്ച രണ്ട് ചിത്രങ്ങൾ തന്നെയാണ്. കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങൾ. നല്ലൊരു സഹകരണം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

എന്റെ 13 ഓളം ചിത്രങ്ങളിൽ മണി അഭിനയിച്ചിട്ടുണ്ട്. വില്ലനായും കോമേഡിയനായും അദ്ദേഹത്തെ ഞാൻ സിിനിമകളിൽ കൊണ്ട് വന്നിട്ടുണ്ട്. സല്ലാപത്തിന് ശേഷം കല്ല്യാണ സൗഗന്ധികത്തിൽ ഒരു മുഴുനീള കോമഡി കഥാപാത്രമായും മണിയെ അഭിനയിപ്പിച്ചു.

സമൂഹത്തിലെ താഴെ തട്ടിൽ നിന്ന് വളർന്ന് വന്ന കലാകരാനാണദ്ദേഹം. അദ്ദേഹത്തെ കൈ പിടിച്ചുയർത്തേണ്ടത് ആവശ്യമായിരുന്നു. എന്നാൽ മരിക്കുന്നത് വരെ അങ്ങനെ ആരെങ്കിലും മണിയെ പരിഗണിച്ചിട്ടുളളതായി അറിവില്ല.

കേരളത്തിൽ മരിച്ചു കൊണ്ടിരിക്കുന്ന നാടൻ പാട്ടിനെ തിരിച്ചു കൊണ്ടുവന്ന് പുനർജന്മം കൊടുത്തതും മണിയായിരുന്നു. നാടൻ പാട്ടിനെ വലിയ ശൃംഖലയാക്കി മാറ്റിയതും മണിയാണ്. ലക്ഷക്കണക്കിന് ആളുകളിപ്പോൾ മണിയുടെ പാട്ട് കേട്ട് ആസ്വദിക്കുന്നുണ്ട്. കൊച്ചു കുട്ടികളടക്കം മണി മരിച്ചിട്ടില്ലെന്ന് പറഞ്ഞ് പാട്ട് ആസ്വദിക്കുന്നുണ്ട്.

വന്ന വഴി ഒരിക്കലും മണി മറന്നിട്ടില്ല. ദാരിദ്ര്യത്തിൽ ജീവിച്ചതും കൂലി വേലയെടുത്തതും മണി മറന്നില്ല. അന്ന് കൂടെയുണ്ടായിരുന്നവരിൽ കഷ്‌ടപ്പെടുന്നവരെ ഇരു ചെവിയറിയാതെ മണി സഹായിച്ചിരുന്നു. അതിൽ ഏറ്റവും മറക്കാൻ പറ്റാത്ത ഒരു കാര്യം അദ്ദേഹത്തിന്റെ അനുസ്‌മരണ പരിപാടിക്ക് പോയപ്പോൾ ഒരാൾ പറഞ്ഞ കാര്യമാണ്. കുടിൽ കെട്ടി കഴിയുന്ന പതിനഞ്ചോളം കുടുംബങ്ങൾക്ക് വീട് വയ്‌ക്കാനായി പണം കൊടുത്ത് മണി സഹായിച്ചു. ഇത് പക്ഷേ ആരുമറിഞ്ഞിട്ടില്ല. അദ്ദേഹം മരിച്ചതിന് ശേഷമാണ് ഞാൻ ഇതറിയുന്നത്. ഇത് വളരെ വലിയൊരു കാര്യമായിട്ട് എനിക്ക് തോന്നി. ഒരു പാട് നന്മ അതിലുണ്ട്.

വിട പറഞ്ഞ് ഒരു വർഷമായിട്ടും എങ്ങനെയായിരുന്നു മരണമെന്ന് പറയാൻ പൊലീസിന് കഴിഞ്ഞിട്ടില്ലായെന്നത് വേദനാജനകമായ കാര്യമാണ്. ഇത് ഒരു കൊലപാതകമാണെന്ന് വിശ്വസിക്കാൻ പറ്റുന്ന ഒരു മാനസികാവസ്ഥയല്ല ഞാൻ. പൊലീസ് അന്വേഷിച്ച് എന്താണ് സംഭവിച്ചതെന്ന് പറയുന്നില്ല. ഇതിൽ കുറച്ച് ദുരൂഹതയൊക്കെയുണ്ട്. ആന്തരികാവയവങ്ങളുടെ കാക്കനാട് നടന്ന പരിശോധനയിൽ വിഷാംശമില്ലെന്നും എന്നാൽ കേരളത്തിന് പുറത്ത് നടന്നതിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തിയതും സംശയാജനകമാണ്. അതുപോലെ മണിയുടെ അനിയൻ രാമകൃഷ്‌ണൻ പറയുന്ന കുറേ കാര്യങ്ങൾ. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് രാമകൃഷ്‌ണൻ നിരത്തുന്ന കുറേ വാദങ്ങളെല്ലാം സംശയം കൂട്ടുന്നു. മണി എങ്ങനെയാണ് മരിച്ചതെന്ന് പറയാൻ കഴിയാത്ത പൊലീസ് ഭാഷ്യം വളരെ വേദനാജനകമാണ്.

കേസ് സിബിഐയ്ക്ക് വിട്ടെങ്കിലും മണിയുടെ മരണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണം. ഒരു പക്ഷേ ഡൽഹിയിലുളളവർക്ക് ആരാണ് മണിയെന്നറിയില്ലായിരിക്കാം. അതിന് അമ്മ എന്ന സംഘടന ഇടപെടണം. ഒരു കൂട്ടായ്മ ഇതിന് വേണ്ടി നടത്തണം. ഇന്നസെന്റും മമ്മൂട്ടിയും മോഹൻലാലും എല്ലാം ഇടപെട്ട് അന്വേഷണം നടത്താൻ ആവശ്യപ്പെടണം. എന്നിട്ട് മരണവുമായി ബന്ധപ്പെട്ട ദുരൂഹത അവസാനിപ്പിക്കണം.

മണിയെ പോലെ ഇത്രയും ജനപിന്തുണയുളള നടൻ കേരളത്തിലില്ല. ഈ മാസം 26 വരെ മണിയുടെ അനുസ്‌മരണ പരിപാടികൾ കേരളത്തിലങ്ങോളം ഇങ്ങോളം നടക്കുന്നുണ്ട്. തമിഴിലെ സൂപ്പർതാരങ്ങളോട് കാണിക്കുന്ന ഒരു വികാരമാണ് മണിയോട് മലയാളിക്കുളളത്. വെറും സാധാരണക്കാരനായിട്ടാണ് ഈ സ്നേഹമെന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

മരിക്കുന്നതിന് ഒരു മാസം മുന്നേ ഒരഭിമുഖത്തിൽ മണി പറഞ്ഞതോർക്കുന്നു. “ഞാൻ മരിച്ച് കഴിഞ്ഞായിരിക്കും എന്റെ വില നിങ്ങളറിയുക. ഒരു ഒന്നര മാസം കേരളത്തിലെ ചാനലുകൾ ഓടുന്നത് എന്റെ പരിപാടികൾ വച്ചായിരിക്കും. എന്നാൽ ഒന്നല്ല പല ചാനലുകളും ആറു മാസത്തിലധികം മണിയുടെ പരിപാടികൾ വച്ച് ഓടിയിട്ടുണ്ട്”.

ജനഹൃദയങ്ങളിൽ കയറിയ കലാകാരനായിരുന്നു മണി. മരണസമയത്ത് അദ്ദേഹത്തെ കാണാനായി ഒഴുകിയെത്തിയ ജനസഞ്ചയം അതിന് തെളിവാണ്. സാധാരണക്കാർക്ക് ആരുമറിയാതെ മണി നടത്തിയ സഹായങ്ങൾ, സംവേദങ്ങൾ. സിനിമയ്‌ക്കപ്പുറമായിരുന്നു ആ ബന്ധങ്ങൾ. അതായിരുന്നു മണിയ്‌ക്ക് കിട്ടിയ സ്നേഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook