scorecardresearch
Latest News

താരാധിപത്യം ഇങ്ങനെ വളർത്തി വഷളാക്കിയതിൽ സംഘടനകൾ പശ്ചാത്തപിക്കണം: വിനയൻ

“അച്ചടക്കം വേണമെന്നു പറഞ്ഞ എന്നെ കൊല്ലാനാണ് നിങ്ങൾ അന്നു നിന്നത്. സൂപ്പർസ്റ്റാർ പദവിയിലെത്തിയിരുന്ന ആ നടനെ അന്ന് നിങ്ങൾക്കൊക്കെ ആവശ്യമുണ്ടായിരുന്നു”

Vinayan, Vinayan latest news

മലയാളസിനിമയിൽ വീണ്ടും ‘വിലക്ക്’ ചർച്ചയാവുകയാണ്. നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗത്തെയും സിനിമയിൽ നിന്നു വിലക്കി സിനിമാ സംഘടനകൾ തീരുമാനമെടുത്തിരിക്കുകയാണ്. സെറ്റിൽ താരങ്ങളുടേത് മോശം പെരുമാറ്റമാണെന്നും സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

ശ്രീനാഥ് ഭാസിയുടെയും ഷെയ്ൻ നിഗത്തിന്റെയും വിലക്കുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ചു കൊണ്ട് സംവിധായകൻ വിനയൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുൻപ് സംഘടനകളുടെ വിലക്ക് നേരിടേണ്ടി വന്ന ആളാണ് വിനയനും. തുടർന്ന് നിയമ പോരാട്ടത്തിലൂടെ നീതി നേടിയെടുക്കുകയായിരുന്നു.

“മലയാള സിനിമയിൽ നഷ്ടപ്പെട്ടു പോയ അച്ചടക്കം തിരിച്ചു പിടിക്കുന്ന നടപടികളുടെയും ശുദ്ധീകരണത്തിൻെറയും കാലമാണല്ലോ ഇപ്പോൾ. കാശു മേടിച്ച് അക്കൗണ്ടിലിട്ടിട്ട് നിർമ്മാതാവിനെയും സംവിധായകനെയും കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനാണെങ്കിലും നടിയാണെങ്കിലും അവരെ വരച്ച വരയിൽ നിർത്തണമെന്നു തന്നെയാണ് എൻെറ അഭിപ്രായം. സിനിമാ സംഘടനകളുടെ നേതൃത്വത്തിൽ ഇതിനൊക്കെ എതിരെ ശക്തവും നിഷ്പക്ഷവുമായ നടപടി ഉണ്ടാകണമെന്ന കാര്യത്തിൽ സിനിമയേ സ്നേഹിക്കുന്ന ആർക്കും സംശയമുണ്ടാകില്ല. എന്നേയും എൻെറ അമ്മയേയും എഡിറ്റു ചെയ്ത പോർഷൻ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാലേ ഞാനിനി അഭിനയിക്കാൻ വരൂ എന്ന് പ്രത്യേകിച്ച് ഒരു മാർക്കറ്റുമില്ലാത്ത ഷെയിന്‍ നിഗം എന്ന നടൻ പോലും പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയെങ്കിൽ അതിനേക്കുറിച്ച് സംഘടനാ നേതാക്കൾ ഇപ്പോ വിലപിച്ചിട്ടു കാര്യമില്ല. പല രീതിയിലും താരാധിപത്യം വഷളാക്കി വളർത്തിയതിൽ തങ്ങൾക്കുള്ള പങ്കിനെപ്പറ്റി അവർ പശ്ചാത്തപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഡേറ്റ് കൊടുത്തിട്ട് കൃത്യ സമയത്ത് ഷൂട്ടിംഗിനെത്തുന്നില്ല എന്ന പരാതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ ഉള്ളത്. അക്ഷന്തവ്യമായ തെറ്റു തന്നെയാണത്. സംശയമില്ല. സംഘടനാ നേതൃത്വത്തിലുള്ളപ്പോൾ ഇത്തരം അച്ചടക്ക ലംഘനങ്ങളെ ഞാൻ ശക്തമായി എതിർത്തിരുന്നു എന്ന കാര്യം മലയാള സിനിമയിലെ ചലച്ചിത്ര പ്രവർത്തകർക്കൊക്കെ അറിയാവുന്ന കാര്യമാണ്,” സുദീർഘമായ കുറിപ്പിൽ വിനയൻ പറയുന്നു.

കൊച്ചിയിൽ ചേര്‍ന്ന യോഗത്തിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്. മയക്കുമരുന്നിനടിമകളായ ഈ നടൻമാരുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ഇപ്പോൾ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇവർക്ക് പൂർത്തിയാക്കാം. പുതിയ സിനിമകൾ ഇവരെ വച്ച് ചെയ്യണമോ വേണ്ടയോ എന്ന് നിർമാതാക്കൾക്ക് തീരുമാനിക്കാം. എന്നാൽ പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതിൽ സംഘടന ഇടപെടില്ലെന്നും രഞ്ജിത് പറഞ്ഞു.

ദിവസങ്ങൾക്കു മുൻപ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു. അതിന്റെ പിന്നാലെയാണ് ഈ തീരുമാനം വരുന്നത്. ഈ താരങ്ങൾക്കെതിരെ നേരത്തേയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നത് പിന്നീട് പിൻവലിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Director vinayan about shane nigam and sreenath bhasi issue