സിനിമ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിൽ നിന്നും പുറത്തു പോകുന്നതായി സംവിധായിക വിധു വിൻസെന്റ്. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യൂസിസി തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് ഡബ്ല്യൂസിസിക്ക് ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നതായും വിധു വിൻസെന്റ് തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
വിധുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വിമൻ ഇൻ സിനിമ കലക്ടീവിന്റെ രൂപീകരണം. താരസംഘടനയായ അകത്തും പുറത്തും ഡബ്ല്യുസിസി ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. നടന് ദിലീപിനെതിരെ ഈ കേസുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകള്‍ ഡബ്ല്യുസിസി സ്വീകരിക്കുകയും ചെയ്തിരുന്നു. ഡബ്ല്യുസിസിയുടെ തുടക്ക കാലം മുതല്‍ അവരുടെ നിലപാടുകള്‍ മാധ്യമങ്ങളിലേക്ക് എത്തിയിരുന്നത് പലപ്പോഴും വിധു വിന്‍സെന്റ് വഴിയായിരുന്നു.
കഴിഞ്ഞവർഷമാണ് (2019) വിധു വിൻസെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡ് അപ് എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. മാന്‍ഹോള്‍ എന്ന ആദ്യ ചിത്രത്തിനു ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് സ്റ്റാന്‍ഡ് അപ്പ് എത്തിയത്. ബി. ഉണ്ണികൃഷ്ണനായിരുന്നു സ്റ്റാൻഡ് അപ്പിന്റെ നിർമാതാവ്. മാൻഹോളിലൂടെ മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി സംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ വനിത എന്ന ഖ്യാതിയും വിധു നേടിയിരുന്നു.
നേരത്തേ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ, സിനിമ മുടങ്ങിപ്പോകും എന്നൊരു അവസ്ഥയില്‍, അല്ലെങ്കില്‍ ഉണ്ണികൃഷ്ണന് നിര്‍മാതാവായി എത്തിയ ഒരു ഘട്ടത്തില്‍ ഡബ്ല്യൂസിസി അംഗങ്ങളുമായി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് വിധു വിൻസെന്റ് നൽകിയ മറുപടി ഇങ്ങനെ:
ഓരോരുത്തരും അവരവരുടെ പ്രോജക്ടുകളെ കുറിച്ചോ അതിനൊപ്പം നിൽക്കുന്നവരെ കുറിച്ചോ അവരവരുടെ വർക്കുമായി ബന്ധപ്പെട്ട വിഷമങ്ങളെയും പ്രതിസസന്ധികളെയും കുറിച്ചോ സംസാരിക്കുന്ന ഒരു കീഴ്വഴക്കം ഇതു വരെ ഞങ്ങളുടെ സംഘടനയിൽ ഇല്ല.അതാവശ്യമുണ്ട് എന്നു ഞാൻ കരുതുന്നുണ്ട്. പിന്നെ ഡബ്ല്യൂസിസി രൂപപ്പെട്ടിട്ട് അധികമായില്ല. സംഘടനാ രാഷ്ട്രീയത്തിന്റെ ബോധ്യങ്ങളിലേക്ക് അത് ഉണർന്നു വരുന്നതേയുള്ളൂ. സംവിധായകരായ മറ്റു സുഹൃത്തുക്കള്‍ ഇന്ദു, ശ്രീബാല കെ മേനോന്, സൗമ്യ തുടങ്ങിയവരൊക്കെ അടുത്ത സിനിമയിലേക്കെത്താന് ബുദ്ധിമുട്ടുന്നവരാണ്. അതിനൊരു കൈത്താങ്ങാകാന്‍ പലപ്പോഴും നമ്മുടെ സംഘടനയ്ക്ക് പറ്റുന്നില്ല. കാരണം അതിനു പറ്റുന്ന ഒരു അവസ്ഥയില്‍ അല്ല സംഘടന എന്നതാണ് സത്യം. സ്വാഭാവികമായും പുറത്തുള്ളവരെ നമുക്ക് ബന്ധപ്പെട്ടേ മതിയാകൂ. നമ്മള് സിനിമയെടുത്തുകൊണ്ടു തന്നെ വേണം ഇതിനകത്ത് ചില സമാന്തരങ്ങള്‍ സൃഷ്ടിക്കാന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. പെണ്‍സിനിമകളുടെ പാരലലുകള്‍ ഉണ്ടാക്കാന്‍ നമ്മള് സിനിമയെടുത്തേ പറ്റൂ. നമ്മുടെ ശബ്ദം കേള്‍പ്പിക്കുക എന്നതാണ് പ്രധാനം.