മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കലക്ടീവിൽ (WCC) നിന്നും ജൂലൈ നാലാം തീയതിയാണ് സംവിധായിക വിധു വിൻസെന്റ് രാജി വച്ചത്. ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും മാധ്യമവക്താവുമായിരുന്ന വിധുവിന്റെ സംഘടനയില്‍ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. അതിനെല്ലാം വിരാമമിട്ട് കൊണ്ടാണ് വിധുവിന്റെ നീണ്ട വിശദീകരണം.
തന്റെ രാജി പ്രഖ്യാപനത്തില്‍ സൂചിപ്പിച്ച ‘സംഘടനയ്ക്ക് ആത്മവിമർശനത്തിനുള്ള കരുത്ത് ഉണ്ടാവട്ടെ’ എന്ന പരാമര്‍ശത്തെ സാധൂകരിക്കുന്ന, മൂന്നു വര്‍ഷത്തോളമള്ള സംഘടനാ പ്രവര്‍ത്തനത്തില്‍ താന്‍ നേരിട്ട ‘എലീറ്റിസം’ ഉള്‍പ്പടെയുള്ള വിവേചനാനുഭവങ്ങള്‍ എടുത്തു കാട്ടിയാണ് വിധുവിന്റെ വിശദീകരണം. ‘സിനിമയിലെയും സിനിമയുടെ പരിസരങ്ങളിലെയും സ്ത്രീവിരുദ്ധതയെ ചൂണ്ടി കാണിക്കുകയും സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഒരു താങ്ങായി നിന്ന കൊണ്ട് സ്ത്രീകൾക്ക് അന്തസ്സോടെ തൊഴിൽ ചെയ്യാൻ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ അറിവിൽ ഡബ്ല്യൂസിസിയുടെ പ്രധാന താല്പര്യം. വിയോജിപ്പുകൾ ഉള്ളപ്പോഴും അത് പൊതുവിടത്തിൽ ചർച്ചക്ക് വക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതും മേല്പറഞ്ഞ താല്പര്യത്തിന് അത് വിഘാതമായേക്കും എന്നോർത്തിട്ടാണ്. പക്ഷേ പുതിയൊരു സാഹചര്യത്തിൽ ഞാൻ സംഘടനാ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു ശേഷവും അപവാദ പ്രചരണങ്ങൾ നടത്തിയും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പടച്ചുവിട്ടും എന്നെ പരസ്യമായി വ്യക്തിഹത്യ നടത്താൻ ചിലർ മുതിർന്ന സാഹചര്യത്തിലാണ് രാജിക്കത്ത് പരസ്യപ്പെടുത്താൻ തീരുമാനിച്ചത്.’ ഡബ്ല്യൂസിസിയിലെ ചിലരെങ്കിലും നടത്തുന്ന നുണപ്രചരണങ്ങൾ കൂടുതൽ പേരെ ബാധിക്കാനിടയാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞതു കൊണ്ട് കൂടിയാണ് ഒരാഴ്ച മുമ്പ് അയച്ച കത്ത് വെളിപ്പെടുത്തുന്നത് എന്നും വിധു സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
‘NO’ പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം
രണ്ടാം സിനിമയായ ‘സ്റ്റാന്റ് അപ്പി’ന് വേണ്ടി നിര്‍മ്മാതാവിനെ കണ്ടെത്താന്‍ താന്‍ ഏറെ ബുദ്ധിമുട്ടി എന്നും, ആ സമയത്ത് തന്നെ സഹായിക്കാനായി ഡബ്ലൂസിസി അംഗങ്ങളായ അഞ്ജലി മേനോന്‍, സജിത മഠത്തില്‍ എന്നിവര്‍ മുന്നോട്ടു വന്നിരുന്നു എന്നും ഓര്‍ക്കുന്ന വിധു, നടി പാര്‍വ്വതി തിരുവോത്തില്‍ നിന്നും നേരിട്ട ഒരു അനുഭവം എടുത്തു പറയുന്നുണ്ട്.
‘ഗൾഫിലുള്ള എന്റെയൊരു സുഹൃത്ത് മറ്റ് മൂന്ന് പേരുമായി ചേർന്ന് ഈ സിനിമ നിർമ്മിക്കാം എന്നൊരു വാഗ്ദാനം നല്കിയത് ആയിടയ്ക്കാണ്. പാർവ്വതിയെ കാസ്റ്റ് ചെയ്താൽ കുറച്ചു കുടി വലിയ ക്യാൻവാസിൽ ഈ സിനിമ നിർമ്മിക്കാം എന്നൊരു നിർദേശവും അവർ പറഞ്ഞു. പാർവതിയ്ക്ക് തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തിൽ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോട് ചോദിക്കുകയും ചെയ്യുകയുണ്ടായി. അഞ്ജലിയുടെ നിർദ്ദേശ പ്രകാരം പാർവതിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതിൽ പ്രകാരം പാർവ്വതിയെ ഉയരെയുടെ സെറ്റിൽ പോയി കണ്ടു.സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാർവതിയുടെ മറുപടി. മാസങ്ങൾ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്ന് കണ്ടപ്പോൾ അത് ഉപേക്ഷിച്ചു. ഒരു ‘NO’ പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ. ആ സമയത്ത് കൂട്ടിപ്പിടിക്കാവുന്ന ആത്മവിശ്വാസം മുഴുവൻ സംഭരിച്ച് മുന്നോട്ട് പോകാൻ തീരുമാനിക്കുകയും നിമിഷയേയും രജിഷയേയും സമീപിക്കുകയും ചെയ്തു. അവർ മുന്നോട്ട് വന്നപ്പോൾ ഉണ്ടായ ആശ്വാസം വാക്കുകളിൽ വിവരിക്കാവുന്നതല്ല.’
ദീദി ദാമോദരന്റെ മകളുടെ സിനിമയില്‍ നിന്നും വിധുവിന്റെ സിനിമയിലേക്ക് എത്തിയ നിര്‍മ്മാതാവ്
വിവിധ നിര്‍മ്മാതാക്കളെ സമീപിക്കുകയും പലരും സിനിമ ചെയ്യാം എന്ന് തീരുമാനിക്കുകയും ഒടുവില്‍ പല കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോവുകയും ചെയ്ത സാഹചര്യത്തിലാണ് താന്‍ ബി ഉണ്ണികൃഷ്ണനെ സമീപിച്ചത് എന്ന് വിധു കുറിപ്പില്‍ പറയുന്നു. മുംബൈയിലെ ഉള്‍പ്പടെയുള്ള നിര്‍മ്മാതക്കള്‍ക്ക് വിധുവിനെ പരിചയപ്പെടുത്തുകയും അതൊന്നും തന്നെ വിധുവിനും കൂട്ടര്‍ക്കും ഉണ്ടായിരുന്ന നിശ്ചിത സമയത്തിനുള്ളില്‍ നടക്കാന്‍ സാധ്യതയില്ലാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ബി ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ‘സ്റ്റാന്റ് അപ്പ്’ നിര്‍മ്മിക്കാന്‍ മുന്നോട്ടു വരുന്നത്. ഡബ്ല്യൂസിസി അംഗമായ ദീദി ദാമോദരന്റെ മകളുടെ ചിത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടക്കുന്നു എന്നും വിധുവിന്റെ ചിത്രം ഒരുപാട് മുന്നോട്ട് പോയത് കൊണ്ട് വിധുവിന്റെ ചിത്രം ചെയ്യാം എന്നും നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയാമായിരുന്നു. ഇതേതുടര്‍ന്ന്‍ ദീദി ദാമോദരന് തന്നോട് താല്പര്യക്കുറവുണ്ടായിരുന്നതായി മനസ്സിലാക്കിയതായും വിധു കത്തില്‍ സൂചിപ്പിക്കുന്നു.
Read More: ഞാൻ നിങ്ങളിൽ പെട്ടവളല്ലെന്ന് ബോധ്യപ്പെടുത്തിയതിൽ നന്ദി; ഡബ്ല്യുസിസിയോട് വിധു വിൻസെന്റ്
‘അടുത്ത ദിവസം ഉണ്ണികൃഷ്ണൻ ഫോണിൽ വിളിച്ച് ആന്റോ ജോസഫുമായി സംസാരിച്ചിട്ടുണ്ടെന്നും നിങ്ങൾ നേരിട്ട് കാര്യങ്ങൾ അദ്ദേഹത്തെ ബോധിപ്പിക്കണമെന്നും പറഞ്ഞു. പ്രോജക്ടിന്റെ വിശദാംശങ്ങൾ കേട്ട ആന്റോ ജോസഫ് പടം ചെയ്യാമെന്ന് സമ്മതിച്ചു. ഒപ്പം ഒരു കാര്യം കൂടി സൂചിപ്പിച്ചു. ‘നിങ്ങളുടെ ഡബ്ല്യൂസിസി യിലെ ദീദിയുടെ മകളുടെ പടത്തിന്റെ കാര്യം ചർച്ചക്ക് വന്നിരുന്നുവെന്നും നിങ്ങൾ ഇത്രയധികം ഇക്കാര്യത്തിൽ മുന്നോട്ട് പോയതു കൊണ്ട് ഈ പടം തന്നെ ചെയ്യാമെന്ന് വിചാരിക്കുകയാണെന്നും’ അദ്ദേഹം പറഞ്ഞു. സിനിമക്ക് ഒന്നരക്കോടി നല്കാമെന്നും ഒരു കാരണവശാലും ബജറ്റ് കൂടാൻ പാടില്ലെന്നും മാത്രമാണ് ആന്റോ ജോസഫ് നിദ്ദേശിച്ചത്. നിർമ്മാണം ആന്റോ ജോസഫെന്നും വിതരണം ആര്‍ ഡി ഇല്യൂ മിനേഷൻസ് എന്നുമാണ് ആദ്യം തീരുമാനിച്ചതെങ്കിലും പടം രണ്ടു പേരും സംയുക്തമായി ചെയ്യാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ നിർമ്മാതാക്കൾ എന്ന് പറഞ്ഞ് തന്നെ സെക്കന്റ് ലുക്ക് പോസ്റ്റർ ഇറക്കാം എന്ന് പിന്നീട്അഭിപ്രായപ്പെട്ടതും ആന്റോ ജോസഫ് ആയിരുന്നു.
തിരുവനന്തപുരത്ത് ഷൂട്ടിംഗിനിടയിൽ ഒരു ദിവസം ബീനാമ്മയും (ബീനാ പോള്‍) ദീദിയും സജിതയും (മഠത്തില്‍) കൂടി സെറ്റിലെത്തിയിരുന്നു. സജിത ഈ സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു. പക്ഷേ പിന്നീട് ഞാനറിഞ്ഞു, ദീദിക്ക് വരാൻ തീരെ താല്പര്യമുണ്ടായിരുന്നില്ല എന്നും ബീനയും സജിതയും നിർബന്ധിച്ചിട്ടാണ് അവരെത്തിയതെന്നും.’

അന്തപുരവാസികളോട് സംവാദം സാധ്യമല്ല
‘സ്റ്റാന്റ്-അപ്പി’ന്റെ നിര്‍മ്മാണം ബി ഉണ്ണികൃഷ്ണന്‍ ഏറ്റെടുക്കുന്നതോട് കൂടിയാണ് വിധുവും സംഘടനയും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ നായകനാക്കി ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രം സംവിധാനം ചെയ്ത ബി ഉണ്ണികൃഷ്ണന്റെ പണത്തില്‍ വിധു ചിത്രം ഒരുക്കുന്നു എന്നത് ഡബ്ല്യൂസിസിയിലെ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കിരുന്നതായി മനസ്സിലാക്കിയിരുന്നു. ഡബ്ല്യൂസിസിയിള്ള പലരും വ്യക്തിപരവും തൊഴിൽപരവുമായ പല ആവശ്യങ്ങൾക്കുമായി എപ്പോഴും സമീപിക്കുന്ന ആളാണ് ഉണ്ണികൃഷ്ണനെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ട് ഈ ആശയകുഴപ്പം തനിക്ക് പിടികിട്ടിയിരുന്നില്ല എന്നും വിധു പറയുന്നു. തുടര്‍ന്ന്‍ വിധുവിനോട് ഡബ്ല്യൂസിസി ഇതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
Read More: ഗുരുതര ആരോപണങ്ങളുമായി വിധു വിൻസെന്റ്, തട്ടത്തിൻമറയത്ത് ഓർമകളിൽ നിവിൻ: ഇന്നത്തെ സിനിമാവാർത്തകൾ
‘എനിക്ക് ഉണ്ണികൃഷ്ണനെ പരിചയം സിനിമയിലൂടെയല്ല; അതിനൊക്കെ മുൻപ് സാഹിത്യ വിമർശമേഖലകളിൽ അദ്ദേഹം നടത്തിയിരുന്ന ഇടപെടലുകളോട് സംവദിച്ചാണ് എനിക്ക് അദ്ദേഹത്തെ പരിചയം. ഞാനറിയുന്ന ഇദ്ദേഹം ഒരു കൊലപാതകിയോ അക്രമിയോ അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിലിടപെട്ടതിന്റെ പേരിൽ കോടതി കയറേണ്ടി വരികയോ ചെയ്ത ആളല്ല. ഉണ്ണികൃഷ്ണന്റെ സാമൂഹിക, രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെ ഇഴകീറി പരിശോധിച്ചതിന് ശേഷമേ അദ്ദേഹത്തോടൊപ്പം തൊഴിൽ എടുക്കാൻ പാടുള്ളൂ എന്ന തിട്ടൂരം ഇറക്കുന്ന അന്തപുരവാസികളോട് സംവാദം സാധ്യമല്ല എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. (By the way, it would be interesting to see how would that discussion take shape if such a topic put into a discussion in a larger frame, I mean the whole film industry)
മറ്റൊരു പ്രധാന കാര്യം, നമ്മുടെ സംഘടനയിൽ പെട്ടവർ തന്നെ പല സമയത്തായി പല ആവശ്യങ്ങളുമായി സമീപിക്കുന്ന ആളാണ് ഉണ്ണികൃഷ്ണൻ എന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചല്ലോ. ബീനാമ്മ അടക്കമുള്ളവർ ഉണ്ണികൃഷ്ണന്റെ സഹായം നിർണ്ണായകമായ പല സന്ദർഭങ്ങളിലും ഉപയോഗിച്ചിരുന്ന കാര്യം ഈ അവസരത്തിൽ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. സഹായങ്ങൾ രഹസ്യമായി ആവാം, പരസ്യമായി പാടില്ല എന്നാണോ? ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള ആളായതു കൊണ്ട് തന്നെ നമ്മുടെ സംഘടനയിൽപ്പെട്ടവരും തങ്ങളുടെ പരാതികളുമായി അദ്ദേഹത്തെ സമീപിച്ചിട്ടില്ലേ? അതോ ദിലീപിനെ വച്ച് സിനിമ എടുത്തതിന്റെ പേരിൽ ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറിയായിരിക്കുന്ന സംഘടനയിൽ നിന്ന് രാജിവക്കുകയോ അല്ലെങ്കിൽ പ്രശ്നപരിഹാരത്തിന് അയാളുടെ സഹായം വേണ്ടെന്ന് വയ്ക്കുകയോ ചെയ്തിട്ടുണ്ടോ? അഥവാ അങ്ങനെ എന്തെങ്കിലും ചെയ്തിരിക്കണമെന്ന് ഡബ്ല്യൂസിസി അതിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? അപ്പോൾ എല്ലാവരുടെയും വ്യക്തിപരമായ എന്താവശ്യങ്ങൾക്കും ഇദ്ദേഹത്തെ സമീപിക്കാമെന്നിരിക്കിലും വിധു വിൻസെന്റ് പരസ്യമായി ഒരു തൊഴിൽ സഹായം സ്വീകരിച്ചപ്പോൾ അത് ഡബ്ല്യൂസിസിയോട് ചോദിച്ചിട്ട് വേണം എന്ന് ഉയർത്തിയ വാദത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വരേണ്യ ധാർഷ്ട്യം കാണാതിരിക്കാൻ ആവില്ല.
ഈ സമൂഹത്തിലെ ഒരു വിഭാഗം ആൾക്കാർ അവർ ജീവിച്ചിരിക്കുവോളം അവരുടെ കഴിവും അർഹതയും സ്വാഭാവദാര്‍ഢ്യവും മറ്റുള്ളവരുടെ മുൻപിൽ തെളിയിക്കാൻ നിർബന്ധിതരാണ്. ഓരോ തവണയും അവർ എത്ര തന്നെ അത് തെളിയിച്ചാലും ആ ചോദ്യം വീണ്ടും ഉയരും. അക്കൂട്ടത്തിൽ മറുപടി പറയാൻ ബാധ്യസ്ഥയായ ഒരാളാണ് ഞാൻ എന്നത് കൊണ്ട് അത് ഇന്ന് എന്നെ ആവലാതിപെടുത്തുന്നില്ല. എന്തായാലും നിങ്ങളിൽ പലരുടേയുമുള്ളിലുള്ള ഇരട്ടത്താപ്പ് എനിക്കില്ലെന്നെങ്കിലും ബോധ്യമാകും എന്ന് കരുതുന്നു. ഒളിപ്പിച്ചു വക്കാനോ രഹസ്യത്തിൽ നേടിയെടുക്കാനോ ഒന്നുമില്ലാത്തത് കൊണ്ട് തന്നെ എന്റെ ഇത്രയും നാളത്തെ ജീവിതവും പ്രവൃത്തികളും പരസ്യമായി നിങ്ങളുടെ മുന്നിൽ തുറന്ന് കിടപ്പുണ്ട്, അവസരവാദമോ ഇരട്ടത്താപ്പോ കളിച്ച് എന്തെങ്കിലും നേടിയെടുത്തതിന്റെ ഒരു ചരിത്രവും ഇന്നേ വരെ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.’

ചിലർക്ക് ആകാം ചിലർക്ക് പറ്റില്ല
നടന്‍ ദിലീപുമായുള്ള സഹകരണമാണ് ബി ഉണ്ണികൃഷ്ണനെ നിര്‍മ്മാതാവായി സ്വീകരിച്ചതില്‍ ഡബ്ല്യൂസിസി കണ്ട പ്രശ്നമെങ്കില്‍ ദിലീപുമായി ബന്ധമുള്ള എല്ലാവര്‍ക്കും അത് ബാധകമല്ലേ എന്ന് വിധു ചോദിക്കുന്നു. ദിലീപുമായി നേരിട്ടും അല്ലാതെയും പരിചയം ഉള്ളവരും, നടി അക്ക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം നില്‍ക്കുന്നവരുമൊക്കെ ഡബ്ല്യൂസിസി അംഗങ്ങളുമായി സിനിമാ രംഗത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ട്. അവരില്‍ ആര്‍ക്കും ഇല്ലാത്ത ഒരു നിബന്ധന തനിക്ക് മാത്രം ഉണ്ടാവുന്നത് എന്ത് കൊണ്ടാണ് എന്ന് വിധു കത്തില്‍ ചോദിക്കുന്നുണ്ട്.
‘സിദ്ദിഖ് എന്ന നടൻ ജയിലിൽ പോയി പല തവണ ദിലീപിനെ സന്ദർശിച്ചിരുന്നു എന്നത് ഒരു രഹസ്യമല്ല.. മൂന്നോ നാലോ തവണ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയും നടത്തി. ദിലീപിനൊപ്പം നില്ക്കുമെന്നും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുമെന്നും പ്രഖ്യാപിക്കുക മാത്രമല്ല ഡബ്ല്യൂസിസിയെ പറ്റുന്ന ഇടത്തൊക്കെ താറടിക്കാനും മറക്കാറില്ല സിദ്ദിഖ്. ആയതിനാൽ സിദ്ദിഖിനോടൊപ്പം അഭിനയിക്കരുതെന്നോ സിദ്ദിഖിനെ വച്ച് സിനിമ എടുക്കരുതെന്നോ ഡബ്ല്യൂസിസി അംഗങ്ങളോട് പറഞ്ഞിട്ടുണ്ടോ?
‘ഉയരെ’ എന്ന സിനിമയിൽ പാർവ്വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിന്റെ പേരിൽ ഡബ്ല്യൂസിസി അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തിൽ പാർവ്വതിയോട് ഡബ്ല്യൂസിസി വിശദീകരണം ആവശ്യപ്പെട്ടോ? എന്റെ അറിവിൽ ഇല്ല.
ദിലീപിനെ ജയിലിൽ പോയി സന്ദർശിച്ച സംവിധായകനും നടനുമായ രഞ്ജിത്-അദ്ദേഹവും പരസ്യമായി മാധ്യമങ്ങളുടെ മുന്നിൽ ദിലീപ് ഈ കൃത്യം ചെയ്തതായി താൻ വിശ്വസിക്കുന്നില്ലെന്ന് പറയുകയും ദിലീപിന് എല്ലാവിധ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആയതിനാൽ ഇനി മേലിൽ രഞ്ജിത് തൊട്ടുകൂടാത്തവനാണെന്ന് ഡബ്ല്യൂസിസി അംഗങ്ങളോട് പറഞ്ഞിരുന്നോ? ആയതിനാൽ ഇനി മേലിൽ രഞ്ജിത്തിനെ തൊട്ടുകൂടാത്തവനായി പ്രഖ്യാപിക്കുമോ?
ഡബ്ല്യൂസിസി അംഗം രമ്യാ നമ്പീശന്റെ സഹോദരൻ കൊച്ചിയിൽ തുടങ്ങിയ DI സ്റ്റുഡിയോയുടെ ഉദ്ഘാടന ചിത്രം ‘കോടതിസമക്ഷം ബാലൻ വക്കീലാ’യിരുന്നു. ഉദ്ഘാടനം ചെയ്തത് ഉണ്ണികൃഷ്ണനാണെന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ തൊട്ടുകൂടായ്മ ഈ സ്റ്റുഡിയോയ്ക്കു ബാധകമാകുമോ? ഡബ്ല്യൂസിസി അംഗങ്ങളോ അവരുടെ ബന്ധുക്കളോ മിത്രങ്ങളോ ഇവരൊക്കെയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യേണ്ട സാഹചര്യമുണ്ടായാൽ എത്ര ദിവസം മുമ്പ് ഡബ്ല്യൂസിസിയെ അറിയിക്കണം? അങ്ങനെ എന്തെങ്കിലും വ്യവസ്ഥകളെ കുറിച്ച് നേരത്തേയോ പിന്നീടോ ചർച്ച ഉണ്ടായിട്ടുണ്ടോ?
എന്തായാലും ഞാൻ തെരുവ് വിചാരണകൾക്ക് എതിരാണ്; തൊട്ടുകൂടായ്മകൾക്കും സാമൂഹിക, തൊഴിൽ ബഹിഷ്കരണത്തിനും എതിരാണ്. ആ പാത പിൻതുടരണം എന്നുള്ളവർക്ക് അത് ആകാം എന്ന് മാത്രമേ അതിനെ കുറിച്ച് പറയാൻ ഉള്ളു. എന്തായാലും വർഗ്ഗവും ജാതിയും നമുക്കിടയിൽ വെറും വാക്കുകളല്ല എന്ന് ഉറപ്പാണ്.
ലാൽ മീഡിയയിലെ സൗണ്ട് സ്റ്റുഡിയോ ദിലീപിന്റെ കൂടി സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ്. അപ്പോ അവിടം തൊട്ടു കൂടാതാവുമോ? അങ്കമാലിയിലെ ദിലീപിന്റെ തീയേറ്ററിൽ ഡബ്ല്യൂസിസിക്കാരുടെ സിനിമകൾ കളിക്കണ്ടാ എന്ന് ഡബ്ല്യൂസിസി തീരുമാനിക്കുമോ? ദിലീപിന്റെ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കും ഈ തൊട്ടുകൂടായ്മ ബാധകമാണോ? അപ്പോൾ എവിടം വരെയാണ് അതിന്റെ പരിധി? അസ്പൃശ്യരുടെ ലിസ്റ്റ് നേരത്തേ പ്രഖ്യാപിക്കണം. അങ്ങനെയെങ്കിൽ ഇപ്പോ ഉണ്ടായിട്ടുള്ളതു പോലെ ആശങ്കയോ ആശയകുഴപ്പമോ ഉണ്ടാവില്ല. അല്ലാതെ, ചിലർക്ക് ആകാം ചിലർക്ക് പറ്റില്ല എന്നാണ് സംഘടന ഉദ്ദേശിക്കുന്നതെങ്കിൽ അതും വ്യക്തമാക്കാവുന്നതാണ്.’
Read Here: ‘സ്റ്റാൻഡ് അപ്പ’ നിർമ്മിക്കാൻ എന്തുകൊണ്ട് ബി.ഉണ്ണികൃഷ്ണൻ?; വിധു വിൻസെന്റിന്റെ മറുപടി
അഞ്ജലിക്കും എനിക്കും തെരഞ്ഞെടുപ്പിനുള്ള ഓപ്ഷൻ ഒരു പോലെയോ?
വർഗ്ഗ വ്യത്യാസങ്ങള കുറിച്ച് ഡബ്ല്യൂസിസി അംഗങ്ങൾക്ക് ഇപ്പോഴുള്ള ധാരണ പര്യാപ്തമല്ല എന്നും ആ അറിവില്ലായ്മ അവര്‍ മുന്നോട്ട് വയ്ക്കുന്ന സ്ത്രീ രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്തും എന്നും വിധു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
‘ആ ക്ലാസ്സ് സ്വഭാവം വച്ച് കൊണ്ട് ഇത് സിനിമയിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണെന്ന് ദയവ് ചെയ്ത് പറയരുത്. നേരത്തേ സോഷ്യൽ മീഡിയയിൽ കേട്ട ആക്ഷേപം പോലെ ലേഡീസ് ക്ലബ്ബന്നോ എന്‍ ജി ഓ എന്നോ കോർപറേറ്റ് ഫോറം എന്നോ മറ്റോ പറഞ്ഞുകൊള്ളൂ. ഇക്കാര്യവുമായി ബന്ധപ്പെട്ട് റിമക്ക് ഒരിക്കൽ മെസേജ് അയച്ചപ്പോൾ പാർവ്വതിക്ക് തെരഞ്ഞെടുക്കാൻ ഓപ്ഷനില്ലായെന്നും അഞ്ജലിക്കോ വിധുവിനോ അങ്ങനെയല്ല എന്നും കുറിച്ചു കണ്ടു. അഞ്ജലിക്കും എനിക്കും തെരഞ്ഞെടുപ്പിനുള്ള ഓപ്ഷൻ ഒരു പോലെയാണെന്ന് ശരിക്കും നിങ്ങള്‍ കരുതുന്നുുണ്ടോ? അഞ്ജലിയേയും വിധുവിനേയും സമീകരിക്കാൻ എന്ത് പ്രത്യയശാസ്ത്ര ടൂളാണ് റിമ ഉപയോഗിച്ചത് എന്ന് അറിയില്ല. നമ്മൾ ഡബ്ല്യൂസിസി എന്ന പേരിൽ ഒരുമിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായിട്ടുണ്ടെങ്കിലും വർഗ്ഗ വ്യത്യാസങ്ങള കുറിച്ച് നമ്മുടെ അംഗങ്ങൾക്ക് ഇപ്പോഴുമുള്ള ധാരണ ഇതാണെങ്കിൽ മറ്റൊന്നും പറയാനില്ല.
വർഷങ്ങളോളം നിർമ്മാതാക്കളുടെ പിറകേ നടന്നിട്ടും സിനിമ എന്ന സ്വപ്നം സാധ്യമാക്കാനാവാത്ത ഈ നാട്ടിലെ കുറേയധികം സിനിമാ മോഹികളില്ലേ? അവരുടെ കൂട്ടത്തിൽ പെടുന്ന ഒരാളാണ് ഇന്നും ഞാൻ. അലച്ചിലും വിശപ്പും വറുതിയും നിരാശയുമൊക്കെ തന്നെയാണ് ഇന്നും ഞങ്ങളുടെ വഴികളിലുള്ളത്. ജൻറർ രാഷ്ട്രീയം മാത്രം പറഞ്ഞതു കൊണ്ടായില്ല, അതിനുള്ളിലെ വർഗ്ഗ-ജാതി വ്യത്യാസങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ സ്ത്രീ രാഷ്ട്രീയത്തെ എങ്ങനെയൊക്കെയാണ് അസ്ഥിരപ്പെടുത്തതെന്ന് കുറഞ്ഞ പക്ഷം ആലോചിക്കുക എങ്കിലും ചെയ്യുന്നത് മുന്നോട്ടുള്ള യാത്രയിൽ നല്ലതായിരിക്കും.’
ഞങ്ങൾക്കാർക്കും ഉണ്ണികൃഷ്ണനോട് ഒരു പ്രശ്നവുമില്ല, വിധുവിനോട് മാത്രമേ പ്രശ്നമുള്ളൂ
ദീദി ദാമോദരന്റെ മകള്‍ സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് ആന്റോ ജോസഫുമായി ചര്‍ച്ചകള്‍ നടത്തിയിരിക്കെയാണ് വിധുവിന്റെ ചിത്രം ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. അതില്‍ ദീദിയ്ക്ക് പരിഭവം ഉണ്ടായിരുന്നിരിക്കാം എന്ന് താന്‍ ഒരുവേള സംശയിച്ചതായും വിധു വെളിപ്പെടുത്തുന്നു. ദീദിയ്ക്ക് തന്നോട് അസ്വാരസ്യങ്ങള്‍ ഉള്ളതായി തന്നോട് പലരും പറഞ്ഞത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ ‘അല്‍പബുദ്ധിയില്‍’ അങ്ങനെ തോന്നിയത് എന്ന് വിധു കുറിപ്പില്‍ പറയുന്നു. എന്നാല്‍ അങ്ങനെ മക്കള്‍ രാഷ്ട്രീയം കളിക്കുന്ന ആളാണ് ദീദി എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും വിധു കൂട്ടിച്ചേര്‍ക്കുന്നു.
‘പല ഇനി പ്രധാന വിഷയത്തിലേക്ക് വരട്ടെ. ഈ സിനിമയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഒരു ചർച്ചയിൽ പങ്കെടുത്തപ്പോൾ മോഡറേറ്ററായിരുന്ന പ്രേമചന്ദ്രൻ മാഷ് ചോദിച്ചു, ‘വിധൂ, നിങ്ങളുടെ സംഘടനയിൽ ദീദിക്ക് നിങ്ങളോട് കടുത്ത പ്രശ്നമാണല്ലോ? ഞാൻ ദേശാഭിമാനിയിൽ നിങ്ങളുടെ സിനിമയെപ്പറ്റി ഒരു ലേഖനമെഴുതിയിരുന്നു. ‘അതൊന്നും എഴുതാതിരുന്നു കൂടെ’ എന്നാണ് ദീദി ചോദിച്ചത്. എന്താണ് ദീദിയും നിങ്ങളും തമ്മിലെ പ്രശ്നം?’ എനിക്കറിയില്ലെന്ന് ഞാൻ പറഞ്ഞു.
ബാംഗ്ലൂരിൽ നിന്ന് ഉള്ള ഒരു ജേര്‍ണലിസ്റ്റ് പറയുന്നു ,അവരോട് ഒരു ഡബ്ല്യൂസിസി അംഗം പറഞ്ഞുവത്രേ ‘what Vidhu did is wrong.’ ഭാഗ്യലക്ഷ്മിയുടെ മകന്റെ വിവാഹത്തിന് പോകാനാവാത്തതിൽ ക്ഷമ ചോദിച്ചു കൊണ്ട് അവരെ വിളിച്ചപ്പോൾ ‘ദീദിയുമായി വിധുവിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന്’ അവർ ചോദിക്കുന്നു. ദീദി ഒരവസരത്തിൽ ഒരാളോട് (a credible and reliable person) പറഞ്ഞത്രെ ‘ഞങ്ങൾക്കാർക്കും ഉണ്ണികൃഷ്ണനോട് ഒരു പ്രശ്നവുമില്ല, വിധുവിനോട് മാത്രമേ പ്രശ്നമുള്ളൂ എന്ന്’ ദീദി പറഞ്ഞ ‘ഞങ്ങൾ’ ആരാണ്? ഡബ്ല്യൂസിസിയോ? ഉണ്ണികൃഷ്ണനോട് ഇല്ലാത്ത എന്തു പ്രശ്നമാണ് ഡബ്ല്യൂസിസിയിലെ ചില അംഗങ്ങൾക്ക് എന്നോടുള്ളത്?
മകളുടെ സിനിമക്ക് നിർമ്മാതാവാകേണ്ടിയിരുന്ന ആളെ ഞാൻ എന്റെ സിനിമയുടെ നിർമ്മാതാവാക്കിയതിൻ്റെ പരിഭവമാണോ എന്ന് എന്റെ അല്പബുദ്ധി സംശയിച്ചു. പക്ഷേ ഞാനറിയുന്ന ദീദി അത്തരമൊരു മക്കൾ രാഷ്ട്രീയം കളിക്കുന്ന ചെറിയ മനസ്സിന്റെ ഉടമയല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.’
ഇരട്ടത്താപ്പും എലീറ്റിസവും
സിനിമയില്‍ സ്ത്രീകള്‍ക്ക് തുല്യനീതിയും സുരക്ഷയും ഉറപ്പാക്കുക എന്ന പ്രധാനലക്ഷ്യത്തോടെ നിലവില്‍ വന്ന സംഘടനായുടെ ഉള്ളില്‍ തന്നെ വരേണ്യതയും ഇരട്ടത്താപ്പുമുണ്ട് എന്നതില്‍ തുടക്കം മുതലേ ശ്രദ്ധയില്‍ പെട്ടിരുന്നു എന്ന് വിധു. ‘താനീ സ്കൂളിൽ പെട്ടയാളല്ല’ എന്ന തിരിച്ചറിവ് ഉണ്ടാക്കിയത്തന്ന ഡബ്ല്യൂസിസി യിലെ എല്ലാവരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി, പറഞ്ഞതിനേക്കാൾ പലമടങ്ങ് പറയാതെയാണ് നിര്‍ത്തുന്നത് എന്നും രാജി കത്തില്‍ വിധു പറയുന്നു.
‘ആക്രമിക്കപ്പെട്ട നമ്മുടെ സുഹൃത്തിന്റെ കാര്യത്തിൽ മാത്രം നിലപാട് ഉറക്കെ പറയുകയും നിർമ്മാതാവ് ###നാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി അടക്കമുള്ള മറ്റ് സ്ത്രീകളുടെ കാര്യത്തിൽ ‘ഇതുവരെ മതി ഇടപെടലുകൾ’എന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തുല്യനീതിയെ കുറിച്ച് പറയുന്ന സംഘടനക്ക് ചേർന്നതല്ല. അത്തരം ഇരട്ടത്താപ്പുകളുടെ വലിയ കെട്ടുതന്നെ ഉണ്ട്. അത് തത്കാലം അങ്ങനെ തന്നെ ഇരിക്കട്ടെ.
ഡബ്ല്യൂസിസിയിൽ എലീറ്റിസമുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള എന്റെ നിരീക്ഷണമാണ്. ചില അംഗങ്ങൾ തമ്മിൽ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഫൗണ്ടിംഗ് മെമ്പർമാർക്കും മറ്റ് അംഗങ്ങൾക്കുമിടയിലും ഫൗണ്ടിംഗ് മെമ്പർമാർ തമ്മിൽ തമ്മിലുമൊക്കെ ഈ വരേണ്യത പ്രവർത്തിക്കുന്നുണ്ട്. ഡബ്ല്യൂസിസിയെ പോലുള്ള ഒരു സംഘടനയുടെ ഉള്ളിലുള്ള ഈ വരേണ്യതയെ മുളയിലേ നുള്ളിക്കളയാൻ കെല്പുള്ള വിമർശനങ്ങൾ ഉന്നയിക്കേണ്ടവർ അത് ചെയ്യാതെ വിധുവിന്റെ ‘പൊളിറ്റിക്കൽ കറക്ട്നസ്’ അളക്കാൻ നടക്കുന്നത് സ്ത്രീ രാഷ്ട്രീയത്തിന് ഭൂഷണമല്ലാ എന്നു മാത്രം പറഞ്ഞു കൊള്ളട്ടെ.’
അതേമസമയം, ഈ വിഷയത്തിൽ ഡബ്ല്യൂസിസി അംഗങ്ങളുടെ പ്രതികരണം ആരായാനായി വിളിച്ചപ്പോൾ, തങ്ങൾ ആഭ്യന്തര യോഗം നടത്തിയതിന് ശേഷമേ വിഷയത്തിൽ പ്രതികരിക്കുകയുള്ളൂവെന്നും അംഗങ്ങൾ പരസ്പരം ബഹുമാനിക്കുന്നുവെന്നും സംഘടനയിലെ അംഗവും സംവിധായികയും നടിയുമായ രേവതി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
Read Here: ഞാൻ നിങ്ങളിൽ പെട്ടവളല്ലെന്ന് ബോധ്യപ്പെടുത്തിയതിൽ നന്ദി; ഡബ്ല്യൂസിസിയോട് വിധു വിൻസെന്റ്