ഒടിയന്റെ ആദ്യ ഷോ പുലര്‍ച്ചെ തന്നെ ആരാധകര്‍ക്കൊപ്പം കണ്ടതായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രം ഒരു മാസ് ആക്ഷന്‍-എന്റര്‍ടെയിനറായി പ്രതീക്ഷിച്ചാണ് പോകുന്നതെങ്കില്‍ നിരാശപ്പെടേണ്ടി വരുമെന്ന് സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ചിത്രത്തിന്റെ ക്ലൈമാക്സ് വളരെയധികം വ്യത്യസ്തമായി എടുത്തതാണ്. അവസാന 15 മിനുട്ടോളം വളരെയധികം ത്രസിപ്പിക്കുന്നതാണ്. എന്നെ അത്ഭുതപ്പെടുത്തിയാണ് ചിത്രം റിലീസിന് മുമ്പേ സാമ്പത്തിക നേട്ടം കൈവരിച്ചത്.  റിലീസിന് മുമ്പേ ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയെന്ന് പ്രഖ്യാപിച്ചത് സത്യമായത് കൊണ്ടാണ്. മലയാള ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയെന്ന് കേള്‍ക്കുമ്പോള്‍ ആഹ്ളാദിക്കുകയല്ലെ വേണ്ടത്. ഇത് മാനസികാവസ്ഥയുടെ പ്രശ്നമാണ്,’ ശ്രീകുമാര്‍ വിമര്‍ശിച്ചു.

Also Read: Odiyan Review: പ്രതീക്ഷാ ഭാരം ചുമക്കുന്ന ചിത്രത്തെ തോളിലേറ്റി നടത്തുന്ന നായകന്‍: ‘ഒടിയന്‍’ റിവ്യൂ

‘ഞാന്‍ സിനിമയെ അല്ല കൂടുതല്‍ കണ്ടത്. ഞാന്‍ കുറേ തവണ ഈ സിനിമ കണ്ടതാണ്. പ്രേക്ഷകരുടെ ശരീരഭാഷയും മുഖഭാവവുമാണ് ഞാന്‍ നോക്കിയത്. ഈ ചിത്രം ഒരു മാസ് ആക്ഷന്‍-എന്റര്‍ടെയിനറായി പ്രതീക്ഷിച്ച് പോയി നിരാശപ്പെട്ടെങ്കില്‍ അവരുടെ വികാരം ന്യായമാണ്. വളരെയധികം പ്രതീക്ഷയോടെ പോയി നിരാശപ്പെട്ടതായി ചിലര്‍ സോഷ്യല്‍മീഡിയയിലൊക്കെ പറയുന്നുണ്ട്. പക്ഷെ ചിത്രം കണ്ട പലരും പറഞ്ഞത് ഒരുപാട് ഉളളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിനിമയാണ് ഇതെന്ന്. ഒടിയന്റെ മാജിക്കിനേക്കാളും കൂടുതല്‍ ഒടിയനെന്ന പച്ചയായ മനുഷ്യന്റെ ജീവിതത്തിലേക്കുളള യാത്രയാണ്. അവിടെ കാണുന്ന ഭൂരിപക്ഷം പേരും ഒടിയന്റെ വൈകാരിക ജീവിതത്തിനൊപ്പം നടക്കും. കുടുംബപ്രേക്ഷകര്‍ക്കും യുവത്വത്തിനും ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണിത്. മോഹന്‍ലാലും മഞ്ജു വാര്യറും പ്രകാശ് രാജും എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ തിയറ്ററിലും എന്റെ റിസര്‍ച്ച് ടീം ഉണ്ട്. അവര്‍ അഭിപ്രായം ശേഖരിക്കുന്നുണ്ട്,’ ശ്രീകുമാര്‍ പറഞ്ഞു.

Also Read: Odiyan Movie: ഒടിയന്റെ ഒടി വിദ്യ കാണാൻ ഉറക്കമൊഴിഞ്ഞ് മോഹൻലാൽ ആരാധകർ

‘ഇനി വരുന്നത് രണ്ടാമൂഴമാണ്. അത് തീര്‍ച്ചയായും സംഭവിക്കും. തര്‍ക്കങ്ങള്‍ പരിഹരിച്ച് രണ്ടാമൂഴം 2019ല്‍ ആരംഭിക്കും. ചിത്രം 21 മാസത്തോളം ഷൂട്ട് ചെയ്യേണ്ടി വരും. 2021ഓടെ ചിത്രം രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യാനാവും. അഞ്ച് ഭാഷകളില്‍ പ്രാഥമികമായി നിര്‍മ്മിച്ച് മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റും,’ ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:ഒടിയൻ പെട്ടിയിൽ വീണു, കാത്തിരിക്കുന്നത് വോട്ടെണ്ണലിന്: ശ്രീകുമാർ മേനോൻ

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ശ്രീകുമാര്‍മേനോന്‍-മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ചെയ്തു. കേരളത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വകവെക്കാതെ ആയിരക്കണക്കിന് പ്രേക്ഷകരായിരുന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിനായി തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

റിലീസിന് മുന്നേ ചിത്രം നൂറ് കോടി നേടിയതായി സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. പ്രതിഭയുളള അഭിനേതാക്കളുടെ സംഗമമാണ് ഒടിയന്‍. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ടാകും. അത് സഫലീകരിക്കാന്‍ പറ്റുമോയെന്ന ആകാംക്ഷയുണ്ടെന്നും തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ