തമിഴകത്തിന്റെ ‘തല’ അജിത് കുമാർ നായകനായെത്തുന്ന വിവേകത്തിന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ശിവ സംവിധാനം ചെയ്യുന്ന ത്രില്ലറിന്റെ ടീസറും ചിത്രത്തിലെ അജിതിന്റെ ഗെറ്റപ്പുമെല്ലാം ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. സിക്സ് പാക്ക് ലുക്കിലായിരുന്നു തല ഒരു പോസ്റ്ററിൽ എത്തിയത്.

എന്നാല്‍ അജിത്തിന്റെ ഈ ലുക്കെല്ലാം കൃത്രിമമാണെന്നാണ് ഒരു കൂട്ടരുടെ വാദം. ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് അജിത്തിനെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളില്‍ അജിത്തിനെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും പരിഹസിച്ചുകൊണ്ടും ചിലർ രംഗത്തെത്തി. ഇത്തരം കളിയാക്കലുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ തന്നെ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശിവ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഇതൊന്നും കാര്യമായി എടുക്കാറില്ല. ഞങ്ങള്‍ ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു. പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരുന്നാല്‍ ജോലിയില്‍ നിന്ന് ശ്രദ്ധ മാറിപ്പോകും. അജിത്ത് സാറിന്റെ അര്‍പ്പണബോധത്തെക്കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ല. ചെയ്യുന്ന ജോലിക്ക് ഞങ്ങള്‍ക്ക് പ്രതിഫലം കിട്ടും’ ശിവ പറഞ്ഞു.

അജിത്തിന് പുറമെ ബോളിവുഡ് താരം വിവേക് ഒബ്‌റോയി, അക്ഷര ഹാസന്‍, കാജള്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനിയിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജന്‍, അര്‍ജുന്‍ ത്യാഗരാജന്‍, ടി ജി ത്യാഗരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 10 ന് വിവേകം റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ