ഫുക്രി ഒരു സാധാരണ സിനിമാ ആസ്വാദകന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന കോമഡി സിനിമയാണ് എന്നു പറയുന്നതിനൊപ്പം ഇതില്‍ തറനിലവാരത്തിലുള്ള അശ്ലീല പരാമര്‍ശങ്ങള്‍ ഒട്ടുമില്ല എന്ന കാര്യം കൂടി അടിവരയിട്ടു പറയേണ്ടതുണ്ട്. തമാശകള്‍ അത്ര കാമ്പൊന്നുമില്ലാത്തതാണെങ്കിലും തൊട്ടുമുമ്പുള്ള സിദ്ദിഖ് സിനിമയായ ‘കിങ് ലയറി’നെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍, ഇതിലെ തമാശകളെല്ലാം വന്‍നിലവാരത്തില്‍ നില്‍ക്കുന്നതായനുഭവപ്പെടും. ‘കാക്കക്കുയിലി’ലെ ജഗദീഷ് കൊച്ചിൻ ഹനീഫ സീനിലെ തമാശ മാത്രം ഉപയോഗിച്ച് ‘ഒപ്പം’ എന്നൊരു സിനിമ വരെ ഉണ്ടായ കാലമായതുകൊണ്ടാവാം ‘കാക്കക്കുയില്‍’ തമാശയെ ഒന്നു വലംവച്ചുവരാനുള്ള അനുകരണ പ്രവണത ഇതിലും കണ്ടു എന്നതൊഴിച്ചാല്‍ ചിരികളെല്ലാം ഭദ്രവും ഒറിജിനാലിറ്റിയുള്ളതുമാണ്.

ആദ്യപകുതിയുടെ മിതത്വം, രണ്ടാം പകുതിയില്‍ നഷ്ടപ്പെടുന്നതായി കാണാം. ഇപ്പോഴത്തെ മലയാളസിനിമയില്‍ കണ്ടുവരാറുള്ള എങ്ങോട്ടെന്നില്ലാത്ത കാടുകേറലും കുഴമറിച്ചില്‍ രംഗങ്ങളും തന്നെയാണ് ഇവിടെയും രണ്ടാംപകുതിയില്‍. കഥ എങ്ങോട്ടാണ് പോകുന്നതെന്ന്, മലയാളസിനിമ കണ്ടുകണ്ടു പരിചയമായ സിനിമാപ്രേക്ഷകന് വളരെ പെട്ടെന്നുതന്നെ മനസ്സിലാവും എന്നതും സിനിമയുടെ ഒരു പോരായ്മയാണ്. അത്യന്തം സസ്‌പെന്‍സ് നിറഞ്ഞ അന്ത്യം വേണം സിനിമയ്ക്ക് എന്നല്ല സസ്‌പെന്‍സ് ഉണ്ടെന്ന തോന്നല്‍ ജനിപ്പിച്ചു കൊണ്ടുപോകുന്ന ഒരു സിനിമയിലെ സസ്‌പെന്‍സ് എലമെന്റ് പാളിപ്പോകുന്നതാണ് ഇവിടെ ഫുക്രിയിലെ പ്രശ്‌നം.

ഗതികേടുകളുടെ പാരമ്യത്തില്‍ പലമാതിരി പറ്റിയ്ക്കല്‍ പ്രസ്ഥാനങ്ങളിലൂടെ ജീവിക്കാന്‍ തത്രപ്പെടുന്ന പണ്ടത്തെ സിനിമകളിലെ തക്കിടതരികിട മോഹന്‍ലാല്‍ തന്നെയാണ് ഫുക്രിയിലെ ലക്കി എന്ന ജയസൂര്യ. ചുറ്റുവട്ടത്തിലെ നന്മയുടെ ധാരാളിത്തത്തില്‍പ്പെട്ട് സ്വന്തം മനസ്സിലേക്ക് ഒടുക്കം കയറിവരുന്ന നന്മയുടെ അംശത്തെ ചെറുക്കാന്‍ പറ്റാതാവുകയും ഒഴുക്കില്‍പ്പെട്ട് കയറിച്ചെന്ന കുടുംബത്തിലെ എല്ലാ കലക്കങ്ങളെയും കടഞ്ഞ് ഒടുക്കം വെണ്ണയുമായി പൊന്തിവരികയും ചെയ്യുന്ന മോഹന്‍ലാലിനെ പലതവണ പലയിടത്തുവച്ച് പലരുടെ സംവിധാനത്തിന്‍കീഴെ നമ്മള്‍ കണ്ടിട്ടുണ്ട്. അന്നൊക്കെ സിദ്ദിഖിന്റെ ഫുക്രി ഉപ്പാപ്പയായി തിലകന്‍ വന്നു. കെപിഎസി ലളിതയുടെ പാട്ടിയായി കവിയൂര്‍ പൊന്നമ്മ വന്നു. ജയസൂര്യയായി മോഹന്‍ലാലും..

ഗതികേടുകള്‍ അമ്മാനമാടി ചിരിയാക്കി രൂപപ്പെടുത്തുന്ന പഴയ മോഹന്‍ലാലിന്റെ അനായാസ ചലനങ്ങള്‍, അറിഞ്ഞോ അറിയാതെയോ ജയസൂര്യയുടെ നോക്കിലും വാക്കിലും കടന്നുകൂടിയിട്ടുണ്ട്. ഒറ്റപ്പുരികം മാത്രം ഉയര്‍ത്തുന്ന ഷോട്ടില്‍പ്പോലും ജയസൂര്യ, മോഹന്‍ലാലായി. പക്ഷേ അത് അനുകരണമല്ല. കാലങ്ങളായി മനസ്സില്‍ കുടിയേറിയിരിക്കുന്ന ഒരു നടന്‍ അഭിനയിച്ച സിനിമകളെയെല്ലാം അബോധത്തില്‍ പ്രിസെര്‍വ് ചെയ്തു വച്ചിരിക്കുകയും അത്യാവശ്യസമയത്ത് സ്വയമറിയാതെ പുറത്തേക്കെടുത്തുപോവുകയും ചെയ്യുന്നത് കാലത്തിന്റെ അനിവാര്യതയാണത്. ഇപ്പോഴാരും അറിഞ്ഞുകൊണ്ട് പ്രേംനസീറായി അഭിനയിക്കാത്തതുപോലെ അതും ക്രമേണ മാഞ്ഞുപോവും പുതിയവരുടെ വിജയക്കൊടികള്‍ ഉയര്‍ന്നുപാറാന്‍ തുടങ്ങുമ്പോള്‍.

fukri, jayasurya

ഫുക്രിയുടെ കഥയില്‍ പുതുമയൊന്നും അവകാശപ്പെടാനില്ല. പഴയ കോളര്‍ ബ്ലൗസുകളും ജോര്‍ജറ്റ്‌ സാരിയും അല്പസ്വല്പം വ്യത്യാസങ്ങളോടെ പുനരവതരിക്കുന്നതുപോലെ തന്നെ ഇതും. കാലത്തില്‍ വന്ന വ്യതിയാനങ്ങളുള്‍ക്കൊണ്ട് സ്വാഭാവികതയോടെ തുന്നിച്ചേര്‍ത്ത മാറ്റങ്ങളായതുകൊണ്ട് ഒന്നും അതിഭാവുകത്വത്തോടെ തെറ്റിത്തെറിച്ചുനില്‍ക്കുന്നില്ല എന്നുമാത്രം. വളിച്ച ന്യൂജെൻ കോലാഹലങ്ങളോ കാതുംകണ്ണും പറിഞ്ഞുപോകുന്നതരം തട്ടുപൊളിപ്പന്‍ സ്റ്റണ്ടോ ഇല്ലാത്തതു കൊണ്ട് കുഞ്ഞുകുട്ടി പരാധീനങ്ങളടക്കം സമാധാനമായി ഇരുന്നു കാണാവുന്ന ഒരു ചിരി സിനിമയാണ് ഫുക്രി.

അമ്പലത്തിന്റെ മേല്‍ക്കൂരയിലെ മിന്നൽ തടയല്‍സംവിധാനം ഇളകി വീഴുകയും ഇരുമ്പ് തുടരെയുള്ള വൈദ്യുതപ്രവാഹത്താല്‍ ഇറിഡിയം എന്ന കോടിക്കണക്കിനു വിലയുള്ള വസ്തുവായി മാറും എന്ന അറിവിനു പുറകെ പോവുകയും അമ്പലം മാത്രമല്ല പള്ളിയും രാജാവ് പണി കഴിച്ചതായതിനാല്‍ പള്ളിമേല്‍ക്കൂരയിലും ഇറിഡിയം കാണാന്‍ സാധ്യതയുണ്ടെന്ന സ്വപ്നത്തിലേക്കു ക്രമേണ വീണുപോവുകയും ചെയ്ത ലക്കി എന്ന എന്‍ജിനീയറിങ് ഡ്രോപ് ഔട്ടിന്റയും മൂന്ന് കൂട്ടാളികളുടെയും ജീവിതമാണ് ഫുക്രിയില്‍. കള്ളക്കഥകള്‍ മെനഞ്ഞ് പള്ളിയും അമ്പലവും പൊളിച്ചു പണിയാന്‍ നോക്കുകയും പൊളിക്കലിനവസാനം ഇരുമ്പും തകരയും മാത്രം കിട്ടി സ്വന്തം തടി രക്ഷിക്കാനായി മുങ്ങിനടക്കുകയും ചെയ്യേണ്ടിവരുന്നവര്‍ ചെന്നു ചേരുന്നയിടങ്ങളും അവർ സഞ്ചരിക്കുന്ന വഴികളുമാണ് സിനിമ നമ്മെ കാണിച്ചുതരുന്നത്. ആ ഇടങ്ങളിലെല്ലാം ഇക്കാലത്തിനുനിരക്കാത്തത്ര മതമൈത്രിയുടെ പൂപ്പരവതാനികള്‍ വിരിച്ച് സംവിധായകന്‍ നമ്മെ പുളകമണിയിപ്പിക്കുന്നുണ്ട്.

സ്വന്തം നിലനില്‍പ്പിനുവേണ്ടി ചെയ്യുന്ന പൈസഒപ്പിക്കല്‍ പരിപാടികളിലൂടെ അവരെത്തുന്നത് ഫുക്രി കുടുംബം എന്ന അതിപരമ്പരാഗത മുസ്‌ലിം രാജകീയകുടുംബത്തിലാണ്. അവിടെയുള്ള പെണ്‍കുട്ടിയോട് (നഫ്‌സി) ലക്കിക്കു പൊടിക്കു തോന്നുന്ന പ്രണയവും അതിനൊരു കാരണമാണ്. അതിപരമ്പരാഗത ബ്രാഹ്‌മണ കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാല്‍ ആ തറവാട്ടില്‍നിന്ന് കുടുംബനാഥനായ ഫുക്രി ഉപ്പയാല്‍ (സുലൈമാന്‍ ഫുക്രി) പുറത്താക്കപ്പെട്ട മകന്‍ അലി ഫുക്രി. അലിയുടെ മകള്‍ (ആലിയ അഥവാ മണിക്കുട്ടി ) എന്തൊക്കെയോ കാരണങ്ങളാല്‍ അലിയുടെ അടുത്തുനിന്നൊളിച്ചോടി ഫുക്രി കുടുംബത്തിലും അവളുടെ അമ്മയുടെ അഗ്രഹാരത്തിലും വീട്ടുജോലിക്കാരിയായി ഹോസ്റ്റല്‍ ഒഴിവുദിനങ്ങളില്‍ അജ്ഞാതവാസത്തില്‍ കഴിയുന്നുണ്ട്. അവള്‍ ലക്കിയെ സർവപ്രശ്‌നപരിഹാരത്തിനായി ഫുക്രിതറവാട്ടില്‍ അലിയുടെ മകനെന്ന വ്യാജേന അവതരിക്കാന്‍ ക്ഷണിക്കുകയാണ്.

താന്‍ പുറത്താക്കിയ അലി എന്ന മകന്റെ ലുക്മാന്‍ അഥവാ ലക്കി എന്ന മകനോട് സുലൈമാൻ ഫുക്രി എന്ന ഉപ്പാപ്പ കാണിക്കുന്ന അപാരവാത്സല്യത്തിനു സമാന്തരമായി തന്റെ വീട്ടില്‍നിന്നൊളിച്ചോടിയ മകളുടെ മകനോട് അമ്മവീട്ടിലെ പാട്ടി കാണിക്കുന്ന വാത്സല്യവുമുണ്ട് സിനിമയില്‍. ചുരുക്കിപ്പറഞ്ഞാല്‍ ഫുക്രിയുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി ഒരു ഉപ്പ അവിടെയും ഒരു പാട്ടി ഇവിടെയും. കാലാന്തരത്തില്‍, എല്ലാവരെയും തമ്മില്‍ കൂട്ടിയിണക്കലാകുന്നു ലക്കിയുടെ ജീവിതലക്ഷ്യം. തന്ത്രങ്ങള്‍ പാളുമ്പോള്‍ ലക്കി സർവതുംതുറന്നു പറയുന്നു. അവന്‍ അനാഥാലയത്തില്‍ വളര്‍ന്നതാണെന്നതുള്‍പ്പടെ. പിന്നെ പടക്കം പൊട്ടുന്നതുപോലെ നിരന്തരം ഓരോരോ സംഭവ വികാസങ്ങളാണ്. കേസ്, വക്കീൽ, പൊലീസ്, ബോധക്ഷയം, നൃത്തം, പാട്ട്, പ്രണയങ്ങള്‍ പലത്, പ്രതികാരം, തെറ്റ് പൊറുക്കല്‍, ഒത്തുതീര്‍പ്പ്. ഒറ്റ സിനിമയില്‍ ഒതുങ്ങാത്ത ജന്മസത്യങ്ങളുടെ പ്രവാഹം…

കഥാഗതിയില്‍ വരുന്ന മുറുക്കമില്ലായ്മയ്ക്കു കാരണം സംഭവങ്ങളുടെ അതിബാഹുല്യമാണ്. ജയസൂര്യ മിതത്വത്തോടെ അഭിനയിച്ചിരിക്കുന്നു. ലീഡ് റോളുകളില്‍ വരുന്ന പ്രയാഗ മാര്‍ട്ടിനും (നഫ്‌സി) അനു സിതാര (ആലിയ) യും അവരവരുടെ റോളുകള്‍ ഭംഗിയായി ചെയ്തു. ഏതു റോളും കൊടുത്താലും ഭംഗിയാക്കുന്നവരാണ് സിദ്ദിഖും സീനിയര്‍ നടനും സംവിധായകനുമായ ലാലും. ചെറിയ റോളായിരുന്നിട്ടുപോലും ലാല്‍ ഓരോ ചലനം കൊണ്ടും ശബ്ദനിയന്ത്രണം കൊണ്ടും മികവ് പുലര്‍ത്തി. കെപിഎസി ലളിതയുടെ മേക്കപ്പ് ഓവറായില്ലേ എന്നു സംശയം. ശ്രീലതാ നമ്പൂതിരിയും സീമാ ജി.നായരും തെസ്‌നിഖാനും മിന്നിമായുന്നവരെങ്കിലും അവര്‍ക്ക് ചെയ്യാനുള്ളത് നന്നായി ചെയ്തു.

fukri, jayasurya

ചാഞ്ഞുവളഞ്ഞ് ഓട്ടോ ഓടിക്കുന്ന ആ ഓട്ടോക്കാരന്‍ നടന്റെ പേരറിയില്ലെങ്കിലും അയാളെയാണ് മറക്കാന്‍ വയ്യാത്തത്.. പക്ഷേ സഹറോളുകളില്‍ വരുന്ന ഭഗത് മാനുവല്‍, ബാലുവര്‍ഗീസ് കൂട്ടരാണ് കസറിയത് എന്നു പറയാതെ വയ്യ. സഹനടീനടന്മാര്‍ മുഖ്യ വേഷക്കരെ അതിദൂരം പിന്നിലാക്കുന്നത് ഇപ്പോഴത്തെ മലയാള സിനിമയുടെ സ്ഥിരം ട്രെന്‍ഡാണ്. പുതുമുഖങ്ങളും മിമിക്രി ആര്‍ട്ടിസ്റ്റുകളുമാണ് പിന്‍നിരയില്‍
നിന്നുകൊണ്ടുതന്നെ ഫുക്രിയിലെ മുന്‍നിരക്കാരെ നിഷ്പ്രഭരാക്കുന്ന ഈ സപ്പോര്‍ട്ടിങ് ആക്ടേഴ്സ് എന്നറിയുന്നു. പിന്‍നിരക്കാരുടെ ‘സപ്പോര്‍ട്ട് ‘ ഇല്ലാതെ മലയാള സിനിമ ഒരു വട്ടപ്പൂജ്യംതന്നെയാണ് ഇക്കാലത്ത്.

പശ്ചാത്തലസംഗീതം ഗോപീസുന്ദറിന്റേതാണ്. സിനിമയില്‍ നിന്ന് വേറിട്ടുനില്‍ക്കാതെ സിനിമയ്‌ക്കൊപ്പം അതൊഴുകുന്നതുകാരണം സിനിമ കണ്ടു കഴിഞ്ഞാലും ചെവി, ചെവിയായിത്തന്നെ ബാക്കിയുണ്ടാവും. ചമയത്തില്‍ ജയസൂര്യയുടെ ഭാര്യ സരിതയും പ്രദീപ് വര്‍മ്മയുമാണുള്ളത്. സിനിമയുടെ മൂഡ് ഉള്‍ക്കൊണ്ടുതന്നെയാണ് വിജയ് ഉലഗനാഥിന്റെ സിനിമാറ്റോഗ്രഫി. എഡിറ്റിങ് ഗൗരിശങ്കറിന്റേതാണ്.

പാട്ടെഴുത്തില്‍ റഫീക്ക് അഹമ്മദുണ്ടെങ്കിലും പുതുസംഗീതസംവിധായകന്‍ സുദീപ് ഇളയിടം ഈണമിടുന്നുണ്ടെങ്കിലും സംഗീതത്തിന് ഈ സിനിമയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം. ജയസൂര്യ, വൈകല്യങ്ങളുടെ വച്ചുകെട്ടുകളില്ലാതെ വളയം ചാടി പല സിനിമകളിലൂടെയും മുന്നോട്ടുവരാന്‍ നോക്കുന്നതു കാണുമ്പോള്‍ സന്തോഷം. രണ്ടുമണിക്കൂര്‍ നീളത്തില്‍ സംഭവവികാസങ്ങള്‍ കുതിച്ചു ചാടിക്കൊണ്ടിരിക്കുമ്പോള്‍, കഥയുടെ രസച്ചരട് രണ്ടാംപകുതിയ്ക്കുവച്ച് പൊട്ടുന്നുവെങ്കിലും ഏതു സുവിശേഷത്തേക്കാളും ഏതു മുന്തിരിവള്ളിയേക്കാളും ഇത് എത്രയോ ഭേദം. പണ്ടാരാണ്ട് പറഞ്ഞതുപോലെ, അല്ലേലും അമ്പലപ്പറമ്പിലെ ഗാനമേളയ്ക്ക് സ്വരസ്ഥാനം നോക്കേണ്ട കാര്യവുമില്ലല്ലോ…

കല്യാണി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ