ഒരു കലാകാരൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു ഇന്നലെ അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി. മരണത്തിനു തൊട്ടുമുൻപും സച്ചിയുടെ ആ കരുതൽ കരങ്ങൾ മറ്റുള്ളവരിലേക്ക് നീണ്ടു. നട്ടെല്ലിനു ശസ്‌ത്രക്രിയ ചെയ്യുംമുൻപ് സച്ചി ഒരു യുവാവിനു സഹായഹസ്‌തം നീട്ടിയ സംഭവം അദ്ദേഹത്തിന്റെ മരണശേഷമാണ് പലരും അറിയുന്നത്. മറ്റൊരു യുവാവിന്റെ ശസ്‌ത്രക്രിയ ചെലവ് കൂടി സച്ചി വഹിക്കുകയായിരുന്നു. സച്ചിയുടെ ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശസ്‌ത്രക്രിയ ചെയ്യുന്നതിന്റെ തലേദിവസം വളാഞ്ചേരി ഭാഗത്തുനിന്ന് എത്തിയ ഒരു യുവാവിനാണ് സച്ചി സാമ്പത്തിക സഹായം നൽകാൻ സന്നദ്ധനായതെന്ന് ഡോക്‌ടർ പറയുന്നു. സച്ചിയുടെ അതേ ശസ്‌ത്രക്രിയ തന്നെയാണ് ആ യുവാവിനും വേണ്ടിയിരുന്നത്. എന്നാൽ, അവർക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതറിഞ്ഞ സച്ചി ആ യുവാവിന്റെ ചികിത്സ ചെലവ് കൂടി താൻ വഹിക്കാമെന്ന് ആശുപത്രിയിൽ അറിയിച്ചു. താൻ അറിയരുതെന്ന് പറഞ്ഞാണ് സച്ചി ഇക്കാര്യം ആശുപത്രിയിൽ അറിയിച്ചതെന്നും പിന്നീട് സഹപ്രവർത്തകർ പറഞ്ഞാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും ഡോക്‌ടർ സച്ചിയുടെ മരണശേഷം വെളിപ്പെടുത്തി. മരണശേഷം സച്ചിയുടെ കണ്ണുകൾ ദാനം ചെയ്‌തിരുന്നു.
Read Also: ഒരിക്കലും നഷ്‌ടപ്പെടരുതെന്ന് ആഗ്രഹിച്ച…; വാക്കുകളിടറി സുരാജ്, സച്ചിക്ക് അന്ത്യാഞ്ജലി
നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതാണ് സച്ചിയുടെ മരണകാരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇന്നലെ രാത്രി പനി കൂടി ബാധിച്ചതോടെ സച്ചിയുടെ ആരോഗ്യനില വളരെ മോശമായി. ഇന്നലെ രാത്രി 10.35 നാണ് സച്ചിയുടെ മരണം സ്ഥിരീകരിച്ചത്.
സച്ചിയുടെ മൃതദേഹം ഇന്നു രാവിലെയാണ് കൊച്ചിയിലെത്തിച്ചത്. തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. മൂന്നരയോടെ തമ്മനത്തെ വീട്ടിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. രവിപുരത്തെ ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, സാദിഖ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ തമ്മനത്തെ വീട്ടിൽ എത്തി പ്രിയ സുഹൃത്തിനു അന്ത്യാഞ്ജലി അർപ്പിച്ചു.
മരണത്തിൽ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ തിരക്കഥാകൃത്തായാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. കോളേജ് കാലത്ത് തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സച്ചി കലാലയജീവിതത്തിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിരുന്നു. എറണാകുളം ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകന്‍ ആയി പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് സേതുവിനൊപ്പം ചേർന്ന് സച്ചി-സേതു എന്ന പേരിലായിരുന്നു തിരക്കഥകൾ എഴുതിയിരുന്നത്. കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ്.