മഹാവീര കർണ്ണ സിനിമയുടെ തിരക്കുകളിലാണ് സംവിധായകൻ ആർ.എസ്.വിമൽ. വിക്രം ആണ് കർണ്ണന്റെ വേഷം ചെയ്യുന്നത്. പൃഥ്വിരാജിനയാണ് ആദ്യ കർണ്ണന്റെ വേഷത്തിനായി പരിഗണിച്ചിരുന്നതങ്കിലും പിന്നീട് വിക്രമിനെ തിരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വിരാജിനു പകരം വിക്രമിനെ തിരഞ്ഞെടുക്കാനുളള ഒരു കാരണം പൃഥിരരാജിന്റെ തിരക്കുകളാണെന്നാണ് ആർ.എസ്.വിമൽ പറഞ്ഞിരിക്കുന്നത്. നാന വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിമലിന്റെ പ്രതികരണം.
മറ്റൊരു കാരണം കർണ്ണൻ എന്ന സിനിമ ചെയ്യാമെന്നേറ്റിരുന്ന നിർമ്മാതാവിന്റെ പിൻമാറ്റമാണെന്നും ആർ.എസ്.വിമൽ പറഞ്ഞു. ”എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ഞാനും പൃഥ്വിയും ദുബായിലെത്തിയ സമയത്താണ് ഒരു വ്യവസായി എന്ന് സ്വയം പരിചയപ്പെടുത്തികൊണ്ട് ഒരാൾ ഞങ്ങളെ കാണാനെത്തുന്നത്. അദ്ദേഹം ഞങ്ങളുടെ പുതിയ പ്രോജക്ടിനെക്കുറിച്ച് അന്വേഷിച്ചു. കർണ്ണൻ എന്ന പേരിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് എന്നു പറഞ്ഞപ്പോൾ ആ സിനിമ അദ്ദേഹം നിർമ്മിക്കാമെന്ന് ഏൽക്കുന്നു. അങ്ങനെയാണ് കർണ്ണൻ അനൗൺസ് ചെയ്യപ്പെടുന്നത്. പൃഥ്വിയുടെ തിരക്കുകൾ കാരണം പ്രോജക്ട് നീണ്ടുവെന്നത് സത്യമാണ്. അപ്പോഴേക്കും നിർമ്മാതാവ് അദ്ദേഹത്തിന്റേതായ ചില കാരണങ്ങൾ പറഞ്ഞ് അതിൽ നിന്ന് പിന്മാറി. തൊട്ടു പിറകെ മറ്റൊരു പടവും അദ്ദേഹം അനൗൺസ് ചെയ്തു. അതാണ് മഹാവീര കർണ്ണയിലേക്ക് പെട്ടെന്ന് എത്താനുണ്ടായ കാരണം”.
പൃഥ്വിക്കു പകരം വിക്രമിനെ നായകനാക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും വിമൽ വ്യക്തമാക്കി. ”എന്ന് നിന്റെ മൊയ്തീൻ തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് ഞാൻ വളരെയേറെ ആഗ്രഹിച്ചിരുന്നു. അത് വിക്രമിനെക്കൊണ്ട് ചെയ്യിക്കണമെന്നും. അതിനായി വിക്രമിനെ സമീപിച്ചതുമാണ്. പലതവണ വിക്രം ആ സിനിമ കണ്ടിട്ടുമുണ്ട്. ആ പ്രോജക്ട് നടന്നില്ലെങ്കിലും ആ ഒരു സ്നേഹം അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നു. അതാണ് വിക്രമിനെ പോയി കാണാൻ എനിക്ക് പ്രചോദനമായത്. ആകാരപ്രകൃതി കൊണ്ടും വിക്രം കർണ്ണനെ ഓർമിപ്പിക്കും”.
കർണ്ണനായി വിക്രമിനെ തേടുന്ന കാര്യം പൃഥ്വിയോട് പറഞ്ഞിരുന്നുവെന്നും ആർ.എസ്.വിമൽ പറഞ്ഞു. എല്ലാ ഭാവുകങ്ങളും പൃഥ്വി നേരുകയും ചെയ്തു. ഭാവിയിൽ നല്ല കഥകളുണ്ടാവുകയാണെങ്കിൽ എന്നോടൊത്ത് സഹകരിക്കണമെന്നും ഞാൻ പൃഥ്വിയോട് ആവശ്യപ്പെട്ടു. അതിനും അദ്ദേഹം സമ്മതം മൂളിയിട്ടുണ്ട്. വളരെ സൗഹാർദ്ദപരമായിരുന്നു ഞങ്ങളുടെ താൽക്കാലികമായ വേർപിരിയലെന്നും വിമൽ പറഞ്ഞു.