Latest News

‘മൈ സ്റ്റോറി’ എല്ലാവരുടേയും സ്റ്റോറി: റോഷ്‌നി ദിനകര്‍

സിനിമ തന്നെയാണ് തന്റെ മേഖല എന്നു റോഷ്നിക്കറിയാം. രണ്ടാമത്തെ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.

Roshni Dinaker, My Story

കഴിഞ്ഞ 15 വര്‍ഷമായി റോഷ്‌നി ദിനകര്‍ സിനിമയിലുണ്ട്. കോസ്റ്റിയൂം ഡിസൈനര്‍ എന്ന റോളിലായിരുന്നു റോഷ്‌നി സിനിമയിലെത്തിയതെങ്കില്‍ ഇന്ന് റോഷ്‌നി സംവിധായികയാണ്. എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ‘മൈ സ്റ്റോറി’യിലൂടെയാണ് റോഷ്‌നി ദിനകര്‍ സംവിധാന രംഗത്ത് ചുവടുറപ്പിക്കാന്‍ പോകുന്നത്. ചിത്രം ജൂലൈ ആറിന് തിയേറ്ററുകളിൽ എത്തുകയാണ്. മൈ സ്‌റ്റോറിയെക്കുറിച്ചും, ജീവിത്തെക്കുറിച്ചും റോഷ്‌നി ഐ ഇ മലയാളത്തോട് മനസു തുറക്കുന്നു.

‘മൈ സ്റ്റോറി’ എന്റെ സ്വപ്നം

ആദ്യ സിനിമയാണ്. എന്റെ മൂന്നു വര്‍ഷത്തെ അദ്ധ്വാനവും പ്രയത്നവും ഒക്കെയാണ് മൈ സ്റ്റോറി. ഒരു സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം.

ജീവിതത്തില്‍ എല്ലാവര്‍ക്കും ഉണ്ടാകും ഓരോ കഥ. നമ്മുടെ ഒരു ദിവസത്തില്‍, ഒരുനിമിഷത്തില്‍ ചുറ്റുമൊന്നു നോക്കിക്കഴിഞ്ഞാല്‍ അവിടെ ധാരാളം കഥകളുണ്ട്. നിലത്തുള്ള പുല്ലിലേക്ക് നോക്കിയാല്‍ കല്ലെടുക്കാന്‍ ശ്രമിക്കുന്ന ഒരു തുമ്പിയെ കാണാം. അതുപോലും ഒരു കഥയാണ്. ചുറ്റും കഥകളുണ്ട്. കണ്ണും മനസും തുറന്നു നോക്കണമെന്നു മാത്രം.

നമ്മളൊക്കെ എന്തൊക്കെയോ തിരക്കിന്റെ പുറകെ പായുകയാണ്. അതിന്റെ ഇടയില്‍ ജീവിക്കാന്‍ മറക്കുന്നു. മൈ സ്റ്റോറി എന്ന സിനിമ സത്യത്തില്‍ എനിക്കു തന്നെ ഉള്ള ഒരു റിമൈന്‍ഡര്‍ ആണ്.

‘മൈസ്റ്റോറി’ എന്ന സിനിമ

ഇതൊരു പ്രണയകഥയാണ്. വെറുതേ വന്നു പോകുന്നൊരു പ്രണയമല്ല. കുറച്ചുകൂടി ആഴത്തില്‍ അതിനെ കാണാനും പറയാനുമുള്ള ശ്രമമാണ് മൈ സ്റ്റോറിയിലൂടെ നടത്തിയിരിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലുമായി പല മനുഷ്യരും വന്നു പോകും. കുറച്ചുദൂരം അവര്‍ നിങ്ങളോടൊപ്പം ഉണ്ടാകും. പിന്നീട് ചിലപ്പോള്‍ ഉണ്ടായെന്നു വരില്ല. ഒരു ശരീരമായി അവര്‍ കൂടെ ഉണ്ടായില്ലെങ്കിലും അവരുടെ ഓര്‍മകള്‍ അവര്‍ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഒക്കെ നമുക്കൊപ്പം ഉണ്ടാകും. നമ്മുടെ ജീവിതത്തെ തൊട്ടാണ് ഓരോ മനുഷ്യനും കടന്നു പോകുന്നത്. ആ ഒരു ‘ടച്ച്’ ഉണ്ടല്ലോ, അതു ചിലപ്പോള്‍ ജീവിതത്തെ ഒന്നാകെ മാറ്റിയേക്കാം. അവര്‍ വരുമ്പോഴുണ്ടായിരുന്ന നിങ്ങളായിരിക്കില്ല അവര്‍ ജീവിതത്തില്‍ നിന്നും പോയിക്കഴിയുമ്പോള്‍ ഉണ്ടാകുന്നത്. ഏതെല്ലാമോ തരത്തില്‍ ആ മനുഷ്യര്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിയിരിക്കും. നിങ്ങള്‍ ജീവിത്തെ നോക്കുന്ന രീതിയെ മാറ്റിയിരിക്കും. അതുകൊണ്ട് മൈ സ്റ്റോറി എല്ലാവരുടേയും സ്റ്റോറി ആയിരിക്കും.

my story

ആദ്യ ചിത്രം പൃഥ്വിരാജിനും പാര്‍വ്വതിക്കുമൊപ്പം

മലയാളത്തിലെ രണ്ടു മുന്‍നിര താരങ്ങളാണ് പൃഥ്വിരാജും പാര്‍വ്വതിയും. ഇവര്‍ ചിത്രത്തിന്റെ ഭാഗമായത് ഒരു അനുഗ്രമായി കരുതുന്നു. അക്കാര്യത്തില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.

സിനിമ തന്നെ ജീവിതം

ഞാന്‍ കഴിഞ്ഞ 15 കൊല്ലമായി സിനിമയില്‍ തന്നെയാണ്. പക്ഷെ സ്വതന്ത്ര സംവിധായികയാകുന്നത് ആദ്യമായാണ്. ഇനിയും സിനിമകള്‍ സംവിധാനം ചെയ്യാന്‍ തന്നെയാണ് താത്പര്യം. അടുത്ത സിനിമ തീരുമാനിച്ചു കഴിഞ്ഞു. ‘യൂ'(You) എന്നാണ് പുതിയ സിനിമയുടെ പേര്. ഞാന്‍ വിശ്വസിക്കുന്നത് ഈ ലോകത്ത് മൂന്നു തരം മനുഷ്യരാണ് ഉള്ളത് എന്നാണ്. ആദ്യത്തെ ആളുകള്‍ എന്നു പറയുന്നത്, ജീവിതത്തില്‍ എന്തെങ്കിലും മോശം അനുഭവം, എന്തെങ്കിലും അനീതിയൊക്കെ നടന്നാല്‍ മരിക്കുന്നതു വരെ അതോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കും. രണ്ടാമത്തെ കൂട്ടര്‍ കരയും, പക്ഷെ പിന്നീട് അവര്‍ക്ക് സംഭവിച്ച അതേ അനുഭവം ലോകത്തിന് തിരിച്ച് നല്‍കാന്‍ ശ്രമിക്കും. അവര്‍ ചെയ്യുന്ന തെറ്റുകള്‍ക്കൊക്കെ ആ അനുഭവത്തെ കൂട്ടുപിടിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. മൂന്നാമത്തെ ആളുകള്‍, അവര്‍ കരയും. പക്ഷെ ഒരു ഘട്ടമെത്തുമ്പോള്‍ അവര്‍ തങ്ങളുടെ അനുഭവങ്ങളെ തിരിഞ്ഞു നിന്ന് ചോദ്യം ചെയ്യും, ഒരു അല അല്ലെങ്കില്‍ ഒരു വിപ്ലവം സൃഷ്ടിക്കും. അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അവര്‍ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്തും.

ജീവിതത്തില്‍ ഈ മൂന്നു കൂട്ടരെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഈ മൂന്നു ജീവിതങ്ങളും മൂന്നു സ്ത്രീകളുടെ വൈകാരിക യാത്രയിലൂടെ അവതരിപ്പിക്കാനാണ് അടുത്ത സിനിമയിലൂടെ ഞാന്‍ ശ്രമിക്കുന്നത്. ഒരേ ജീവിതാവസ്ഥയില്‍ വ്യത്യസ്ത തരത്തിലാണ് അവര്‍ പ്രതികരിക്കുന്നത്. ഈ മൂന്നു സ്ത്രീകളെയും ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുണ്ട്. അവര്‍ എനിക്കൊപ്പം ജീവിച്ചിട്ടുണ്ട്. വളരെ അടുത്ത് എനിക്കവരെ അറിയാം.

ഓരോരുത്തരുടേയും ജീവിതം ഓരോ തരത്തിലാണ്. ചിലരുടെ ശരികള്‍ ചിലരുടെ തെറ്റുകളാകാം. ചിലരുടെ അഞ്ചു നിമിഷത്തെ സന്തോഷം ചിലപ്പോള്‍ മറ്റൊരാളുടെ ജീവിതത്തിന്റെ വിലയാകാം. ഇങ്ങനെ പല കാര്യങ്ങളുമാണ് ‘യൂ’ എന്ന ചിത്രത്തിലൂടെ ഞാന്‍ പറയുന്നത്.

റോഷ്നിയുടെ സ്റ്റോറി

എനിക്കൊരു എന്‍ ജി ഓ ഉണ്ട്. ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. നമ്മുടെ സമൂഹത്തില്‍ വല്ലാത്ത അസഹിഷ്ണുതയും വെറുപ്പും ഒക്കെ വളര്‍ന്നു വരുന്നുണ്ട്. ചില താത്കാലിക നേട്ടങ്ങള്‍ക്കും മറ്റും വേണ്ടി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും വളര്‍ന്നു വരുന്ന തലമുറയെയാണ് ബാധിക്കാന്‍ പോകുന്നത്. നമുക്ക് എല്ലാത്തിനും പ്രശ്നമാണ്. ഒരാളുടെ ജീവിതം, ഒരാളുടെ ചിന്താരീതി, അവരുടെ പ്രവൃത്തികള്‍ അങ്ങനെ എല്ലാം. നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ നമ്മളെപ്പോളും അത്തരം പല കാര്യങ്ങളുടെയും പുറകിലാണ്. നമ്മള്‍ മനുഷ്യര്‍ മറ്റെല്ലാത്തിനെ കുറിച്ചും സംസാരിക്കും നമ്മളെ സ്വയം നോക്കിക്കാണാനും തിരുത്താനും പലപ്പോഴും ശ്രമിക്കാറില്ല. അതുകൊണ്ടാണ് കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലാമെന്നു തീരുമാനിക്കുന്നത്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് അവിടെനിന്നാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ക്ഷമയോടെ കേള്‍ക്കാനും ബഹുമാനിക്കാനും സാധിക്കണം. നിങ്ങള്‍ക്ക് അവരെ അംഗീകരിക്കാതിരിക്കാം, പക്ഷെ ബഹുമനിക്കാതിരിക്കരുത്. ഓരോ മനുഷ്യരേയും അവരുടെ ജീവിതം ഓരോന്നു പഠിപ്പിച്ചിട്ടുണ്ടാകും. അത് ഉള്‍ക്കൊള്ളാന്‍ സാധിക്കണം. ചെറുപ്പം മുതലേ കുട്ടികളില്‍ ഈ ശീലം വളര്‍ത്തണം. അതാണ് എന്റെ എന്‍ജിഓ ചെയ്യുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Director roshni dinaker talks about her debut movie my story prithviraj parvathy

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com