നിർമ്മാതാവ് ആൽവിൻ ആന്റണിയെ വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയിലാണ് റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെ കേസെടുത്ത്. തന്നെയും സുഹൃത്തിനെയും മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി റോഷൻ ആൻഡ്രൂസും പരാതി നൽകിയിട്ടുണ്ട്.

ആൽവിൻ ആന്റണിയും സുഹൃത്തുക്കളും ചേർന്ന് തന്നെയും സുഹൃത്ത് നവാസിനെയും മർദിക്കുകയായിരുന്നുവെന്നാണ് റോഷൻ ആൻഡ്രൂസ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞത്. ”ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണി എന്റെ കൂടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നു. പല തവണ താക്കീത് ചെയ്തിട്ടും കേൾക്കാതെ വന്നപ്പോൾ പുറത്താക്കി. ഇതിൽ പ്രകോപിതനായി എനിക്കെതിരെ അപവാദ പ്രചാരണം നടത്തി. സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഇതിനെക്കുറിച്ച് ചോദിക്കാൻ വീട്ടിൽ പോയത്. പക്ഷേ ആൽവിന്റെ അച്ഛനും സുഹൃത്തുക്കളും ചേർന്ന് എന്നെയും സുഹൃത്തിനെയും മർദിക്കുകയായിരുന്നു,” റോഷൻ പറഞ്ഞു.

എന്നാൽ താൻ മയക്കുമരുന്നിന് അടിമയാണെന്ന റോഷന്റെ വാദം കളളമാണെന്നാണ് ആൽവിൻ ജോൺ ആന്റണി മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞത്. ”റോഷൻ ആൻഡ്രൂസിനും എനിക്കും ഒരു സുഹൃത്തുണ്ട്, പെൺകുട്ടിയാണ്. ഞാനും അവളും തമ്മിലുളള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. പല തവണ എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞു. ഞാന്‍ ചെവി കൊണ്ടില്ല. ഇതോടെ അദ്ദേഹത്തിന് എന്നോട് വൈരാഗ്യമായി. എന്നെപ്പറ്റി മോശമായി പലതും പറഞ്ഞു പരത്തി. ഞാൻ അത് ചോദ്യം ചെയ്തു. അതിന്റെ വൈരാഗ്യത്തിലാണ് വീട്ടിലെത്തി അക്രമം നടത്തിയത്,” ആൽവിൻ ജോൺ പറഞ്ഞു. താൻ ജീവിതത്തിൽ ഇതുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ലാല്‍ ജോസ്, ബി.ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ് എന്നിവരുടെ സിനിമകളില്‍ പ്രവർത്തിച്ചിട്ടുണ്ടെന്നും അവരോട് തന്നെക്കുറിച്ച് അന്വേഷിക്കാമെന്നും ആൽവിൻ ജോൺ ആന്റണി പറഞ്ഞു.

അതേസമയം, സംഭവത്തിൽ നിർമ്മാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചിട്ടുണ്ട്. റോഷന്റെ സിനിമ ചെയ്യുന്നവർ സംഘടനയെ അറിയിക്കണമെന്നാണ് നിർമ്മാതാക്കളുടെ സംഘടന നൽകിയിരിക്കുന്ന നിർദേശം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ