മലയാള സിനിമയും താരസംഘടന അമ്മയും വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും നടുക്കടലില്‍ പെട്ട അവസ്ഥയില്‍ വീണ്ടും ഉയര്‍ന്നു കേട്ട ഒരു പേരാണ് അന്തരിച്ച നടന്‍ തിലകന്റേത്. മലയാള സിനിമ കണ്ടതില്‍ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ എന്ന് നിസ്സംശയം അദ്ദേഹത്തെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ മരണത്തിന് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ പേര് വിവാദങ്ങളില്‍ നിറയുമ്പോള്‍ ചില വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്. മാതൃഭൂമിയില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ചില സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

കലാകാരന്‍മാര്‍ പൊതുവേ കാര്യങ്ങളെ വൈകാരികമായി കാണുന്നവരാണ്, സംഭവങ്ങളോട് പെട്ടെന്നു പ്രതികരിക്കുന്ന രീതിയാണ് അവര്‍ക്ക്. തനിക്ക് അടുത്തറിയാവുന്ന തിലകന്‍ചേട്ടനും സമാനസ്വഭാവമുള്ള വ്യക്തിയാണ്. അദ്ദേഹവും സിനിമാസംഘടനകളും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളും ഇത്തരം വൈകാരികസമീപനങ്ങള്‍ കൊണ്ടു സംഭവിച്ച ചില പരിഭവങ്ങള്‍ മാത്രമായിരുന്നു എന്നതാണ് തന്റെ അനുഭവമെന്നും രഞ്ജിത് പറയുന്നു.

‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രം തുടങ്ങുന്നതിനു മുമ്പ് മുംബൈയിലെ ഒരുചടങ്ങില്‍വച്ച് സിനിമാ സംഘടനകളുടെ ഭാരവാഹികളായിരുന്ന ബി. ഉണ്ണികൃഷ്ണനെയും ഇന്നസെന്റിനെയും കണ്ടപ്പോള്‍ താന്‍ അവരോട് പുതിയ ചിത്രത്തെ കുറിച്ചു പറഞ്ഞെന്നും പൃഥ്വീരാജും തിലകനുമാണ് പ്രധാനവേഷങ്ങളിലെന്നും എന്തോ വിലക്കിനെക്കുറിച്ചൊക്കെ തിലകന്‍ ചേട്ടന്‍ പറഞ്ഞിരുന്നുവെന്നും താന്‍ സൂചിപ്പിച്ചപ്പോള്‍ ഇന്നസെന്റും ഉണ്ണിക്കൃഷ്ണനും ഒരേസ്വരത്തില്‍ പറഞ്ഞത് വിലക്കുകളൊന്നുമില്ലെന്നും ധൈര്യമായി തിലകനെ വിളിക്കാമെന്നുമായിരുന്നെന്നും രഞ്ജിത് മാതൃഭൂമിയിലെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

‘ധൈര്യക്കുറവൊന്നുമില്ല, നാളെയൊരു ചോദ്യവുമായി എന്റെടുത്ത് വരരുതെന്ന്’ പറഞ്ഞപ്പോള്‍ ഒരിക്കലുമില്ല, സംഘടനയ്ക്ക് ഒരു പ്രശ്‌നവുമില്ല എന്നുതന്നെയാണ് അവര്‍ പറഞ്ഞത്. ചിത്രീകരണത്തിന്റെ ഒരുഘട്ടത്തിലും വിലക്കുമായി ആരും എത്തിയിരുന്നില്ല, അതിനുശേഷം അദ്ദേഹം എന്റെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു തരത്തിലുള്ള പ്രതിഷേധവും ആ സമയത്തൊന്നും സിനിമാ സംഘടനകളില്‍ നിന്ന് എനിക്കോ തിലകന്‍ ചേട്ടനോ നേരിടേണ്ടിയും വന്നിട്ടില്ല,’ രഞ്ജിത് പറഞ്ഞു.

സഹസംവിധായകനെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് തന്റെ ഒരു സെറ്റില്‍ വച്ച് തിലകനോട് ഇറങ്ങിപ്പോകാന്‍ പറയേണ്ടിവന്നിട്ടുണ്ടെന്നും, ഇതിന്റെ പേരില്‍ തിലകനുമായി കാലങ്ങളോളം സംസാരിച്ചിട്ടില്ലെന്നും രഞ്ജിത് പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ