നാടകവേദികളിൽ തിളങ്ങിയ കലിംഗ ശശിയെന്ന കലാകാരന് സിനിമയിലെ രണ്ടാം വരവിൽ മികച്ച തുടക്കം സമ്മാനിക്കുക എന്ന നിയോഗം സംവിധായകൻ രഞ്ജിത്തിന്റേതായിരുന്നു. ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിൽ ഡി വൈ എസ് പി മോഹൻദാസ് മണലത്ത് എന്ന കഥാപാത്രമായിട്ടായിരുന്നു കലിംഗ ശശിയുടെ രണ്ടാം വരവ്. പാലേരി മാണിക്യത്തിലേക്ക് കലാകാരന്മാരെ കണ്ടെത്താനായി കോഴിക്കോട് സംഘടിപ്പിച്ച ക്യാംപിലേക്ക് വൈകിയെത്തിയ ആ നാടകക്കാരനെ ഓർക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.

“മുരളി മേനോൻ ആയിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപ് തീരാറായപ്പോഴാണ് ശശി എത്തുന്നത്. ശശിയെ കണ്ടപ്പോഴെ എന്റെ സിനിമയിലെ പൊലീസ് കഥാപാത്രം ചെയ്യേണ്ട ആൾ ഇതാണെന്ന് തോന്നി,” രഞ്ജിത്ത് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read more: നാടകവേദികളിൽ നിന്നും സിനിമയിലെത്തിയ കോഴിക്കോട്ടുകാർ

സിനിമയിൽ കണ്ട കലിംഗ ശശിയേക്കാൾ എത്രയോ മുകളിലായിരുന്നു നാടകവേദികളിലെ ശശിയെന്ന് രഞ്ജിത്ത് ഓർക്കുന്നു. “അയാൾ അങ്ങനെ ഒന്നും പറയാറില്ല. പലപ്പോഴും മറ്റുള്ളവർ പറഞ്ഞ് അറിഞ്ഞാണ് ശശിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്. വളരെ ഒഴുക്കോടെ അനായാസമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഒരാളായിരുന്നു ശശി. ഹോളിവുഡ് സിനിമകളുടെ ആരാധകൻ. അയാളുടെ ചെറുപ്പത്തിൽ കോഴിക്കോട്ടെ ക്രൗൺ തിയേറ്ററിൽ വരുന്ന എല്ലാ ഹോളിവുഡ് സിനിമകളും നിരന്തരം കാണുകയും എല്ലാ അഭിനേതാക്കളെ കുറിച്ചും മനസ്സിലാക്കുകയും ചെയ്തിരുന്നു.”

ശശിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവിണ്യവും പരിചയവും അറിഞ്ഞപ്പോഴാണ് പ്രാഞ്ചിയേട്ടനിൽ ഷേക്സ്പിയർ നാടകത്തിലെ സംഭാഷണശകലങ്ങൾ കൊടുത്തതെന്നും അത് മനോഹരമായി തന്നെ ശശി അവതരിപ്പിച്ചെന്നും രഞ്ജിത്ത് കൂട്ടിച്ചേർക്കുന്നു. “അതത്രയും ശശിക്ക് മനഃപാഠമായിരുന്നു.”

കൊറോണക്കാലത്തെ ഈ മരണം പ്രിയപ്പെട്ടവർക്കുപോലും ശശിയെ അവസാനമായി ഒരു നോക്കുകാണാൻ കഴിയാതെയാക്കിയെന്ന വിഷമവും രഞ്ജിത്ത് പങ്കുവച്ചു. “സുഹൃത്തുക്കൾക്കൊന്നും പോയി കാണാൻ കഴിയാത്ത അവസ്ഥയാണ്. ശശിയുടെ അനിയനു പോലും ഈ സാഹചര്യത്തിൽ എത്തിപ്പെടാൻ സാധിക്കുമോ എന്നറിയില്ല. രാവിലെ ആശുപത്രിയിൽ പോയാണ് ഞാൻ അവസാനമായി കണ്ടത്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook