ഒരേ തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്തു കൊണ്ടിരുന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് തനിക്ക് സ്വയം ബോറടിക്കുമെന്ന് രഞ്ജിത്. വ്യത്യസ്തങ്ങളായ സിനിമകള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തും നടത്തിയിട്ടുണ്ടെന്നും പുതിയതായുള്ള ശ്രമങ്ങള്‍ തന്നെ എപ്പോഴും ത്രില്ലടിപ്പിക്കാറുണ്ടെന്നും രഞ്ജിത് പറയുന്നു.

“പലപ്പോഴും ആളുകള്‍ ചോദിച്ചിട്ടുണ്ട്, ‘പാലേരിമാണിക്യം’, ‘തിരക്കഥ’ പോലുള്ള ചിത്രങ്ങള്‍   എന്തിനാണ് ചെയ്യുന്നതെന്നും ‘നരസിംഹം’ പോലുള്ള സിനിമകള്‍ ചെയ്തു കൂടെ എന്നും. പക്ഷെ അത്തരത്തിലുള്ള ശൈലികള്‍ മാത്രം പിന്തുടരുന്നവര്‍ പെട്ടെന്നു തന്നെ വിസ്മരിക്കപ്പെടും. എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും ‘നരസിംഹം’ പോലൊരു ചിത്രം ചെയ്യാന്‍ എനിക്കിനി കഴിയില്ല,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് വെളിപ്പെടുത്തുന്നു.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് ‘നരസിംഹം.’  മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്‌ബസ്റ്റര്‍.  എന്നാല്‍ അത്തരം സിനിമകളില്‍ നിന്ന് മലയാള സിനിമ പതിയെ മാറിക്കൊണ്ടിരിക്കുകയാണ് എന്നും   രഞ്ജിത് അഭിപ്രായപ്പെട്ടു. എഴുതി വച്ച സംഭാഷണങ്ങള്‍ അതുപോലെ പറയുന്ന മുന്‍കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഡയലോഗ് ‘ഇംപ്രോവൈസ്’ ചെയ്യുന്ന ‘ഫ്ലെക്സിബിള്‍’ രീതിയാണ് ഇപ്പോള്‍ ഉള്ളത് എന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

“എന്നാല്‍ ചിലപ്പോള്‍ ഈ ഫ്ലെക്സിബിലിറ്റി അല്പം കൂടിപ്പോകുന്നോ എന്നും തോന്നും.  ചില സംഭാഷണങ്ങള്‍ നല്ല ഉച്ചാരണത്തില്‍, മുഴക്കത്തോടെ പറയേണ്ടി വരും.  മാത്രമല്ല, പുതിയ തലമുറയില്‍ പെട്ടവര്‍ വികാരപരമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്നത് ചുരുക്കമാണ്.  ‘കിരീടം’ പോലൊരു ചിത്രം ഈ തലമുറയെ ആകര്‍ഷിച്ചു എന്ന് വരില്ല.  എല്ലാ വിഷയങ്ങളും വളരെ ലളിതമായും, ലൈറ്റ് ആയും കാണുന്ന ഒരു അവസ്ഥയാണിപ്പോള്‍,” കല എന്നും ജീവിതത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് അടിവരയിട്ട് കൊണ്ട് രഞ്ജിത് പറയുന്നു.  കുടുംബബന്ധങ്ങളിലും സ്ത്രീ പുരുഷ ബന്ധങ്ങളിലും കാലാകാലങ്ങളായി വന്ന മാറ്റങ്ങള്‍, സൗഹൃദങ്ങള്‍ക്ക് ഇപ്പോള്‍ മലയാളി ജീവിതങ്ങളില്‍ ഉള്ള പ്രാധാന്യം, എന്നിവയൊക്കെ സിനിമയുടെ കഥാ രീതികളേയും സ്വാധീനിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More: രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രം ‘ഡ്രാമ’

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഡ്രാമ’യുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.  മോഹന്‍ലാന്‍-രഞ്ജിത് കൂട്ടുകെട്ട് കേരളത്തിന്റെ ബോക്സ്ഓഫീസിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നവയാണ്.  ‘ഡ്രാമ’ ഒരു ഫാമിലി ഡ്രാമയാണ് എന്നും മനുഷ്യബന്ധങ്ങളുടെ കഥ ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് എന്നും രഞ്ജിത് പറഞ്ഞു.  മോഹന്‍ലാല്‍ ഇതുവരെ അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ‘ഡ്രാമ’യില്‍ കാണാന്‍ കഴിയും എന്നും രഞ്ജിത് വെളിപ്പെടുത്തുന്നു.

 

മലയാള സിനിമല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സ്ത്രീമുന്നേറ്റത്തെക്കുറിച്ചും രഞ്ജിത് വിലയിരുത്തി.  അഞ്ജലി മേനോന്‍ ചിത്രമായ ‘കൂടെ’യില്‍ അഭിനയിച്ചത് അടുത്ത സുഹൃത്തും കൂടിയായ അഞ്ജലിയുടെ സ്നേഹ-നിര്‍ബന്ധം കാരണമാണ് എന്നും അഞ്ജലി എന്ന എഴുത്തുകാരിയിലും സംവിധായികയിലും തനിക്കു വിശ്വാസമുണ്ടായിരുന്നു എന്നും  രഞ്ജിത് പറഞ്ഞു.

സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ചൂണ്ടി കാണിച്ചു നടി പാര്‍വ്വതി നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള രഞ്ജിത്തിന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ അത് പറയാനുള്ള സ്വാതന്ത്ര്യം പാര്‍വ്വതിയ്ക്കുണ്ട് എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.  അതിന് അവരെ ആക്രമിക്കേണ്ട ആവശ്യമില്ലെന്നും രഞ്ജിത് അടിവരയിടുന്നു. അത്തരം സംഭാഷണങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതല്ല, മറിച്ച് അത് ശരിയാണെന്ന് കാണിക്കുന്നിടത്താണ് വിമര്‍ശനങ്ങള്‍ ഉയരേണ്ടതെന്നും രഞ്ജിത് പറയുന്നു.

താന്‍ എഴുതിയ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നു എന്ന രണ്‍ജി പണിക്കര്‍ പ്രസ്താവനയോടുള്ള നിലപാട് രഞ്ജിത് വിശദീകരികരിച്ചത് ഇങ്ങനെ.

“ഞാന്‍ അത്തരത്തില്‍ മാപ്പ് പറയേണ്ട ഒരു സാഹചര്യം ഉണ്ട് എന്ന് കരുതുന്നില്ല.  അത്തരം എഴുത്തുകള്‍ ഒന്നുകില്‍ ഒരു കഥാപാത്രത്തിന്റെ സ്വഭാവ രീതിയെക്കാണിക്കുന്നവയോ അല്ലെങ്കില്‍ നിര്‍ദ്ദോഷമായ തമാശകളോ ആണ്.  അതൊന്നും  സ്ത്രീ വിരുദ്ധതയല്ല.  ഞാന്‍ സ്ത്രീകളെ ഉപദ്രവിച്ചു നടക്കുന്ന ഒരാളുമല്ല.”

Read More: ആ സംഭാഷങ്ങള്‍ വേദനിപ്പിക്കുന്നുവെങ്കില്‍… രണ്‍ജി പണിക്കര്‍ പറയുന്നു

സിനിമയിലെ സംഭാഷണ ശകലങ്ങള്‍ ചൂണ്ടിക്കാണിച്ച് അത് തിരക്കഥാകൃത്തിന്റെയോ സംവിധായകന്റെയോ മനോഭാവമാണെന്നും അയാള്‍ ഒരു സ്ത്രീവിരുദ്ധനാണെന്നും പറയുന്നതില്‍ തനിക്ക് വിയോജിപ്പുണ്ടെന്നും അഭിമുഖത്തില്‍ രഞ്ജിത് വ്യക്തമാക്കുന്നു.

“എന്റെ തന്നെ ഒരു ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം തന്റെ മുന്‍ ഭാര്യയോട് പറയുന്നുണ്ട് ‘ഞാന്‍ മദ്യപാനം നിര്‍ത്തിയത് നന്നായി, അല്ലെങ്കില്‍ നിന്നെ റേപ്പ് ചെയ്‌തേനെ’ എന്ന്”, ആ സംഭാഷണംവച്ച് കഥാപാത്രം ഒരു റേപ്പിസ്റ്റാണെന്ന് വ്യാഖ്യാനിക്കുന്നത് അജ്ഞതയാണെന്നേ പറയാന്‍ സാധിക്കൂ എന്നും അത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ചിരിക്കാറാണ് പതിവ് എന്നും രഞ്ജിത്.

അടുത്തിടെ ഭാര്യയുമായി ആശുപത്രിയില്‍ പരിശോധനയ്ക്കു പോകുകയും കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എല്ലാ തവണയും നീയെനിക്ക് തെറ്റായ പ്രതീക്ഷ നല്‍കുന്നുവെന്ന് താന്‍ ഭാര്യയോട് പറഞ്ഞെന്നും, അതിലെ തമാശ മനസിലാക്കി ഭാര്യയത് ചിരിച്ചു തള്ളുകയും ചെയ്തു എന്നും എന്നാല്‍ ഇത് സിനിമയിലായിരുന്നെങ്കില്‍ താനൊരു സ്ത്രീവിരുദ്ധനായി ചിത്രീകരിക്കപ്പെടുമായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ