Mohanlal-Ranjith Combo Drama Movie Review in Malayalam:കളിയും ചിരിയും അല്പം കാര്യവും അറിയാതെ മനസ്സിനെ തൊട്ടു പോകുന്ന ചില ജീവിത മുഹൂർത്തങ്ങളുമൊക്കെയായി രണ്ടര മണിക്കൂർ ലണ്ടനിലെ ഒരു ചെറുപട്ടണത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ‘ഡ്രാമ’. നിരവധി വിജയ ചിത്രങ്ങള്‍ സമ്മാനിച്ച രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുമ്പോൾ, ഈ കൂട്ടുകെട്ടിൽ പ്രേക്ഷകർ വച്ചു പുലർത്തിയ പ്രതീക്ഷകളൊന്നും അസ്ഥാനത്താകുന്നില്ല.

ലണ്ടനിലെ ഒരു ചെറുപട്ടണത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഒരു മരണത്തെ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് നർമ്മത്തിൽ പൊതിഞ്ഞ് ‘ഡ്രാമ’ അവതരിപ്പിക്കുന്നത്. ലണ്ടനിൽ വെച്ചു മരണപ്പെടുന്ന റോസമ്മ (അരുന്ധതി നാഗ്) എന്ന അമ്മച്ചിയുടെ ശവസംസ്കാരചടങ്ങുകൾ അമ്മച്ചിയുടെ മക്കളും മരുമക്കളും ചേർന്ന് ഡിക്സൺ ലോപസ് എന്ന ഫ്യൂണറൽ സർവ്വീസ് കമ്പനിയെ ഏൽപ്പിക്കുകയാണ്. അതിനിടയിൽ അവർക്ക് നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് സറ്റയർ രൂപത്തിൽ അവതരിപ്പിക്കുകയാണ് സിനിമ.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കുസൃതിയും കള്ളച്ചിരിയും കൊച്ചു കൊച്ചു കള്ളങ്ങളും സൂത്രങ്ങളുമൊക്കെയായി മോഹൻലാൽ സ്ക്രീനിൽ നിറയുകയാണ്. ഭാര്യയെ​​ അൽപ്പം ഭയമുള്ള, സുഹൃത്തിനൊപ്പം ഫ്യൂണറൽ കമ്പനി നടത്തി കൊണ്ടു പോകുന്ന രാജു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആരുമല്ലാത്തൊരാളുടെ സ്വപ്നങ്ങൾ സഫലമാകാൻ വേണ്ടി നിലകൊള്ളുന്ന രാജു എന്ന രാജഗോപാൽ തന്റെ മാനറിസങ്ങളാൽ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം തന്നെ വിലപ്പെട്ടൊരു സന്ദേശം കൂടി നൽകുന്നുണ്ട്.

ജീവിതത്തിൽ ഒരു മനുഷ്യന് ഏറ്റവും തീർപ്പുള്ളത് അവന്റെ മരണത്തെ കുറിച്ചു തന്നെയാവും. ഇന്നല്ലെങ്കിൽ നാളെ എത്തുമെന്ന് ഉറപ്പുള്ളൊരു വിരുന്നുകാരനാണ് മരണം ഓരോ മനുഷ്യനെ സംബന്ധിച്ചും. അവിടേക്കുള്ള വഴികളിൽ മാത്രമാണ് സസ്‌പെൻസ് നിലനിൽക്കുന്നത്. ‘ഡ്രാമ’യുടെ കഥയും അങ്ങനെ തന്നെ, ഊഹിച്ചെടുക്കാവുന്ന ഒരു കഥാന്ത്യത്തിലേക്ക് രസകരമായ വളവുതിരിവുകളിലൂടെ പ്രേക്ഷകരെ കൊണ്ടു പോകുന്ന എഴുത്തിന്റെ ക്രാഫ്റ്റാണ് ഇവിടെ തിരക്കഥയെ വേറിട്ടൊരു അനുഭവമാക്കുന്നത്.

മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന, ഒന്നോ രണ്ടോ വരിയിൽ പറഞ്ഞു പോകാവുന്ന ഒരു കഥാപരിസരമാണ് സിനിമയുടേത്. കഥയെ കുറിച്ചുള്ള പരാമർശങ്ങൾ കാഴ്ചക്കാരുടെ ആസ്വാദനത്തിന് മുൻവിധികൾ സമ്മാനിക്കുമെന്നതിനാൽ അത്തരം പരാമർശങ്ങൾ ഒഴിവാക്കുന്നു.

കഥയേക്കാൾ പറഞ്ഞു വെക്കേണ്ടത്, അഭിനേതാക്കളുടെ പെർഫോമൻസ് മികവ് തന്നെയാണ്. വളരെ വൈകാരികമായൊരു വിഷയത്തെ ഹ്യൂമറിൽ പൊതിഞ്ഞ് പറഞ്ഞു പോവുമ്പോൾ അവിടെ​​ എത്രത്തോളം പെർഫോമൻസ് മികവ് ആവശ്യമാണെന്ന് ബോധ്യമുള്ള സംവിധായകന്റെ ഏറ്റവും ഉചിതമായ കാസ്റ്റിംഗാണ് ‘ഡ്രാമ’യെ മനോഹരമാക്കുന്ന ഘടകങ്ങളിൽ​ ഒന്ന്. അരുന്ധതി നാഗിൽ തുടങ്ങുന്ന ആ തെരെഞ്ഞെടുപ്പ് ജോണി ആന്‍റണിയിൽ വരെ ഭദ്രമാണ്. രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ടിനി ടോം, ശ്യാമപ്രസാദ്, ബൈജു, ആശാ ശരത്, കനിഹ, ദിലീഷ് പോത്തൻ, സുബി സുരേഷ് എന്നു തുടങ്ങി എല്ലാ അഭിനേതാക്കളും അവർ അണിഞ്ഞ ‘കഥാപാത്രകുപ്പായ’ത്തോട് അത്രമേൽ ഇണങ്ങി നിൽക്കുന്നുണ്ട്.

Read more: രഞ്ജിത്തും മോഹൻലാലും വീണ്ടും കൈകോർക്കുമ്പോൾ

മോഹൻലാലും ബൈജുവും ചേർന്നൊരുക്കുന്ന നർമ്മ നിമിഷങ്ങൾക്കൊപ്പം തിയേറ്ററിനെ ചിരിപ്പിക്കുന്ന മറ്റൊരു മുഖം സംവിധായകനായ ജോണി ആന്റണിയുടേതാണ്. മാനറിസങ്ങൾ കൊണ്ടുപോലും ചിരിയുണർത്തുന്ന ജോണി ആന്റണിയെന്ന ‘പ്രോമിസിംഗ്’ ആയൊരു നടനെ കൂടിയാണ് രഞ്ജിത്ത് ‘ഡ്രാമ’യിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത്.

Ranjith Mohanlal Drama 1

‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത്ത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡ്രാമ’. ജനനത്തിനും മരണത്തിനുമിടയിൽ എത്രമാത്രം ‘നാടകീയ’മാണ് ജീവിതമെന്ന് പ്രേക്ഷകർക്കും ഉൾക്കാഴ്ചകൾ സമ്മാനിക്കുന്ന സംഭാഷണങ്ങളാണ് സിനിമയ്ക്ക് കരുത്തു പകരുന്ന മറ്റൊരു ഘടകം. രഞ്ജിത്തെന്ന എഴുത്തുകാരന്റെ കയ്യൊപ്പ് പതിയുന്നുണ്ട് മികവു പുലർത്തിയ പല സംഭാഷണ രംഗങ്ങളിലും.

Read more: റിലാക്സ്ഡ് ആയി ലാല്‍ ചെയ്ത ‘ഡ്രാമ’: രഞ്ജിത് പറയുന്നു

ലണ്ടന്റെ മനോഹരമായ ഗ്രാമക്കാഴ്ചകളിലേക്കെന്ന പോലെ, കഥാപാത്രങ്ങളുടെ ഇമോഷനുകളിലേക്കും സൂം ചെയ്യപ്പെടുകയാണ് അഴകപ്പന്റെ ക്യാമറ. ബിജിപാലിന്റെ പശ്ചാത്തല സംഗീതവും സന്ദീപ് നന്ദകുമാറിന്റെ എഡിറ്റിംഗും ഏറെ മികവ് പുലർത്തുന്നുണ്ട്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചേര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസറും മഹാ സുബൈറുമാണ് ‘ഡ്രാമ’ നിര്‍മ്മിച്ചിരിക്കുന്നത്. ‘ഡ്രാമ’യിലൂടെ ഒരു ‘ഫീൽ ഗുഡ്’ സിനിമയാണ് മലയാളത്തിന് ലഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook