അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകളെ അപമാനിക്കുന്ന വാക്കുകളുമായി സംവിധായകൻ രാം ഗോപാൽ വർമ. തന്റെ ട്വിറ്റർ പേജിലൂടെയാണ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വാചകം അദ്ദേഹമെഴുതിയത്. സണ്ണി ലിയോൺ പുരുഷന്മാർക്ക് സന്തോഷം നകുന്നതുപോലെ ലോകത്തിലെ എല്ലാ സ്ത്രീകളും പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെയെന്നു ആശംസിക്കുന്നതായി രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.

പുരുഷ ദിനം എന്നൊന്നില്ല. കാരണം ഒരു വർഷത്തിലെ എല്ലാ ദിവസവും പുരുഷന്മാരുടേത് മാത്രമാണ്. ഒരു ദിവസം മാത്രമാണ് സ്ത്രീകൾക്ക് നൽകിയിട്ടുളളത്. എല്ലാ സ്ത്രീകൾക്കും പുരുഷ ദിനം ആശംസിക്കുന്നു… എന്നു തുടങ്ങി ഒന്നിലധികം ട്വീറ്റുകളുണ്ട്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ ട്വീറ്റുകൾ വിവാദമായിക്കഴിഞ്ഞു.

നിരവധി പേരാണ് രാം ഗോപാൽ വർമയുടെ ട്വീറ്റിനെതിരെ പ്രതിഷേധവുമായെത്തിയത്. രാം ഗോപാലിന്റെ അമ്മയും സഹോദരിയും മകളും സണ്ണി ലിയോൺ നൽകുന്നതുപോലെ സന്തോഷം നൽകണമെന്നാണോ പറയുന്നതെന്ന് ഒരാൾ ചോദിച്ചു. സ്ത്രീകൾ സന്തോഷം മാത്രം നൽകാനുളളവരെല്ലെന്നും അവരെ ആദരിക്കണമെന്നും രാം ഗോപാലിന്റെ ട്വീറ്റിനു മറുപടി ട്വീറ്റിൽ പറയുന്നു.

സണ്ണി ലിയോണിനെ കുറിച്ചിട്ട പോസ്റ്റിന് താഴെ വരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രാം ഗോപാൽ വർമ്മ. തന്റെ പോസ്റ്റിന് താഴെ വരുന്ന വിമർശനങ്ങൾ സമൂഹത്തിന്റെ കാപട്യമാണ് കാണിക്കുന്നതെന്ന് രാം ഗോപാൽ വർമ്മ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook