രേവതി, ഷെയ്ൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ‘ഭൂതകാലം’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒടിടി റിലീസായി എത്തിയത്. സോണി ലിവിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രം എന്ന് പേരെടുത്ത ‘ഭൂതകാല’ത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ.
‘എക്സോർസിസ്റ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ‘ഭൂതകാലം’ പോലൊരു റിയലിസ്റ്റിക്ക് ഹൊറർ ചിത്രം താൻ കണ്ടിട്ടില്ലെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനെയും അഭിനേതാക്കളായ ഷെയിൻ നിഗമിനെയും രേവതിയെയും അഭിനന്ദിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
” ‘എക്സോർസിസ്റ്റി’ന് ശേഷം ഭൂതകാലത്തേക്കാൾ റിയലിസ്റ്റിക്കായ ഹൊറർ സിനിമ ഞാൻ കണ്ടിട്ടില്ല, ഭീകരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചതിന് സംവിധായകൻ രാഹുൽ സദാശിവനും നിർമ്മാതാവ് അൻവർ റഷീദിനും അഭിനന്ദനങ്ങൾ. ഷെയിൻ നിഗവും ബഹുമുഖ പ്രതിഭയായ രേവതിയും ബ്രില്ല്യന്റായി അഭിനയിച്ചു.” രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.
ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ പത്തിലധികം ഹൊറർ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.