പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജീവ് മേനോന് ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം ഒരുക്കുന്നത്. മമ്മൂട്ടി, അജിത്, അബ്ബാസ്, ഐശ്വര്യാ റായ്, തബു, ശ്രീവിദ്യ, ശ്യാമിലി തുടങ്ങിവര്‍ അഭിനയിച്ച തമിഴ് ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. മേജര്‍ ബാല എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോള്‍, സിനിമാ സംവിധായകനായ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് അജിത് അവതരിപ്പിച്ചത്. ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ ചിത്രീകരണത്തിനിടയില്‍ അജിത്തുമായുള്ള ഒരു ചിത്രം സംവിധായകന് രാജീവ് മേനോന് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത് അജിത് ആരാധകരെ വീണ്ടും ചിത്രത്തിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.
“ആര്‍ക്കൈവ്സില്‍ നിന്നൊരു ചിത്രം. പ്രിയപ്പെട്ട അജിത്തുമായി ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ ഷൂട്ടിംഗ്. അന്ന് അജിത്തായിരുന്നു, ഇന്ന് ‘തല’യും,” രാജീവ് മേനോന് ട്വിറ്റെറില്‍ പറഞ്ഞു.
One from the archives! Shooting #KandukondainKandukondain with our favourite Ajith who is now Thala! #FlashbackFriday pic.twitter.com/vrY0y89KdD
— Rajiv Menon (@DirRajivMenon) December 21, 2018
തബു, ഐശ്വര്യ റായ്, ശ്യാമിലി എന്നിവര്‍ ശ്രീവിദ്യയുടെ മക്കളായി അഭിനയിച്ച ചിത്രമാണ് ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’. തബുവിന്റെ ദിവ്യ എന്ന കഥാപാത്രവുമായി ഇഷ്ടത്തിലാകുന്ന സിനിമാ സംവിധായകന് മനോഹറായി അജിത് എത്തിയപ്പോള്‍, ഐശ്വര്യ റായുടെ മീനു എന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്ന ശ്രീകാന്തായി അബ്ബാസും എത്തി. ശ്രീകാന്തുമായുള്ള പ്രണയത്തകര്‍ച്ചയെത്തുടര്‍ന്നു ജീവിതത്തില്‍ താൽപര്യം നഷ്ടപ്പെടുന്ന മീനുവിനെ സംഗീതത്തിലേക്ക് തിരിച്ചു കൊണ്ട് വരികയാണ് മേജര്‍ ബാല.
സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ തിരക്കുകള്‍ കാരണം ദിവ്യയുമായി അകലുന്ന മനോഹര്‍, ആ ചിത്രത്തിലെ നായികയുമായി ഇഷ്ടത്തിലാണ് എന്ന് ദിവ്യ തെറ്റിദ്ധരിക്കുന്നു. മനോഹറിന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം അയാള്‍ ദിവ്യയെ തേടിയെത്തി തന്റെ തെറ്റ് ഏറ്റുപറയുന്നു. ഈ രണ്ടു പ്രണയകഥകള്‍ക്കൊപ്പം ശ്രീവിദ്യയുടെ പിതൃസ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചിത്രം പറയുന്നുണ്ട്.
സൂപ്പര്‍ ഹിറ്റായ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് എ.ആര്.റഹ്മാന് ആണ്. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രീകരിച്ച ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി’ലെ ഗാനരംഗങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് രവി കെ.ചന്ദ്രന്. സ്കോട്ലന്ഡ്, ഈജിപ്റ്റ് എന്നിവിടങ്ങളിലാണ് ഐശ്വര്യ റായ്, അബ്ബാസ്, അജിത്, തബു എന്നിവര്‍ അഭിനയിച്ച ഗാനരംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതിലെ ‘എന്ന സൊല്ല പോകിറായ്, ന്യായമാ…’ എന്ന ഗാനം ആലപിച്ചതിന് ശങ്കര്‍ മഹാദേവന് ആ വര്‍ഷത്തെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടി.
Read More: പതിനെട്ട് തികയ്ക്കുന്ന സുന്ദരികളും സുന്ദരന്മാരും
അതിനു ശേഷം ഇപ്പോഴാണ് രാജീവ് മേനോന് അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ‘സര്‍വ്വം താളമയം’ എന്ന സംഗീത പ്രാധാന്യമുള്ള ചിത്രം ഉടന്‍ തന്നെ റിലീസ് ആകും. ഈ ചിത്രത്തിന്റെയും സംഗീതം എ.ആര്.റഹ്മാന് തന്നെയാണ്. ജി.വി.പ്രകാശ്, അപർണ ബാലമുരളി, നെടുമുടി വേണു, വിനീത്, ദിവ്യ ദര്‍ശിനി എന്നിവര്‍ അഭിനയിക്കുന്നു. രവി യാദവ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് ആന്റണി. ലതയാണ് നിര്‍മ്മാതാവ്.