ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. കവിത പോലെ മനോഹരമായ ഒരു സിനിമയാണ് മായാനദിയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ല, നടക്കുന്നൊരു സംഭവത്തിനൊപ്പം പോകുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ശ്യാം പുഷ്‌ക്കറിന്റെ സംഭാഷണങ്ങള്‍ തീര്‍ത്തും സ്വാഭാവികമായി തോന്നിയെന്നു പറഞ്ഞ പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഛായാഗ്രഹണത്തെയും പ്രശംസിച്ചു. മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് മികച്ച ഛായാഗ്രഹണങ്ങളില്‍ ഒന്നാണിതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ജയേഷ് മോഹനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത വൈ എന്ന ചിത്രത്തിന്റേയും ഛായാഗ്രാഹകനാണ് ജയേഷ് മോഹൻ. ആഷിഖ് അബുവാണ് മായാനദിയെ പ്രശംസിക്കുന്ന പ്രിയദര്‍ശന്റെ വിഡിയോ തന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്.

മികച്ച അഭിപ്രായത്തോടെ ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴും കസബ വിഷയത്തില്‍ പാര്‍വതിയ്ക്ക് റിമ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സിനിമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് നേരിടേണ്ടി വരുന്നത്.

ടൊവിനോ തോമസ് ആദ്യമായി അഭിനയിക്കുന്ന ആഷിഖ് അബു ചിത്രം കൂടിയാണ് മായാനദി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആളാണ് ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മി. ശ്യാം പുഷ്‌ക്കര്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ടൊവിനോ, ഐശ്വര്യാ ലക്ഷ്മി, ലിയോണാ ലിഷോയി, ഹരീഷ് ഉത്തമന്‍, സൗബിന്‍ ഷാഹിര്‍, തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം യുവസംവിധായകരായ ബേസില്‍ ജോസഫും ലിജോ ജോസ് പല്ലിശ്ശേരിയും മായാനദിയില്‍ വേഷമിടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook