മകൾക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ വിദൂരസ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാര്യമായിരുന്നെന്ന് സംവിധായകൻ പ്രിയദർശൻ പറയുന്നു. നിയോഗം പോലെ അത്തരമൊരു അവസരം ഒരുക്കിത്തന്നത് വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ ലോകത്തിലെ എല്ലാ അച്ഛൻമാരെയും പോലെ ഞാനും എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കുകയും മകളെ ഗൈഡ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ വിദൂരമായ സ്വപ്നങ്ങളിൽ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി ഞാൻ സങ്കൽപ്പിച്ചിട്ടില്ല. എന്നാൽ വിധി അതു യാഥാർത്ഥ്യമാക്കി. കഠിനാധ്വാനത്തിന്റെ ഫലം എല്ലാവർക്കും തിരിച്ചുകിട്ടും. അതുകൊണ്ടാണ് അമ്മൂ ഞാൻ നിന്നെ കുറിച്ചോർത്ത് അഭിമാനിക്കുന്നത്. എന്താണോ നീ ചെയ്യാൻ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലർത്തൂ,” പ്രിയദർശൻ മകൾക്കായി കുറിക്കുന്നു.

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ തന്റെ ഭാഗം പൂർത്തിയായതായി കഴിഞ്ഞ ദിവസം കല്യാണി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനൊപ്പം സിനിമയിലെ തന്റെ ലുക്കും കല്യാണി ഷെയർ ചെയ്തിരുന്നു.

കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും ‘മരക്കാറി’ൽ ഒന്നിച്ച് അഭിനയിക്കുന്നു എന്ന വാർത്തയ്ക്കു പുറമെ ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. നൃത്തരംഗത്തിൽ നിന്നുള്ള ഒരു ഫോട്ടോയായിരുന്നു ഇത്. എന്തായാലും അപ്പുചേട്ടനും (പ്രണവ് മോഹൻലാൽ) കല്ല്യണികുട്ടിയും (കല്ല്യാണി പ്രിയദർശൻ) സ്ക്രീനിൽ ഒന്നിച്ചുവരാൻ കാത്തിരിക്കുകയാണ് ആരാധകരും.

Read more: കളികൂട്ടുകാർ ഒറ്റ ഫ്രെയ്മിൽ; മരക്കാറിലെ കലക്കൻ ലുക്കിൽ പ്രണവും കല്ല്യാണിയും

മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് ‘മരക്കാർ’ ഒരുങ്ങുന്നത്. ചരിത്രവും ഫിക്ഷനും ഇടകലരുന്ന രീതിയിലാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നൂറുകോടി മുതൽമുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം.

കല്യാണിയ്ക്ക് ഒപ്പം പ്രിയദർശന്റെ മകൻ സിദ്ധാർത്ഥും ചിത്രത്തിലുണ്ട്. ക്യാമറയ്ക്കു മുന്നിലാണ് കല്യാണിയെങ്കിൽ അച്ഛനൊപ്പം അണിയറയിലാണ് സിദ്ധാർത്ഥ് പ്രവർത്തിക്കുന്നത്. ‘മരക്കാറി’ൽ അസോസിയേറ്റ് ആയാണ് സിദ്ധാർത്ഥ് പ്രവർത്തിക്കുന്നത്. സാൻഫ്രാൻസിക്കോയിൽ നിന്നും വിഷ്വൽ ഇഫക്റ്റ് കോഴ്സ് ഫിനിഷ് ചെയ്ത് അച്ഛന്റെ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് സിദ്ധാർത്ഥ്. സാബു സിറിൽ ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ.

Read more: സംവിധായകന്‍, നടന്‍, ഫഹദിന്റെ അച്ഛന്‍

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ പറയുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook