തന്റെ മകനും സഹപ്രവർത്തകനും കോവിഡ് മുക്തരായെന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയെന്നുമുള്ള സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് സംവിധായകൻ പത്മകുമാർ. രോഗത്തിനെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധരായ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റെല്ലാ ആരോഗ്യ പ്രവർത്തകർക്കും ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നതായി അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

Read More: ഈ സഹായം ഒരിക്കലും മറക്കില്ല; മോദിക്ക് നന്ദി അറിയിച്ച് ട്രംപ്

പ്രിയപ്പെട്ടവരേ,

കോവിഡ്-19 ചികിത്സ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം എന്റെ മകൻ ആകാശിനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ എൽദോ മാത്യുവിനെയും കളമശ്ശേരി എംസിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.. ഈ രോഗത്തിനെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധരായ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റെല്ലാ ആരോഗ്യ പ്രവർത്തകർക്കും ഒരുപാട് നന്ദിയും സ്നേഹവും.. കൂടാതെ മുഴുവൻ ടീമിന്റെയും ക്യാപ്റ്റനോടുള്ള എന്റെ സ്നേഹം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, നമ്മുടെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ, ഞങ്ങളുടെ ജില്ലാ കലക്ടർ എസ്.സുഹാസ് തുടങ്ങി എല്ലാവർക്കും… ഇത് കേവലമൊരു നന്ദി പ്രകടനമല്ല, എന്റെ സംസ്ഥാനത്തെക്കുറിച്ചുള്ള എന്റെ അഭിമാനമാണ്. സ്വന്തം ജനതയെ ആത്മാർത്ഥമായി നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്റെ സർക്കാരിനെ കുറിച്ചുള്ള അഭിമാനമാണ്.

ഒരു വലിയ സല്യൂട്ട് !!!

എല്ലാവരും സുരക്ഷിതരായി വീട്ടിൽ തുടരണമെന്നും ഈ കാലത്തെ നമ്മൾ അതിജീവിക്കുമെന്നും പത്മകുമാർ കുറിച്ചു.

കേരളത്തിൽ ഇന്നലെ ഒൻപത് പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലുള്ള 13 പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മൂന്നുപേരുടെയും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ടുപേരുടെയും കണ്ണൂര്‍ ജില്ലയില്‍ ഒരാളുടെയും ഫലമാണ് ഇന്നലെ നെഗറ്റീവായത്.

സംസ്ഥാനത്ത് 1,40,474 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,39,725 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 749 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് പരിശോധനാകിറ്റുകള്‍ക്ക് ക്ഷാമമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നാളെ 20,000 കിറ്റ് ലഭിക്കുമെന്നും ഉറപ്പുനൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook