‘ഉയരെ’ കണ്ടിറങ്ങുമ്പോള്‍ മനസിൽ നിറഞ്ഞു നില്ക്കുക, ആ ചിത്രത്തിലെ തീം സോംഗ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന, ‘ഉയരെ… ഉയരെ’ എന്ന പാട്ടാണ്. ചിത്രത്തിന്റെ അന്തസത്തയെ മുഴുവന്‍ ആവാഹിക്കുക മാത്രമല്ല ആ ഗാനം ചെയ്തത്, ചിത്രം കാഴ്ചക്കാരുടെ മനസ്സില്‍ അവശേഷിപ്പിക്കുന്ന തിരിച്ചറിവിന്റെ, ധൈര്യത്തിന്റെ, വിട്ടുപോകലിന്റെ, ഉയര്ന്ന്നു പറക്കലിന്റെ ഒക്കെ ഉണര്ത്തുപാട്ടാവുന്നുണ്ട് ആ വരികള്‍.
‘ഉയരെ’ എന്ന സിനിമ പറഞ്ഞത് പല്ലവി എന്ന ‘ആസിഡ് അറ്റാക്ക് സര്വൈവറു’ടെ മാത്രം കഥയല്ല. ചെറുതും വലുതുമായ, ശാരീരികവും, മാനസികവും, വൈകാരികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങി ശ്വാസംമുട്ടി ജീവിക്കുന്ന ഓരോ പെൺകുട്ടിയുടെയും കഥ കൂടിയാണ്. ‘എനിക്ക് ഞാൻ ആകണം – നീ ആഗ്രഹിക്കുന്ന ഞാനല്ല, ഞാൻ ആഗ്രഹിക്കുന്ന ഞാനാകണം’ എന്ന് പറഞ്ഞു പല്ലവി നടന്നകലുമ്പോൾ, ആ പറച്ചിലും പോക്കും ഉയര്‍ത്തുന്ന ദീർഘനിശ്വാസങ്ങള്‍ ചെറുതല്ല.
“ആഗ്രഹങ്ങളും സ്വപ്നങ്ങളുമുള്ള പെണ്‍കുട്ടികളുടെ കഥയാണ് ‘ഉയരെ’. അവളെ തളര്‍ത്താന്‍ നോക്കുന്നവരുടെ മുഖത്ത് നോക്കി, ഈ ലോകം ഞങ്ങള്‍ക്ക് കുടെയുള്ളതാണെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന പെണ്‍കുട്ടികളുടെ കഥയാണ്,” സംവിധായകന് മനു അശോകന് പറയുന്നു. മലയാള സിനിമയില്‍ ഏറെക്കാലം സഹസംവിധായനായി പ്രവര്‍ത്തിച്ച മനുവിന്റെ ആദ്യ ചിത്രമാണ് ‘ഉയരെ’. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചിത്രത്തില്‍ തുടങ്ങണം എന്ന മനുവിന്റെ ആഗ്രഹം കൂടിയാണ് ബോബി-സഞ്ജയുടെ തിരക്കഥയില്‍ പൂവണിഞ്ഞത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഷെനുഗ, ഷേര്‍ഗ, ഷേഗ്ന എന്നിവരാണ് നിര്‍മ്മാതാക്കള്‍.
Uyare Movie Review Here: അതിജീവനത്തിന്റെയും ആത്മബന്ധങ്ങളുടെയും ‘ഉയരെ‘
ബാഹ്യസൗന്ദര്യം പ്രധാനമാണ്, അതിനു ഇന്നയിന്ന അളവ് കോലുകള്‍ വേണം എന്ന് നിഷ്കര്‍ഷിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അവിടെയാണ്, അതേ ആയുധം സ്ത്രീയ്ക്കെതിരെ പ്രയോഗിക്കപ്പെടുന്നത്. മുഖത്ത് ആസിഡ് ഒഴിച്ച് വിരൂപപ്പെടുത്തിയാല്, അവളുടെ ജീവിതം തീരുമെന്ന് കരുതാനാവുന്നതും അത് കൊണ്ട് തന്നെ. എന്നാല്‍ ശരിക്കും എന്താണ് സൗന്ദര്യം? ആസിഡ് വീഴ്ത്തിയാല്‍, ഒന്ന് കരിഞ്ഞുണങ്ങിയാല്‍ തീര്‍ന്നു പോകുന്ന ഒന്നാണോ അത്? അതിനപ്പുറത്തേക്ക് എന്താണ്? ഇത്തരം ചോദ്യങ്ങളുടെ ഒരു തുടര്‍ച്ചയായാണ് ‘ഉയരെ’ പിറന്നത് എന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബോബി വെളിപ്പെടുത്തുന്നു.
“ഒരു പെണ്‍കുട്ടിയുടെ മുഖസൗന്ദര്യത്തിനാണ് പലപ്പോഴും അവളുടെ വ്യക്തിത്വത്തിനേക്കാള് പ്രാധാന്യം ലഭിക്കുന്നത്. അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതോടെ അവളുടെ ആഗ്രഹങ്ങള്‍ എല്ലാം അസ്തമിക്കുമെന്നു വിശ്വസിക്കുന്നൊരു സമൂഹത്തിനെ തിരുത്താനാണ് ‘ഉയരെ’ ശ്രമിക്കുന്നത്.”
“ഞങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍ കേരളത്തില്‍ ഇതിനു വലിയ ആനുകാലിക പ്രസക്തിയുണ്ടയിരുന്നില്ല. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ന് അവസ്ഥകള്‍ മാറിയിരിക്കുന്നു. ഇത് സമൂഹം കാണണമെന്നും, തെറ്റാണെന്ന് മനസിലാക്കണമെന്നും ആഗ്രഹിച്ചു കൊണ്ട് ചെയ്തൊരു ചിത്രമാണ്,” മനു കൂട്ടിച്ചേര്‍ത്തു.

പാർവതി തിരുവോത്തിന്റെ പല്ലവി പോലെ തന്നെ പ്രധാനപെട്ട കഥാപാത്രമാണ് ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദ് . അതിശയിപ്പിക്കുന്ന സഞ്ചാരപഥമുള്ള ഒന്ന്. ഒരുപക്ഷേ ആസിഫിന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ചത്. ഗോവിന്ദിലൂടെയാണ്, മലയാളികള്‍ അധികമൊന്നും ചര്‍ച്ച ചെയ്തിട്ടില്ലാത്ത, ‘ടോക്സിക് ബന്ധങ്ങള്‍’ അനാവരണം ചെയ്യപ്പെടുന്നത്.
“പലപ്പോഴും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ അതിജീവിച്ച പെൺകുട്ടിയെ കുറിച്ചും അവരുടെ സാഹചര്യങ്ങളെ കുറിച്ചുമൊക്കെ മാത്രം കേൾക്കാറാണ് പതിവ്. എന്നാൽ ഞങ്ങൾ ഗോവിന്ദിനൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചു. അയാളെന്താണ്, അയാൾക്ക് എന്ത് ചരിത്രമാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. നോർമലായൊരു വ്യക്തിയല്ല എന്തായാലും, എന്നാലും ഇത്തരമൊരു സന്ദർഭത്തിലേക്ക് എങ്ങനെ എത്തിപ്പെടുന്നു എന്നാണ് കണ്ടെത്താൻ ശ്രമിച്ചത്,” ബോബി പറയുന്നു.
“ശ്വാസം മുട്ടിക്കുന്ന ഒരു ബന്ധം, അത് തീവ്രപ്രണയമാണെങ്കിൽ കൂടി, വേണ്ടാന്ന് വയ്ക്കുന്നതാവും ചിലപ്പോള്‍ ഉചിതം. പ്രണയം പ്രമേയമാക്കുമ്പോള്‍ ഇത്തരം ശ്വാസം മുട്ടിക്കുന്ന ബന്ധങ്ങളെയും കാട്ടേണ്ടതുണ്ടെന്ന് തോന്നി, പ്രത്യേകിച്ചും നമ്മുടെ ചുറ്റിനും ഒരുപാട് പേർ ഇത്തരം സാഹചര്യങ്ങളിൽ കൂടെ കടന്നു പോകുന്നതായി അറിയുമ്പോൾ,”അതത്ത്യാവശ്യമായി തോന്നി എന്ന് മനു.

‘ടോക്സിക്ക്’ ആയ കാമുകനെ തിരക്കഥയില്‍ ബാലന്‍സ് ചെയ്യുന്നത് എല്ലാ സന്ദര്‍ഭങ്ങളിലും മകള്‍ക്കൊപ്പം നില്കുന്ന അച്ഛനെ വച്ചാണ്. മകളുടെ മുഖത്തെ ചിരി മായുന്നത് ഇഷ്ടമല്ല എന്നു പറയുന്ന, സിദ്ദിഖ് അവതരിപ്പിച്ച രവീന്ദ്രൻ എന്ന അച്ഛൻ കഥാപാത്രം വിശ്വാസവും നിഷ്കളങ്കതയും അതീവ ഹൃദ്യമാണ്. അത് പോലെ തന്നെ ടോവിനോ തോമസ് അവതരിപ്പിച്ച വിശാല്‍ എന്ന കഥാപാത്രം. ഇരുവരും ഉള്‍പ്പെടുന്ന ഒരു വലിയ സമൂഹമാണ് പല്ലവിയുടെ അതിജീവനത്തിനു താങ്ങാവുന്നത്.
“എല്ലാ പരിമിതികളുമുള്ള ഒരു സാധാരണ അച്ഛനാണ് പല്ലവിയുടെ അച്ഛനും. എന്നാൽ അവിടെ നിന്നു കൊണ്ട് തന്റെ മകളെ അയാൾ സംരക്ഷിക്കുകയും, മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യുകയാണ്,”, മനു വ്യക്തമാക്കുന്നു.
“ചിത്രത്തിൽ ആരും തന്നെ പൂർണ്ണരല്ല, കഥയുടെ ഗതിക്കനുസരിച്ച് പരിണമിക്കുകയാണ്. പല്ലവിയും വിശാലുമൊക്കെ ചിത്രത്തിൽ ഉടനീളം ഇത്തരമൊരു മാറ്റത്തിലൂടെ കടന്നു പോകുന്നുണ്ട്. ഓരോ കഥാപാത്രത്തിനും ശരിയും തെറ്റുകളുമുണ്ട്, അതിലേത് മുന്നിട്ട് നിൽക്കുന്നു എന്നുള്ളതാണ് അവരെ കഥയുടെ ഗതി മാറ്റാൻ ഉതകുന്നവരാക്കുന്നത്,” ബോബി വിശദീകരിക്കുന്നു.
‘ഉയരെ’ ഒരു ദുരന്ത ചിത്രമാകാതെ അതിജീവന ചിത്രമാകുന്ന ‘ഫൈൻ ബാലൻസ്’ പ്രകടമാക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്താണ്. ആ ഒരര്‍ത്ഥത്തില്‍ രണ്ടാം ഭാഗം തന്നെയാണ് ‘ഉയരെ’യുടെ കാതല്‍. പല്ലവിയുടെ ദുര്യോഗമല്ല അവിടെ കാണുന്നത്, മറിച്ച്, ജീവിതത്തിലേക്കുള്ള നടന്നു കയറ്റമാണ്. ‘ചൂടുള്ള ഈ വെള്ളം മുഖത്തൊഴിക്കാന്‍ എനിക്കറിയാഞ്ഞിട്ടല്ല,’ എന്ന് ഗോവിന്ദിനോട് പറയുകയും അത് വേണ്ട എന്ന് വയ്ക്കുകയും ചെയ്യുന്ന, കണക്ക് തീര്‍ക്കാന്‍ ഒരുമ്പെട്ട്, വീണ്ടും ആ ‘viscous cycle’ളില്‍ പെടലല്ല, മുന്നോട്ടു പോകലാണ് പ്രധാനം എന്ന ചിന്തയും കൂടെയാണ്.
“കൃത്യമായ അളവിൽ, ഒരു ഡോക്യൂമെന്റേഷൻ ആയി പോകാതെ, പല്ലവിയുടെ അതിജീവനം പറയുകയായിരുന്നു ലക്ഷ്യ,”മെന്ന് മനു പറയുന്നു.
“തിരക്കഥയിലുള്ള ഒരു നിമിഷത്തെ ലാഗ് പ്രേക്ഷകർക്ക് പത്ത് മിനിറ്റ് പോലെ തോന്നാം. ഒരേ സമയം പല്ലവിയുടെ വേദനയും അതിൽ നിന്നുള്ള തിരിച്ചു വരവും വിരസതയില്ലാതെ കാണിക്കേണ്ടതുണ്ട്. ദുരിതത്തെക്കാളും അതിജീവനത്തിനാണ് തിരക്കഥയിൽ പ്രാധാന്യം നൽകിയതെന്ന്,” ബോബി കൂട്ടിച്ചേര്‍ക്കുന്നു.

അതിജീവനത്തിന്റെ കഥ പറഞ്ഞ ‘ഉയരെ’ അതിലെ നായിക പാര്‍വ്വതിയുടെ അതിജീവനത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ്. മുന്നോട്ടു വച്ച സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉളവാക്കിയ വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടു പാര്‍വ്വതി താനേ തീര്‍ന്നു പോകും എന്ന് കരുതിയവര്‍ക്കുള്ള ഒരു ചെറിയ കണക്ക് തീര്‍ക്കലാണ് ചിത്രത്തിലെ അവരുടെ പ്രകടനം.
“എന്തു തന്നെ പറഞ്ഞാലും ഇപ്പോഴും പുരുഷമേധാവിത്വമുള്ളൊരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇപ്പോഴത്തെ സ്ത്രീകൾ പണ്ടത്തെ സ്ത്രീകളെ പോലെ വീട്ടിൽ മാത്രം ഒതുങ്ങി കുടുന്നവരല്ല. ലോകമെമ്പാടും ഈ പ്രവണതകൾ മാറി വരുന്നൊരു നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നത്. അവർക്ക് ആഗ്രഹങ്ങളുണ്ട്, അഭിപ്രായങ്ങളുണ്ട്. പാർവതി ബ്രില്ല്യന്റായ ഒരു നടിയാണ്. അവരെന്ത് വിവാദത്തിൽ പെട്ടുയെന്നുള്ളത് അവരുടെ തൊഴിലുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. വിവാദങ്ങളിൽ അവരെ വിമർശിച്ചവർ തന്നെ ഇന്നവരുടെ പ്രകടനത്തിന് കയ്യടിക്കുകയാണ്,” ബോബി അഭിപ്രായപ്പെട്ടു.
Read Here: Parvathy on Uyare: ഈ ശ്രമങ്ങൾ ആരെയും അടിച്ച് താഴ്ത്താനല്ല, ഒരുമിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കാനാണ്
‘ഉയരെ’ സമർപ്പിച്ചിരിക്കുന്നത് അകാലത്തില്‍ പൊലിഞ്ഞു പോയ സംവിധായകന് രാജേഷ് പിള്ളയ്ക്കാണ്. “ഇത്രയധികം വൈകാരികമായി ‘ഉയരെ’ എങ്ങനെ ചിത്രീകരിക്കാൻ എങ്ങനെ സാധിച്ചുവെന്ന് എന്നോട് പലരും ചോദിച്ചു, അത് രാജേഷേട്ടന്റെ അടുത്ത് നിന്നാണ് പഠിച്ചത്. ‘ഉയരെ’ എന്നത് രാജേഷേട്ടനാണ്”, മനു പറഞ്ഞു നിർത്തി.