ചെന്നൈ: സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. സിനിമാ വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ കലാമൂല്യത്തിന്‌ പ്രാധാന്യം കൊടുക്കുന്ന സം‌വിധായകരിലൊരാളായിരുന്നു അദ്ദേഹം.

ആഴ്ച്ചകള്‍ക്ക് മുമ്പ് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തിയ അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് മാസം മുമ്പാണ് ലെനിന്‍ രാജേന്ദ്രനെ അപ്പോളോയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ഇന്ന് വൈകിട്ടോടെ ആരോഗ്യനില വഷളാവുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്തെ വീട്ടില്‍ നാളെ എത്തിക്കുമെന്നാണ് വിവരം.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയര്‍മാനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. 1981ല്‍ വേനല്‍ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി മികച്ച സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു. 1982ലെ ചില്ല് എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ. പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യൻ (1985), മഴക്കാല മേഘം (1985), സ്വാതി തിരുന്നാൾ (1987), ദൈവത്തിന്റെ വികൃതികൾ(1992),
മഴ (2000) തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങലും അദ്ദേഹം ഒരുക്കി. 2016ല്‍ പുറത്തിറങ്ങിയ ഇടവപ്പാതി ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രം മികച്ച സംവിധായകനും മികച്ച ചിത്രത്തിനുമുളള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു. 1996ല്‍ കുലം എന്ന ചിത്രത്തിന്‌ മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകന്‍ കൂടിയായിരുന്നു. ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ അദ്ദേഹം ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. 1985 ൽ ഇറങ്ങിയ “മീനമാസത്തിലെ സൂര്യൻ” എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്‌. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സം‌വിധായകനാണ്‌ രാജേന്ദ്രൻ.

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ “സ്വാതിതിരുന്നാൾ” എന്ന ചിത്രത്തിൽ‍ ഇതു വളരെ പ്രകടമാണ്‌ . 1992 ൽ സം‌വിധാനം ചെയ്ത “ദൈവത്തിന്റെ വികൃതികൾ” എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുറയ്യയുടെ “നഷ്ടപ്പെട്ട നീലാംബരി” എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ “മഴ” എന്ന ചിത്രം. 2003 ലെ “അന്യർ” എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വർഗീയ ധ്രുവീകരണത്തെയാണ്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook