Latest News
Live

സേതുമാധവന് വിട: മലയാള സിനിമയ്ക്ക് മൂല്യം നല്‍കിയ സംവിധായകനെന്ന് കമലഹാസന്‍

ഇന്ന് പുലര്‍ച്ചയാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കെ. എസ്. സേതുമാധവന്‍ അന്തരിച്ചത്

KS Sethumadhavan
Photo: Facebook/ K K Shailaja Teacher

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകന്മാരില്‍ ഒരാളായ കെ. എസ്. സേതുമാധവന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് സാംസ്കാരിക ലോകം. മലയാള ചലച്ചിത്ര രംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

“ശ്രദ്ധേയമായ സാഹിത്യ കൃതികൾ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാം വിധം കുടുംബസദസുകൾക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര കലയുടെ വിഷയത്തെ മനുഷ്യ കേന്ദ്രീകൃതമാക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു,” മുഖ്യമന്ത്രി പറഞ്ഞു.

“സിനിമയില്‍ പുതിയ വഴിത്തിരിവ് കൊണ്ടുവന്ന വ്യക്തിയാണ് കെ. എസ്. സേതുമാധവന്‍. മലയാള സനിമിയ്ക്ക് മൂല്യം നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കലാപരമായ നേട്ടങ്ങളുടെ പേരിൽ എന്നും അദ്ദേഹം ഓർമ്മിക്കപ്പെടും,” കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. ബാലതാരമായി സിനിമാ മേഖലയിലേക്ക് കമലഹാസന്‍ എത്തിയത് സേതുമാധവന്റെ ചിത്രത്തിലൂടെയായിരുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ സേതുമാധവന്റെ സിനിമകളുടെ പ്രത്യേകതയായിരുന്നുവെന്ന് മുന്‍ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. . 1960 കൾ മുതൽ മലയാള സിനിമാ മേഖലയിൽ ഹിറ്റുകളുടെ പരമ്പര തീർത്ത അതുല്യനായ കലാകാരനായിരുന്നു അദ്ദേഹമെന്നു ശൈലജ ടീച്ചര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചയാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കെ. എസ്. സേതുമാധവന്‍ അന്തരിച്ചത്. 90 വയസായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 1960 മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി അറുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

Also Read: സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു

Live Updates
4:42 (IST) 24 Dec 2021
പുതുമകൾ നിറഞ്ഞ സിനിമകളുടെ സംവിധാനം നിർവഹിച്ച സംവിധായകൻ: ബാബുരാജ്

അന്തരിച്ച സംവിധായകൻ കെ എസ് സേതുമാധവൻ അക്കാലത്തെ പുതുമകൾ നിറഞ്ഞ സിനിമകളുടെ സംവിധായകനാണെന്ന് നടൻ ബാബുരാജ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

“അനുഭവങ്ങൾ പാളിച്ചകൾ , ഓടയിൽ നിന്ന് , ഓപ്പോൾ ….. അങ്ങിനെ ഒത്തിരി ഒത്തിരി അക്കാലത്തെ പുതുമകൾ നിറഞ്ഞ സിനിമകളുടെ തിരക്കഥ സംവിധാനം നിർവഹിച്ച ,ഒട്ടനവധി കേന്ദ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ശ്രീ സേതുമാധവൻ സർ …..അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ..” ബാബുരാജ് കുറിച്ചു.

1:35 (IST) 24 Dec 2021
സേതുമാധവന്റെ ജീവിതം ഒരു പാഠപുസ്കം: രവി കൊട്ടാരക്കര

അന്തരിച്ച സംവിധായകന്‍ കെ എസ് സേതുമാധവന്റെ ജീവിതം പാഠപുസ്തകമാണെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി രവി കൊട്ടാരക്കര. മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് സേതുമാധവന്റെ വിയോഗമെന്നും ജീവിതത്തില്‍ ഇത്രയധികം അച്ചടക്കം പുലര്‍ത്തിയ വ്യക്തികള്‍ ചുരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

12:59 (IST) 24 Dec 2021
സെല്ലുലോയ്ഡുമായുള്ള എന്റെ പൊക്കിൾക്കൊടി ബന്ധം സ്ഥാപിച്ച എന്റെ അമ്മ; സേതുമാധവന്റെ വിയോഗത്തില്‍ സുരേഷ് ഗോപി

ആറ് വയസ്സ് പ്രായമുള്ള എന്നെ സംവിധാനം ചെയ്യുന്നതിന്റെ മധ്യേ സെറ്റിൽ എടുത്തു നടന്ന് എന്നെ ആദ്യമായി ഫ്രെയിമിലേക്ക് കൊണ്ടുവന്ന വ്യക്തി. എന്റെ അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്ത്. സെല്ലുലോയ്ഡുമായുള്ള എന്റെ പൊക്കിൾക്കൊടി ബന്ധം സ്ഥാപിച്ച എന്റെ അമ്മ. സേതുമാധവൻ സാറിന് ഒരായിരം ആദരാഞ്ജലികൾ!

https://www.facebook.com/ActorSureshGopi/posts/2221228724686399

12:15 (IST) 24 Dec 2021
കെ എസ് സേതുമാധവന്‍ ഒരു പാഠപുസ്തകമായിരുന്നു: ബാലചന്ദ്ര മേനോന്‍

അന്തരിച്ച സംവിധായകന്‍ കെ എസ് സേതുമാധവന്‍ ഒരു പാഠപുസ്തകമായിരുന്നെന്ന് ബാലചന്ദ്ര മേനോന്‍. മലയാള സിനിമയ്ക്ക് ദിശാബോധം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. പല സ്ഫോടനാത്മകമായ വിഷയങ്ങളും അദ്ദേഹം ഒതുക്കത്തോടെ കൈകാര്യം ചെയ്തു. കുടുംബ മൂല്യങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം നല്‍കിയ സംവിധായകന്‍ വെറെ ഇല്ല, ബാലചന്ദ്ര മോനോന്‍ പറഞ്ഞു.

https://www.facebook.com/News18Kerala/videos/456800775829663/

10:28 (IST) 24 Dec 2021
ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിവിന്‍ പോളി

പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്റെ നിര്യാണത്തില്‍ യുവതാരം നിവിന്‍ പോളി അനുശോചനം രേഖപ്പെടുത്തി.

https://www.facebook.com/NivinPauly/posts/455385379277575

10:13 (IST) 24 Dec 2021
മലയാള സിനിമയുടെ ഒരു അധ്യായം അവസാനിച്ചു: മഞ്ജു വാര്യര്‍

“കെ.എസ്.സേതുമാധവൻ സാറിനൊപ്പം മലയാള സിനിമയുടെ ചരിത്രത്തിലെ ഒരധ്യായം കൂടി അവസാനിക്കുകയാണ്. കമൽഹാസൻ സാറും നമ്മുടെ പ്രിയ മമ്മൂക്കയുമുൾപ്പെടെയുള്ളവരെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹം. എല്ലാം കൊണ്ടും 'ഇതിഹാസം' എന്ന വിശേഷണത്തിനർഹനായ സംവിധായക പ്രതിഭ. സിനിമയെ സാഹിത്യത്തിലേക്ക് ചേർത്തുവച്ചതിലൂടെ അദ്ദേഹം സൃഷ്ടിച്ചത് അനശ്വരമായ അഭ്ര കാവ്യങ്ങളാണ്. അകലെ നിന്നു മാത്രം കണ്ട്, ആരാധിച്ച പിതാമഹന് പ്രണാമം. ഓർമകൾക്ക് മരണമില്ല,” മഞ്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

10:11 (IST) 24 Dec 2021
‘സേതു സാറിന്’ ആദരഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി

സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്ജലികൾ

https://www.facebook.com/Mammootty/posts/473049630851710

10:09 (IST) 24 Dec 2021
മലയാള സിനിമയെ മാറ്റത്തിന്റെ പാതയില്‍ നയിച്ചയാള്‍: മോഹന്‍ലാല്‍

“മലയാള സിനിമയെ മാറ്റത്തിൻ്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരന്‍ ശ്രീ കെ.എസ് സേതുമാധവന്‍ സാറിന് ആദരാഞ്ജലികള്‍. മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ തൻ്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു. സാറിൻ്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം,” മോഹന്‍ലാല്‍ പറഞ്ഞു.

https://www.facebook.com/ActorMohanlal/posts/478490700310867

Web Title: Director ks sethumadhavan passed away condolences live updates

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express