ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ.എസ്.സേതുമാധവന് അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1960 മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി അറുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
മികച്ച സംവിധായകനുള്ള കേരള സര്‍ക്കാരിന്റെ പുരസ്കാരം നാല് തവണ ലഭിച്ചു. അരനാഴിക നേരം (1970), കരകാണാക്കടല്‍ (1971), പണിതീരാത്ത വീട് (1972), ഓപ്പോള് (1980) എന്നിവയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയ ചിത്രങ്ങള്‍. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം രണ്ട് തവണ ലഭിച്ചു. 2009 ല്‍ ജെ.സി.ഡാനിയല്‍ പുരസ്കാരം നല്കി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചു.
പത്ത് ദേശീയ പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. വിവിധ ഭാഷകളിലായി മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ആറ് തവണ ലഭിച്ചു, മലയാളം (4), തമിഴ് (1), തെലുങ്ക് (1). 1990 ല്‍ മറുപക്കത്തിന് മികച്ച സിനിമയ്ക്കും, തിരക്കഥയ്ക്കുമുള്ള പുരസ്കാരവും ലഭിച്ചു. 1980 ല്‍ മികച്ച രണ്ടാമത്തെ ചിത്രമായി ഓപ്പോള് തിരഞ്ഞടുക്കപ്പെട്ടു.
1961 ല്‍ പുറത്തിറങ്ങിയ ജ്ഞാന സുന്ദരിയാണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. തെലുങ്കിലായിരുന്നു അവസാനമായി അദ്ദേഹം സംവിധാനം ചെയ്തത്. സ്ത്രീ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം ചിത്രത്തിന് ലഭിച്ചു. അനുഭവങ്ങള്‍ പാളിച്ചകള്‍, ഓടയില്‍ നിന്ന്, അഴകുള്ള സെലീന, പണിതീരാത്ത വീട്, അടിമകള്‍, ഓപ്പോള്, ചട്ടക്കാരി തുടങ്ങിയവയാണ് പ്രശസ്ത സിനിമകള്‍.
Also Read: Madhuram Movie Review & Rating: സ്നേഹത്തിന്റെ മധുരം കിനിയുമ്പോൾ; ‘മധുരം’ റിവ്യൂ