/indian-express-malayalam/media/media_files/uploads/2018/04/big-b-kamal-1.jpg)
നടി പാര്‍വതിക്ക് പിന്നാലെ മമ്മൂട്ടി ചിത്രത്തിലെ സംഭാഷണത്തെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍ രംഗത്തെത്തി. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തില്‍ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണത്തിനെതിരെയാണ് കമലിന്റെ വിമര്‍ശനം. സംഭാഷണം തെറ്റിദ്ധാരണ ജനകമാണെന്നാണ് കമലിന്റെ ആരോപണം.
'കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, പക്ഷെ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്' എന്നാണ് സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു ഡയലോഗിലൂടെ വളരെ തെറ്റായൊരു സന്ദേശമാണ് പുതിയ തലമുറയ്ക്ക് സിനിമ നല്‍കുന്നതെന്ന് കമല്‍ പറയുന്നു.
'കൊച്ചി പഴയ കൊച്ചിതന്നെയാണ്. ഗ്രാമഫോണ്‍ എന്ന ചിത്രം ഞാന്‍ മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. പക്ഷെ മട്ടാഞ്ചേരിക്കാര്‍ എന്നോട് പൂര്‍ണമായി സഹകരിച്ചു. പിന്നീട് കണ്ടപ്പോള്‍ ചില സുഹൃത്തുക്കള്‍ ഗ്രാമഫോണിനെക്കുറിച്ച് പറഞ്ഞത് തങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സിനിമയാണ് ഗ്രാമഫോണ്‍ എന്നായിരുന്നു. അത് ആ സിനിമയുടെ മഹത്വം കൊണ്ടല്ല, ആ സിനിമയില്‍ മാത്രമാണ് ക്വട്ടേഷന്‍ സംഘത്തെ കാണാത്തൊരു മട്ടാഞ്ചേരിയുള്ളത് എന്നായിരുന്നു,' കമല്‍ പറയുന്നു.
ഫോര്‍ട്ടുകൊച്ചിയിലെ ഇസ്‌ലാമിക് ഹെറിറ്റേജ് സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു കമല്‍. ഉദ്ഘാടനപ്രസംഗത്തിനിടെയായിരുന്നു അദ്ദേഹം സംഭാഷണത്തെ വിമര്‍ശിച്ചത്.
നേരത്തെ മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ച് നടി പാര്‍വ്വതിയും രംഗത്തെത്തിയിരുന്നു. ഡിസംബറില്‍ തിരുവനന്തപുരത്ത് വച്ചു നടന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിലായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നും പാര്‍വ്വതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പാര്‍വ്വതിക്കെതിരെ ക്രൂരമായ സൈബര്‍ ആക്രമണമായിരുന്നു നടന്നത്. സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ ബലാത്സംഗ ഭീഷണിയും, കൊലപാതക ഭീഷണിയും വരെ മുഴക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.