‘മലയാള സിനിമയുടെ പെരുന്തച്ചന്‍’ എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിശേഷിപ്പിക്കുന്ന ആളാണു മണ്മറഞ്ഞ നടന്‍ തിലകൻ. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ പകരം വയ്ക്കാനാവാത്ത അഭിനയ പ്രതിഭ. പുതുതലമുറയിൽ ശ്രദ്ധേയനായ ചെമ്പൻ വിനോദിനെ തിലകനോട് ഉപമിക്കുകയാണ് പ്രശസ്ത സംവിധായകൻ ജോഷി.

“ഒരു സിനിമ ബോധ്യപ്പെട്ട ശേഷമേ ചെമ്പൻ വിനോദ് അഭിനയിക്കൂ. അതൊരു നല്ല നടന്റെ ലക്ഷണമാണ്. തിലകനിൽ കണ്ട പ്രതിഭ ചെമ്പൻ വിനോദിൽ​ എനിക്ക് കാണാൻ കഴിയുന്നുണ്ട്,” ജോഷി പറയുന്നു. ‘വനിത’ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോഷി.

ജോഷിയുടെ പുതിയ ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ൽ പ്രധാന കഥാപാത്രമായെത്തുന്നത് ചെമ്പനാണ്. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിടുമ്പോഴായിരുന്നു ചെമ്പൻ വിനോദിനെ കുറിച്ചുള്ള പരാമർശം.

chemban vinod jose

ഒരിടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിൽ ചെമ്പൻ വിനോദിനൊപ്പം ജോജു ജോർജും നൈല ഉഷയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്‌ കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വി ക്രീയേഷൻസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്തും നിർവ്വഹിച്ചിരിക്കുന്നു. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Read more: ‘ഈ മ യൗ’വിന് വീണ്ടും പുരസ്കാരനേട്ടം; രൺവീർ സിംഗിനൊപ്പം അവാർഡ് പങ്കിട്ട് ചെമ്പൻ വിനോദ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook