ജയരാജിന്റെ നവരസശ്രേണീസിനിമകളിലെ അഞ്ചാമത്തേതാണ് ‘വീരം’. ഹോളിവുഡ്
സാങ്കേതികതയുടെ മികവോടെ , മുപ്പത്തഞ്ചുകോടി ചെലവഴിച്ച് , ഷെയ്ക്‌സ്പിയറിന്റെ ‘മാക്‌ബെത്ത’ിലെ കഴുകിയാല്‍ മായാത്ത കുറ്റബോധത്തിന്റെ കറ ഇറ്റിറ്റ് പുത്തൂരം വീടിന്റെ അങ്കത്തട്ടിലേക്ക് വീഴുമ്പോള്‍ ‘വീരം’ ആയി.

പാടിപ്പതിഞ്ഞ കഥകളാണ് വടക്കന്‍ പാട്ടും മാക്‌ബെത്തും. ഇത്തവണ പാണന്‍ സംവിധായകന്‍ ജയരാജാണ്. പതിമൂന്നാം നൂറ്റാണ്ടിലെ ഈ കഥ പാടി നേരത്തേ വന്നുപോയിട്ടുണ്ട് പല പാണന്മാരും. ഓരോരുത്തരും പാടുമ്പോള്‍ പാട്ടിന്റെ ഈണങ്ങളില്‍ വ്യത്യാസമുണ്ടാവുന്നു. ഓരോ ആങ്കിളില്‍ നിന്നു നോക്കുമ്പോള്‍ കഥക്കാഴ്ചകളോരോന്നും മാറുന്നു. പക്ഷേ കേന്ദ്രബിന്ദു എപ്പോഴും അങ്കത്തട്ടാണ്.

ഉണിക്കോനാരുടെയും ഉണിച്ചന്ത്രോരുടെയും മൂപ്പിളമത്തര്‍ക്കത്തിന് തീര്‍പ്പു കല്പിക്കാന്‍ ആദ്യം കോഴിയങ്കം, പിന്നെ ആളങ്കം. ഉണിക്കോനാര്‍ക്കു വേണ്ടി പുത്തൂരം ആരോമല്‍ച്ചേകവരും ഉണിച്ചന്ത്രോര്‍ക്കു വേണ്ടി അരിങ്ങോടരും. അധികാരമോഹത്തില്‍ പെട്ട ആരോമലിന്റെ പടക്കുറുപ്പ് എളന്തളര്‍ മഠത്തിലെ ചന്തു, ജീവിതവിജയമെന്നയാള്‍ നിനയ്ക്കുന്ന അവസ്ഥകളിലേക്ക് അവനവനെ എത്തിക്കാന്‍ നടത്തുന്ന കുതന്ത്രങ്ങളാണ് കഥ. എല്ലാ അങ്കത്തട്ടുകളിലെയും ചുരികമുഴക്കങ്ങളില്‍ ചതിയും കാമവും പ്രണയവും അധികാരമോഹവും തന്നെയാണ് പതിയിരിക്കുന്നത്.

അങ്കത്തട്ടുകളില്ലാതെ ഭൂമിയില്‍ ജീവിതങ്ങളൊന്നും ഉണ്ടാകുന്നുമില്ല. വടക്കന്‍പാട്ടിലെ പുത്തരിയങ്കക്കഥയില്‍ താനാടുന്ന മനോധര്‍മ്മത്തിന് ജയരാജ് മുന്‍കൂര്‍ജാമ്യമെടുക്കുന്നുണ്ട്. രണ്ടാം പകുതി ഏതാണ്ട് മുഴുവനായും മാക്‌ബെത്താണ്. തുളുനാടന്‍ കാടും മഴയും മല കടന്നു വരികയും All the perfumes of Arabia will not sweeten this little hand എന്നും Looks like the innocent flower under it എന്നും sleep no more എന്നും Tomorrow and tomorrow and tomorrow keeps in this little pace from day to day to the last syllable of recorded time എന്ന് ചന്തുവിനെക്കൊണ്ടും കുട്ടിമാണിയെക്കെണ്ടും പറയിപ്പിച്ച് വീരം മുന്നേറുമ്പോള്‍ foul is fair, fair is foul എന്ന് മക്‌ബെത്തിലെ ദുര്‍മന്ത്രവാദിനികളുടെ അരുളപ്പാട് ചന്തുവിന്റെ മനസാക്ഷിയില്‍ തുളകള്‍
വീഴ്ത്തി കയറിപ്പറ്റുന്നു..അങ്കത്തട്ടിലെ നേരിലും നെറിയിലും പിടിച്ചുനിൽക്കാനാവാതെ മോഹാസക്തികളില്‍ ആടിയുലയുന്ന ചന്തു ,ക്രമേണ കാണികളോരോരുത്തരും ആവുന്നിടത്ത് വീരം മനസ്സില്‍ പതിയുന്നു.

സ്വന്തം മനസ്സു കൊതിക്കുന്നതെന്താണന്നു തിരിച്ചറിയാതെ മറ്റുള്ളവരുടെ അരുളപ്പാടുകള്‍ക്കനുസരിച്ചാടി ഒടുക്കം അവിടെയും ഇവിടെയും എവിടെയും എത്താതെ പോകുന്ന മനുഷ്യരായി ചന്തുവും മാക്‌ബെത്തും കൈ കോര്‍ക്കുമ്പോള്‍ അവര്‍ക്ക് നമ്മളിലോരോരുത്തരുടെയും ഛായയാണെന്നുള്ളിടത്താണ് വീരത്തിന്റെ പ്രസക്തി. നമ്മളെ പൊതിയുന്ന കാലത്തിനു നേര്‍ക്കു വച്ച കണ്ണാടിയാണ് വീരം. എല്ലാം നേടി എന്നു വിചാരിച്ച് വിജയാട്ടഹാസങ്ങളും മുഴക്കിക്കഴിയുമ്പോഴാണറിയുന്നത് മുഷ്ടിക്കുള്ളില്‍ ഭദ്രമാണെന്നു വിചാരിക്കുന്നതോരോന്നും വാനപ്രസ്ഥത്തിന്റെ നടകല്ലുകളില്‍ വച്ച് കൈയില്‍ നിന്നു കൊഴിഞ്ഞുപോവുകയാണ് ജീവിതത്തിലെ പതിവെന്നും ഉറക്കം ഒരു പെരുംമോഹമായിത്തീരുന്ന കാലത്തിന്റെ ഒറ്റയടിപ്പാത മാത്രമേ ഒടുക്കം കൂട്ടുവരാനുള്ളൂ എന്നും.

മോഹങ്ങളുടെ നിഷ്ഫലത നന്നായാടി അഭിനയിച്ചത് ചന്തുവോ മാക്‌ബെത്തോ എന്നുള്ളതല്ല അതിലൊക്കെയും കാണുന്നത് നമ്മുടെ തന്നെ പല നേരത്തെ പല പല ഛായകളാണല്ലോ എന്ന തിരിച്ചറിവ് ഗ്രസിച്ചതു കൊണ്ടാവാം വീരത്തിനു മുന്നില്‍ ജനം ശ്വാസമടക്കിപ്പിടിച്ചിരുന്നത്, ആരും മൊബൈലുകള്‍ തെളിക്കാതിരുന്നത്, ആരും പോപ്പ്‌കോണിലേക്ക് തിരിയാതിരുന്നത്. ഉപ്പും ചവര്‍പ്പും എരിയും പുളിയും ഓരോ ഫ്രെയിമിലും കാഴ്ചയായും ശബ്ദമായും നിറഞ്ഞുകവിയുമ്പോള്‍ തിയേറ്ററിലെ ജനം ശാന്തരാകുന്നത് ആണ് സിനിമ സമ്മാനിച്ച ഏറ്റവും നല്ല ഫ്രെയിം. എല്ലാം വീരവും ശാന്തത്തിലൊടുങ്ങാനുള്ളതാണ് എന്ന സന്ദേശം എത്തേണ്ടിടത്തെത്തിയതുപോലെ തോന്നി സിനിമ കണ്ടിറങ്ങിയപ്പോള്‍. തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇതുവരെ മലയാളം കണ്ടുപരിചയിച്ച മുഖങ്ങളെ തിരഞ്ഞെടുക്കാതിരുന്നതിനാണ് ജയരാജ് ഏറ്റവും വലിയ കൈയടി
അര്‍ഹിക്കുന്നത്.

കുനാല്‍ കപൂറിന്റെ ചന്തുവും ഹിമാര്‍ഷ വെങ്കടസ്വാമിയുടെ ഉണ്ണിയാര്‍ച്ചയും മലയാളി മെയ്‌ലാവണ്യത്തിലോ മെയ്ക്കരുത്തിലോ നിന്നല്ല ഇംഗ്ലീഷ് അക്ഷരങ്ങളുടെ നീളൻ സൗന്ദര്യസങ്കല്പങ്ങളില്‍ നിന്നാണ് ഉടലെടുത്തിരിക്കുന്നത് എന്നു പറയാം. ബാക്കിയെല്ലാവരും തന്നെ മലയാളാക്ഷരങ്ങള്‍ പോലെ ഒട്ടൊന്നു കുറുകി ഉരുണ്ടവര്‍. കുനാല്‍, ആസക്തികളാല്‍ ആടിയുലയുന്ന ചന്തുവിന്റെ കത്തലും കത്തിയമരലും എല്ലാം നന്നായി ആടിയഭിനയിച്ചു. വീരത്തില്‍ പകയും പോരും എല്ലാം ആളിക്കത്തിക്കുന്നവര്‍ പെണ്ണുങ്ങളാണ്. ശരീരവശ്യതയാണ് ഉണ്ണിയാര്‍ച്ചയും കുട്ടിമാണിയും, തങ്ങളുടെ ചുരികകള്‍ തിളക്കാനുപയോഗിക്കുന്ന എണ്ണ. മനസ്സുറപ്പു പോരാത്തവര്‍, തനിക്കു വേണ്ടെന്തെന്നറിയാത്തവര്‍ ആണ് എപ്പോഴും എണ്ണത്തിളക്കങ്ങളില്‍ വീണുപോകുന്നത്. എണ്ണകളല്ല അവരെ വീഴ്ത്തുന്നത്, എണ്ണ മാത്രം കാണുന്ന തരത്തിലുള്ള അവരുടെ കാഴ്ചാവൈകല്യങ്ങളാണ്.

ചന്തു വീഴുമ്പോൾ ഉണ്ണിയാര്‍ച്ചയിലെ പെണ്ണ് പിടയുന്നുണ്ട്. കുട്ടിമാണിയും പ്രണയവതിയാണ്. ചന്തുവിനാണ് അറിയാത്തത് തനിക്കാരോടാണ് പ്രണയമെന്ന്. ആരോമല്‍ ചേകവര്‍ ആകുന്നത് ശിവജിത് നമ്പ്യാര്‍, കുട്ടിമാണിയാകുന്നത് ദിവിതാ താക്കൂറും അരിങ്ങോടരാകുന്നത് ആരല്‍ ചൗധരിയും . എടുത്തു പറയേണ്ടത് പാടിനടക്കുന്ന പാണനായി വന്നുപോകുന്ന അതുലിനെയാണ്. പാട്ടുകാരനായും വിദൂഷകനായും മനുഷ്യനായും വന്നുപോകുന്ന ഈ പാണന്റെ മനസ്സും രൂപവും ഭാവങ്ങളുമെല്ലാം കുനാലിന്റെ നീണ്ടുരുണ്ട ഗാംഭീര്യത്തിനുമപ്പുറത്തേക്ക് നീളുന്ന കാഴ്ചയുണ്ട് ഇതില്‍.

ക്യാമറ എസ്.കുമാര്‍. കളരിപ്പയറ്റിലെ രൗദ്രവും ആകാംക്ഷയുമെല്ലാം എല്ലോറയുടെയും ഫത്തേപ്പൂര്‍ സിക്രിയുടെയും പശ്ചാത്തലത്തില്‍ ഉരുക്കുനിറത്തില്‍ ഉള്ളിലേക്കു വീണു തിളങ്ങും. മഴമൂര്‍ച്ചകളും അങ്കച്ചുവടുകളുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ മുന്നിലുരുത്തിരിയുന്നത് കാഴ്ചയുടെ വാള്‍ത്തെലപ്പൊട്ടുകള്‍. എഡിറ്റിങ് അപ്പു ഭട്ടതിരി. കൃത്യത്തിനപ്പുറത്തേക്ക് സിനിമ നീളാത്തതിന് നന്ദി അദ്ദേഹത്തിനാണ്. ജെഫ് റോണയാണ് സംഗീതം. we will rise എന്ന വരികളുടെ ഈണവുമായി ഓസ്‌കാറിലെ ഒറിജിനല്‍ സോങ് കാറ്റഗറിയില്‍ എത്തിയതിന്റെ മികവു കൂടിയുണ്ട് വീരത്തിന്. മലയാളം വരികള്‍ കാവാലത്തിന്റേത്. കാവാലത്തിന്റെ വരികളില്‍ സംഗീതം നിറച്ചിരിക്കുന്നത് എം.കെ.അര്‍ജുനന്‍ മാഷാണ്. കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്ന കുമാര്‍ എടപ്പാള്‍, പ്രീതാ കെ.നമ്പ്യാര്‍, പൂര്‍ണ്ണിമ ഓക് എന്നിവരുടെ മികവ് വീരത്തിലെ കളരിപ്പയറ്റന്തരീക്ഷത്തെ ഭദ്രമാക്കുന്നു.

വടക്കന്‍കേരളത്തിലെ ഭാഷയാണ് ഈ സിനിമ പറയുന്നത് എന്നതോ പല വാക്കുകളും ഇന്ന് നിലവിലില്ലാത്തതാണ് എന്നതോ ഒന്നും ഈ സിനമയ്‌ക്കൊപ്പം ഒഴുകുമ്പോള്‍ നമ്മളറിയുന്നില്ല എന്നതും വീരത്തിന്റെ ഭംഗിയാണ് . 

വടക്കേ മലബാറിന്റെ അനുഷ്ഠാന കലാരൂപങ്ങളിലൊന്നായ തെയ്യത്തിന്റെ മുഖത്തെഴുത്തിന്റെ കടുംനിറക്കൂട്ടുകള്‍, പടപ്പോരാളികളുടെ ക്രൗര്യവും വീറും വാശിയും എടുത്തെടുത്തു കാണിക്കാനുപകരിക്കുന്നുമുണ്ട്.

വീരം കാണാന്‍ വടക്കന്‍പാട്ടോ മക്‌ബെത്തോ അറിയണമെന്നില്ല എന്നു വരുന്നിടത്തുവച്ച് , അതായത് ഇത് എന്റെയും നിങ്ങളുടെയുമൊക്കെ വെറും ജീവിതമാണ് എന്ന തോന്നല്‍ തരുന്നയിടത്തു വച്ചാണ് വീരം വിജയിക്കുന്നത്..അതുതന്നെയാണ് ജയരാജിന്റെ ജയവും..

-കല്യാണി

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ