വ്യത്യസ്തമായ ശൈലിയിലൂടെയും സംവിധാന രീതിയിലൂടെയും മലയാള സിനിമയിൽ എന്നും വേറിട്ടു നിൽക്കുന്ന സംവിധായകനാണ് ഐ.വി.ശശി. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരുപാട് ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. 150 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായി വളർന്നതിൽ ഐ.വി.ശശിക്ക് വളരെയേറെ പങ്കുണ്ട്. മോഹൻലാലിന് തന്റെ കരിയറിലെ ബ്രേക്ക് നൽകിയ ചിത്രം ‘ഇനിയെങ്കിലും’ സംവിധാനം ചെയ്തത് ഐ.വി.ശശിയായിരുന്നു. അതുപോലെ മമ്മൂട്ടിയെ ആദ്യമായി നായകനായതും ഐ.വി.ശശിയുടെ ‘തൃഷ്ണ’ എന്ന ചിത്രത്തിലൂടെയാണ്. ഐ.വി.ശശിയ്ക്കൊപ്പം 35 ലധികം സിനിമകളിൽ മമ്മൂട്ടി ഒന്നിച്ചിട്ടുണ്ട്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ദേവാസുരം’ സംവിധാനം ചെയ്തതും ഐ.വി.ശശിയായിരുന്നു. ഐ.വി.ശശിയുടെ ചില ഹിറ്റ് ചിത്രങ്ങളിലൂടെ…
അവളുടെ രാവുകൾ (1978)
ഐ.വി.ശശി എന്ന പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ചിത്രമാണ് അവളുടെ രാവുകൾ. മലയാളത്തിൽ ആദ്യമായി എ ഗ്രേഡ് സർട്ടിഫിക്കറ്റ് (അഡൽസ് ഒൺലി) ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ. ലൈംഗികതയുടെ പേരിൽ ആദ്യം ചിത്രം ഏറെ വിമർശിക്കപ്പെട്ടുവെങ്കിലും പിന്നീട് മികച്ച ചിത്രമെന്ന് വിലയിരുത്തപ്പെട്ടു.
ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സീമയായിരുന്നു ചിത്രത്തിൽ ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലെത്തിയത്. സീമ ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു അവളുടെ രാവുകൾ. അന്നുവരെ നൃത്തരംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശാന്തി എന്ന നർത്തകിയെ സംവിധായകൻ ഐ.വി.ശശി സീമ എന്ന പേരിൽ മലയാള സിനിമയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. പല നടിമാരും ഏറ്റെടുക്കാൻ വിസമ്മതിച്ച കഥാപാത്രം സീമ ഏറ്റെടുത്ത് മികവുറ്റതാക്കുകയും മലയാളത്തിലെ മുൻനിര നടിയായി സീമ വളരുകയും ചെയ്തു. ഒടുവിൽ ഐ.വി.ശശിയുടെ ജീവിത സഖിയായും സീമ മാറി.
രവി കുമാർ, സുകുമാരൻ, തോപ്പിൽ ഭാസി, ബഹദൂർ, കവിയൂർ പൊന്നമ്മ, ഉമ്മർ, സോമൻ, മാള അരവിന്ദൻ, ജനാർദനൻ, ശങ്കരാടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ‘രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല’ എന്ന എസ്.ജാനകി പാടിയ ചിത്രത്തിലെ ഗാനം ഇന്നും മലയാളികൾ ഏറ്റു പാടുന്നുണ്ട്. മലയാളത്തിൽ ഹിറ്റായ ചിത്രം പിന്നീട് തമിഴ്, ഹിന്ദി ഭാഷകളിലും പുറത്തിറക്കി.
അങ്ങാടി (1980)
ജയനും സീമയും ഒന്നിച്ചെത്തിയ അങ്ങാടി ഐ.വി.ശശിയുടെ കരിയറിലെ മറ്റൊരു മികച്ച ചിത്രമായിരുന്നു. 1980 കളിലെ ബ്ലോക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായിരുന്നു അങ്ങാടി. ടി.ദാമോദരൻ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സുകുമാരൻ, അംബിക എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. യേശുദാസും എസ്.ജാനകിയും ചേർന്ന് പാടിയ ‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ’ എന്ന ഗാനം ഇന്നും മലയാളികളുടെ ചുണ്ടിലുണ്ട്.
തൃഷ്ണ (1981)
മമ്മൂട്ടി ആദ്യമായി നായകനാവുന്നത് ഐ.വി.ശശി സംവിധാനം ചെയ്ത ‘തൃഷ്ണ’ എന്ന ചിത്രത്തിലൂടെയാണ്. തുടർന്നിങ്ങോട്ട് ഐ.വി.ശശി-മമ്മൂട്ടി കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ പിറന്നു. ഐ.വി.ശശിയുടെ 35 ലധികം ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചു. എം.ടി.വാസുദേവൻ ആയിരുന്നു തൃഷ്ണയുടെ കഥയും തിരക്കഥയും എഴുതിയത്. മമ്മൂട്ടിക്കു പുറമേ രാജലക്ഷ്മി, സ്വപ്ന, കവിയൂർ പൊന്നമ്മ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.
ആൾക്കൂട്ടത്തിൽ തനിയെ (1984)
മമ്മൂട്ടിയെ നായകനാക്കി 1984 ൽ ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആൾക്കൂട്ടത്തിൽ തനിയെ. സീമയായിരുന്നു ചിത്രത്തിലെ നായിക. മോഹൻലാൽ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയിരുന്നു. രാജൻ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ മുറപ്പെണ്ണായ അമ്മുക്കുട്ടി എന്ന കഥാപാത്രത്തെയാണ് സീമ അവതരിപ്പിച്ചത്. ഉണ്ണിമേരി, ബാലൻ കെ.നായർ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷം ചെയ്തത്.
അടിയൊഴുക്കുകൾ (1984)
മമ്മൂട്ടിയും മോഹൻലാലും സീമയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു അടിയൊഴുക്കുകൾ. ചിത്രം വൻ ഹിറ്റായിരുന്നു. എം.ടി.വാസുദേവൻ നായരുടേതായിരുന്നു ചിത്രത്തിന്റെ കഥ. കരുണൻ എന്ന കഥാപാത്രം മികവുറ്റതാക്കിയതിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുളള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. റഹ്‌മാൻ, മേനക, വിൻസെന്റ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഗാനങ്ങൾ ഇല്ലാത്ത ചിത്രം എന്ന പ്രത്യേകതയും അടിയൊഴുക്കിനുണ്ട്.
ആവനാഴി (1986)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഐ.വി.ശശി സംവിധാനം ചെയ്ത ആവനാഴി. ബെൽറാം എന്ന പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. ഗീത, സീമ, സുകുമാരൻ, ക്യാപ്റ്റൻ രാജു, ജനാർദനൻ, ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവച്ചു. മലയാളത്തിൽ വൻ ഹിറ്റായിരുന്നു ചിത്രം. ആവനാഴി പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും പുറത്തിറക്കി.
നീലഗിരി (1991)
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഐ.വി.ശശി ഒരുക്കിയ ചിത്രമായിരുന്നു നീലഗിരി. രഞ്ജിത്തായിരുന്നു ചിത്രത്തിന്റെ കഥ എഴുതിയത്. മധുബാലയായിരുന്നു ചിത്രത്തിലെ നായിക. ബോക്സോഫിസിൽ ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വൻ ഹിറ്റായിരുന്നു.
ദേവാസുരം (1993)
1990 കളിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കി ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരം. മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദേവാസുരം. രഞ്ജിത് ആയിരുന്നു ചിത്രത്തിന് തിരക്കഥ എഴുതിയത്. മംഗലശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. രേവതി ആയിരുന്നു ചിത്രത്തിലെ നായിക. ഭാനുമതി എന്ന രേവതിയുടെ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെട്ടു. തമിഴ് നടൻ നെപ്പോളിയന്റെ മുണ്ടക്കൽ ശേഖരൻ ആയിരുന്നു ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രം.
വർണപ്പകിട്ട് (1997)
മോഹൻലാലിനെ നായകനാക്കി 1997 ൽ ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രമാണ് വർണപ്പകിട്ട്. ചിത്രം വൻ വിജയമായിരുന്നു. മീനയും ദിവ്യ ഉണ്ണിയുമായിരുന്നു ചിത്രത്തിലെ നായികമാർ.