അമേരിക്കയിലെ ടെലിവിഷൻ ഇൻഡസ്ട്രിയിലുള്ളവർക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ​​ എമ്മി അവാർഡ് വേദി അപ്രതീക്ഷിതമായ ഒരു വിവാഹാഭ്യാർത്ഥനയ്ക്ക് കൂടി വേദിയായി. ഓസ്കാർ അവാർഡ്, ഗ്രാമി അവാർഡ്‌ എന്നിവയ്ക്ക് തത്തുല്യമായിട്ടാണ് എമ്മി അവാർഡിനെ കരുതപ്പെടുന്നത്.

‘ദ് ഓസ്‌കര്‍സ്’ ലൂടെ വെറൈറ്റി സ്‌പെഷ്യല്‍ സംവിധായകനുള്ള എമ്മി പുരസ്കാരം നേടിയ ഗ്ലെന്‍ വെയ്‌സ് ആണ് അവാർഡ് വേദിയിൽ വെച്ച് തന്റെ ഗേൾഫ്രണ്ടായ യാൻ വെൻസെന്നിനെ ജീവിതത്തിലേക്ക് ക്ഷണിച്ച് വേദിയെ പ്രണയാതുരനാക്കിയത്. എമ്മി അവാർഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു വേദിയിൽ വെച്ച് ഇത്തരമൊരു വിവാഹാഭ്യര്‍ഥന അരങ്ങേറിയത്.

അവാർഡ് സ്വീകരിച്ചതിനു ശേഷമുള്ള പ്രസംഗനിടെയായിരുന്നു ഗ്ലെന്‍ വെയ്‌സിന്റെ അപ്രതീക്ഷിതമായ പ്രപ്പോസൽ. തന്റെ പെൺമക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഗ്ലെൻ തന്റെ പ്രസംഗം തുടങ്ങിയത്. രണ്ടാഴ്ച മുൻപ് മരിച്ചുപോയ അമ്മയെ കുറിച്ചായി പിന്നെ സംസാരം, ” എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തകർന്നു പോയിരിക്കുന്നു, എന്നെങ്കിലും അത് പഴയ പോലെ ആകുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ അമ്മ എന്റെ ഉള്ളിൽ തന്നെയുണ്ട്, എപ്പോഴും എന്റെ മനസ്സിൽ തന്നെയുണ്ടാകും”, വികാരഭരിതനായിരുന്നു ഗ്ലെൻ.

“അമ്മ എപ്പോഴും പറയുമായിരുന്നു നിന്റെ സൺഷൈനിനെ കണ്ടെത്തൂ” എന്ന് പറഞ്ഞ ഗ്ലെൻ സദസ്സിലിരിക്കുന്ന യാനിനെ, “എന്റെ ജീവിതത്തിന്റെ സൺഷൈൻ” എന്നാണ് വിശേഷിപ്പിച്ചത്. “ഞാനെന്താണ് നിന്നെ ഗേൾഫ്രണ്ട് എന്നു വിളിക്കാത്തെന്ന് നീ അത്ഭുതപ്പെടുന്നുണ്ടാകും, കാരണം എനിക്ക് നിന്നെ എന്റെ ഭാര്യയെന്നു വിളിക്കാനാണ് ഇഷ്ടം,” യാനിനെ നോക്കി ഗ്ലെൻ തുടർന്നു.

ഗ്ലെന്നിന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനം അത്ഭുതത്തോടെയാണ് സദസ്സ് കേട്ടത്. ഗ്ലെനിന്റെ പ്രഖ്യാപനം കേട്ട യാൻ വെൻസെൻ അത്യാഹ്ലാദത്തോടെ സ്റ്റേജിലേക്ക് എത്തി. വേദിയിൽ എത്തിയ യാനിനു മുന്നിൽ മുട്ടിലിരുന്നായിരുന്നു ഗ്ലെന്നിന്റെ പ്രണയാഭ്യർത്ഥന, “ഈ സദസ്സിനെയും എന്റെ അമ്മയേയും നിന്റെ മാതാപിതാക്കളെയും സാക്ഷി നിർത്തി 67 വർഷം മുൻപ് എന്റെ ഡാഡ് മമ്മയെ അണിയിച്ച ഈ മോതിരം നിന്റെ കൈകളിൽ​​​ അണിയിക്കാൻ ഞാനാഗ്രഹിക്കുന്നു. യാൻ, വിൽ യു മാരി മി?”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook